ADVERTISEMENT

യാത്രകൾ ചിലർക്കു ജീവവായു പോലെയാണ്. പരിചിതരല്ലാത്ത മനുഷ്യർ, പുത്തനനുഭവങ്ങൾ, വേറിട്ട കാഴ്ചകൾ എന്നിങ്ങനെ ഒരുപിടി മനോഹര നിമിഷങ്ങൾ ഓരോ യാത്രയും സമ്മാനിക്കും. വിനോദത്തിനും വിശ്രമത്തിനും ഒരു ദിനം എന്ന കുറിപ്പോടെ യാത്രാ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതു വേറെയാരുമല്ല, തമിഴകത്ത് ഒരുകാലത്ത് സൂപ്പർ താരമായിരുന്ന, സാക്ഷാൽ രജനികാന്തിന്റെയും വിക്രമിന്റെയുമെല്ലാം നായികയായിരുന്ന ശ്രിയ ശരൺ. തായ്‌ലൻഡ് യാത്രയിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് താരസുന്ദരി പങ്കുവച്ചിരിക്കുന്നത്. തായ്‌ലൻഡിലെ ഫുക്കെറ്റിൽ നിന്നുമുള്ളതാണ് ചിത്രങ്ങളിലേറെയും. 

Image Credit: shriya_saran1109/instagram
Image Credit: shriya_saran1109/instagram

തായ്‌ലൻഡിലെ വലിയ ദ്വീപുകളിലൊന്നും ധാരാളം സഞ്ചാരികൾ എത്തുന്നയിടവുമാണ് ഫുക്കെറ്റ്. അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ, കൊട്ടാരങ്ങൾ എന്നുതുടങ്ങി സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന നിരവധി കാഴ്ചകൾ ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. രാജ്യത്തിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം ചെറിയ 32 ദ്വീപുകളുമുണ്ട്. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയുമുണ്ട് ഫുക്കറ്റിന്. മുനമ്പ് (Cape) എന്നർത്ഥം വരുന്ന തലങ് എന്ന പേരിലായിരുന്നു നേരത്തെ ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്.

പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകൾ. ഇതിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നയിടമാണ് പതങ് ബീച്ച്. നിരവധി സാഹസിക വിനോദങ്ങൾക്കുള്ള വേദി കൂടിയാണിവിടം. ഫുക്കെറ്റിലെ കാഴ്ചകളിൽ ഏറ്റവും ആകർഷകം കാരൻ വ്യൂ പോയിന്റാണ്. കത നോയ്, കത യായ്, കാരൻ ബീച്ചുകളുടെ വിദൂരമായ ആകാശക്കാഴ്ചയാണ് കാരൻ വ്യൂ പോയിൻറിന്റെ സവിശേഷത.

കുന്നിൻ മുകളിൽ 45 മീറ്റർ ഉയരമുള്ള ഭീമാകാരമായ ബുദ്ധ പ്രതിമ ധാരാളം സന്ദർശകരെത്തുന്ന ഒരിടമാണ്. ഇതിനു സമീപത്തു നിന്നാൽ ഫുക്കറ്റിന്റെ വിശാലമായ ആകാശ ദൃശ്യം ആസ്വദിക്കാം. നിരവധി ബുദ്ധക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ നഗരം. അവയിൽ ഏറ്റവും പ്രശസ്തം വാറ്റ് ചാലോങ് ആണ്. തായ് നിർമാണവൈദഗ്ധ്യത്തിന്റെ മകുടോദാഹരണങ്ങളിലൊന്നാണ് വാറ്റ് ചലോങ്. 1876 ലെ ചൈനീസ് വിപ്ലവത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിച്ച ലോ പോ ചെ, ലോ പോ ചുവാങ് എന്നീ ബുദ്ധസന്യാസികളുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രമാണിത്.

Image Credit: shriya_saran1109/instagram
Image Credit: shriya_saran1109/instagram

ഫുക്കറ്റിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന മ്യൂസിയങ്ങളും വന്യജീവി സമ്പത്തിന്റെ പ്രതീകങ്ങളായ മൃഗശാലകളും സഞ്ചാരികൾക്കായി ഇവിടെയുണ്ട്. ഭക്ഷണപ്രിയർക്കു തങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ പാകത്തിലുള്ള വിഭവങ്ങളാൽ സമൃദ്ധമാണ് ഫുക്കറ്റ്. പഴുതാരയും ചിലന്തിയും പാറ്റയും മുതൽ പെരുമ്പാമ്പ് വരെ ഇതിൽപ്പെടും. രാത്രിയിൽ പാതയോരത്തെ തട്ടുകടകളിൽ ഇവയെ ലൈവായി പാകം ചെയ്തു തരും. ഷോപ്പിങ്ങിന്റെ കേന്ദ്രമാണ് ഫുക്കറ്റ്. പോക്കറ്റിന്റെ കനത്തെ തൃപ്തിപ്പെടുത്തുന്ന മുന്തിയ മാളുകളും വഴിയോര വാണിഭ കേന്ദ്രങ്ങളും ഇവിടെ നിരവധിയുണ്ട്. വിലപേശി പകുതി വിലയ്ക്ക് സാധനം മേടിക്കാം എന്നതാണ് വഴിയോര വാണിഭ കേന്ദ്രങ്ങളുടെ ആകർഷണീയത.

English Summary:

Shriya Saran's Phuket Escape: Sun, Sand, and Stunning Sights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com