ADVERTISEMENT

യുഎഇയിലേക്കുള്ള യാത്രകൾ ഇനി കൂടുതൽ എളുപ്പമാകും. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.  പുതിയ നയം അനുസരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, ഏതെങ്കിലും യൂറോപ്യൻ യൂണിയൻ എന്നിവർ നൽകുന്ന പിആർ, ഗ്രീൻ കാർഡ്, വീസ എന്നിവ കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭിക്കുന്നതാണ്.

ഏതായാലും പുതിയ നയത്തിനു കീഴിൽ യാത്രക്കാർക്കു വീസ ലഭിക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ആയിരിക്കും ഉണ്ടായിരിക്കുക. അവർക്ക് 14 ദിവസത്തെ വീസ ഓൺ അറൈവൽ തിരഞ്ഞെടുക്കാം. അത് വീണ്ടും 14 ദിവസത്തേക്ക് നീട്ടിയെടുക്കുകയും ചെയ്യാം. അതല്ലെങ്കിൽ 60 ദിവസത്തേക്കുള്ള നോൺ എക്സ്റ്റെൻഡബിൾ വീസ തിരഞ്ഞെടുക്കാം. വീസ ഓൺ അറൈവൽ ആണെങ്കിലും യുഎഇ ചട്ടങ്ങൾ അനുസരിച്ച് ബാധകമായ ഫീസ് നൽകേണ്ടതായിട്ടുണ്ട്.

വീസ ഓൺ അറൈവൽ സൗകര്യത്തിന് യോഗ്യത നേടുന്നതിന് രാജ്യത്ത് പ്രവേശിക്കുന്ന അന്നു മുതൽ ആറുമാസം കൂടിയെങ്കിലും പാസ്പോർട്ടിന് കാലാവധി ഉണ്ടായിരിക്കണം. യുഎ ഇയിലെ ഇന്ത്യൻ മിഷൻ ഒക്ടോബർ 17നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനുള്ള മുൻകാല ശ്രമങ്ങളെ തുടർന്നാണ് പുതിയതായി ഈ പ്രഖ്യാപനം.

2023 ഫെബ്രുവരിയിൽ യുഎഇയിലെ മുൻനിര എയർലൈനുകളിൽ ഒന്നായ എമിറേറ്റ്സ്, വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ച് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി പ്രി അപ്രൂവ്ഡ് വീസ ഓൺ അറൈവൽ അവതരിപ്പിച്ചു. പുതിയ വീസ നയം  യാത്രക്കാർക്ക് ഇമ്മിഗ്രേഷൻ ക്യൂ ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ, എത്തിച്ചേരൽ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാധിക്കുന്നു.

ഇത് കൂടാതെ, ഇന്ത്യൻ പൗരൻമാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ ദുബായ് അനുവദിച്ചു. ഏതായാലും പുതിയ വീസ ഓപ്ഷൻ ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, വിനോദസഞ്ചാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വലിയ തുടക്കമാണ്. ദുബായിലേക്ക് എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ്. ഏതായാലും പുതിയ വീസ നയവുമായി എത്തിയതോടെ ഇന്ത്യയിൽ നിന്നു കൂടുതൽ സഞ്ചാരികൾ യുഎഇയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക - സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താൻ ഇത് കാരണമാകുകയും ചെയ്യും.

English Summary:

Travel to Dubai Just Got Easier: UAE Introduces Visa on Arrival for Indians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com