സഞ്ചാരികളെ വരൂ, വയനാട് വിളിക്കുന്നു
Mail This Article
വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപ് ഇന്നു മുതൽ സഞ്ചാരികൾക്കു തുറന്നുകൊടുക്കും. ചെമ്പ്ര പീക്ക് ട്രെക്കിങ്, ബാണാസുര–മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന്–ആനച്ചോല ട്രെക്കിങ് എന്നിവിടങ്ങളിൽ 21 മുതൽ പ്രവേശനമുണ്ടാകും. നവംബർ ഒന്നിനു സൂചിപ്പാറ വെള്ളച്ചാട്ടം തുറക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശന ഫീസ് വർധിപ്പിക്കുകയും സന്ദർശകരുടെ എണ്ണം പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 30നു ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മിക്കതും അടച്ചിട്ടിരിക്കുകയായിരുന്നു.
കുറുവ ദ്വീപിൽ മുതിർന്നവർക്ക് 220 രൂപയും വിദ്യാർഥികൾക്ക് 150 രൂപയും വിദേശികൾക്ക് 440 രൂപയുമാണു പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 400 ആളുകളെ മാത്രമേ അനുവദിക്കൂ.
മുതിർന്ന 5 പേരുടെ ഗ്രൂപ്പിന് 5000 രൂപയും വിദ്യാർഥി ഗ്രൂപ്പിന് 1800 രൂപയും വിദേശികൾക്ക് 8000 രൂപയുമാണ് ചെമ്പ്ര പീക്ക് ട്രെക്കിങ്ങിന്റെ ഫീസ്. ഒരു ദിവസം15 ഗ്രൂപ്പുകൾക്കേ (ആകെ 75 പേർ) പ്രവേശനമുണ്ടാകും.
സൂചിപ്പാറ വെളളച്ചാട്ടത്തിൽ വിദ്യാർഥികൾക്ക് 70 രൂപയും മുതിർന്നവർക്കു118 രൂപയും വിദേശികൾക്ക് 230 രൂപയുമാണു ഫീസ്. ഒരു ദിവസം 500 പേരെ അനുവദിക്കും. ബാണാസുരമല-മീൻമുട്ടി വെള്ളച്ചാട്ടത്തിൽ മുതിർന്നവർക്കു 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് ഫീസ്. ഒരു ദിവസം പരമാവധി 500 സന്ദർശകർ.
മുതിർന്ന 8 പേരുടെ ഗ്രൂപ്പിന് 5000 രൂപയും വിദ്യാർഥി സംഘത്തിന് 1000 രൂപയും വിദേശികൾക്ക് 7000 രൂപയുമാണ് കാറ്റുകുന്ന് ആനച്ചോല ട്രെക്കിങ്ങിന്റെ പ്രവേശന ഫീസ്. ദിവസം പരമാവധി 25 സന്ദർശകർ.