ഹണ്ടർ വില്ലേജിലെ മണൽക്കുന്നുകളിലേക്കൊരു യാത്ര...
Mail This Article
രാവിലെ പോപ്ലാർ മരങ്ങൾക്കിടയിലൂടെ വീണ്ടുമൊരു നടത്തം. പുലർമഞ്ഞ് ഗ്രാമത്തെ അവർണനീയമാക്കിയിരിക്കുന്നു. വയലുകൾക്കു പിന്നിലുടെയുള്ള വഴിയിലേക്കിറങ്ങിയപ്പോൾ കല്ലുകൊണ്ടു പണിത വീടുകളാണ്. ചുവരും മേൽക്കൂരയുമെല്ലാം ഉരുളൻ കല്ലു മാത്രം. വൈക്കോൽ കറ്റകൾ വീടിനുമുകളിൽ കൂട്ടിവച്ചിരിക്കുന്നു. തുറന്ന വാതിലിലൂടെ രണ്ടു സ്ത്രീകൾ നിലത്തിരുന്നു ഭക്ഷണമുണ്ടാക്കുന്നതു കണ്ടു. സംസാരിച്ചപ്പോൾ നേപ്പാളികളായ അമ്മയും മകളും പേരമക്കളുമാണ്. വീട്ടുജോലിയും കൃഷിപ്പണിയും ചെയ്യാൻവേണ്ടി വന്നതാണ്. സ്ത്രീകൾ രണ്ടുപേരും വെളുത്ത മാവു പോലെയെന്തോ ധാന്യപ്പൊടി കൊണ്ട് ഫേസ് പായ്ക്ക് ഇട്ടുകൊണ്ടിരിക്കുകയാണ്. തണുപ്പും തീക്ഷ്ണവെയിലുമുള്ള കാലാവസ്ഥയിൽ ചർമ്മത്തിന് ഒരു സംരക്ഷണം. അവർ അകത്തേക്കു ക്ഷണിച്ചു. അടുപ്പിൽ എന്തോ വേവുന്നു. അതിറക്കി വച്ചിട്ട് ചായ ഉണ്ടാക്കട്ടെ എന്ന് ആ യുവതി നിർബന്ധിച്ചു. സ്നേഹപൂർവ്വം ക്ഷണം നിരസിച്ച് കയ്യിലുണ്ടായിരുന്ന മിഠായിയും മറ്റും കുട്ടികൾക്കു കൊടുത്തപ്പോൾ അവർക്കും സന്തോഷമായി. യാത്ര പറഞ്ഞിറങ്ങിയത് തുറസ്സായ ഒരു താഴ്‌വരയിലേക്കാണ്. നിറയെ പച്ചപ്പുല്ലുനിറഞ്ഞ മേടുകൾ. പശ്ചാത്തലത്തിൽ നീലയും ഇളംകറുപ്പുമായ ഭീമാകാരമായ മലകൾ. ശുദ്ധവായുവിന്റെ സ്വച്ഛത. ഭൂമിയിലല്ലെന്നു തോന്നിപ്പിച്ചു ആ മനോഹരമായ ഭൂപ്രകൃതി. കുറേസമയം അവിടെ ചെലവഴിച്ചു.
ഇന്തോ പാക്ക് അതിർത്തിയിലെ അവസാനഗ്രാമമായ താങ്ങ് ലേക്കാണ് യാത്ര. പാക്ക് ബാൾട്ടിസ്ഥാനിലേക്ക് അവിടെ നിന്നും രണ്ടര കിലോമീറ്റർ.നിയന്ത്രണരേഖ കടന്നുപോകുന്ന സ്ഥലമാണ്.അതീവദുർഘടമായ റോഡ്.പലയിടത്തും റോഡ്തന്നെയില്ല.മലകളുടെ അരികുപറ്റി നീങ്ങുന്ന വാഹനങ്ങൾ ഏതു നിമിഷവും അഗാധമായ കൊക്കയിലേക്കു വീഴുമെന്നു തോന്നും.
താങ്ങ് വ്യൂ പോയിൻറിൽ നിന്നു നോക്കിയാൽ നദിയുടെ ഒരു ഭാഗത്തായി ഇന്ത്യയും മറുഭാഗത്തായി പാക്കിസ്ഥാനും മുഖാമുഖം നോക്കി നിൽക്കുന്നതു കാണാം.
1971 നു മുമ്പ് ഇവിടെ ഫാർണു ,താങ്ങ് എന്നീ ഇരട്ട ഗ്രാമങ്ങളായിരുന്നു.യുദ്ധത്തിൽ ഫാർണു പാക്കിസ്ഥാനിലും താങ്ങ് ഇന്ത്യയിലുമായി വിഭജിക്കപ്പെട്ടു.പെട്ടെന്നുള്ള വിഭജനത്തിൽ ഭാര്യ ,ഭർത്താവ് , കുട്ടികൾ, മാതാപിതാക്കൾ പലരും വേർപെട്ടു പോയി.അതെല്ലാം അവിടെ എഴുതി വെച്ചിട്ടുണ്ട്.താങ്ങിൽ ഉള്ളവർക്ക് പാക്കിസ്ഥാൻ ഭാഗത്തുള്ള ബന്ധുക്കൾ അവരുടെ വയലിൽ പണിയെടുക്കുന്നത് ഇവിടെനിന്നു കാണാം,തിരിച്ചുമതേ.പക്ഷേ പരസ്പരം കൂടിച്ചേരാനാവാതെ വേർപെട്ടുപോയി ജീവിതങ്ങൾ.അവിടെ നിൽക്കുമ്പോൾ വിഭജനം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അനുഭവിക്കാൻ കഴിയും.
ഇരുവശത്തുമുള്ള മലനിരകൾ മുഴുവൻ ബങ്കറുകളാണ്.ചുവന്ന ബങ്കറുകൾ പാക്കിസ്ഥാന്റേതും നീലനിറം ഇന്ത്യൻ ബങ്കറുകളും.ബൈനോക്കുലറിൽ കാഴ്ചകൾ കാണിച്ചു തരുന്ന ബാൾട്ടി വൃദ്ധ വാചാലതയോടെ വിവരങ്ങൾ പറയുന്നുണ്ടായിരുന്നു.എല്ലാ അതിർത്തിഗ്രാമങ്ങളിലെയും പോലെ അവസാനത്തെ ചായക്കട താങ്ങിലും ഉണ്ട്.തദ്ദേശീയരായ ബാൾട്ടികളാണ് എല്ലാം നടത്തുന്നത്.ഗ്രാമത്തിലുണ്ടാക്കുന്ന ആപ്രിക്കോട്ട് സംസ്കരിച്ചും ഉണക്കിയും വിൽക്കുന്നു.ആപ്രിക്കോട്ട് വിത്തുകളിൽ നിന്നുള്ള എണ്ണ ശരീരവേദനക്കു നല്ലതാണെന്നു കേട്ടു.കൂടാതെ മൾബെറിയും വാൾനട്ടും ബദാമും വിൽക്കുന്നുണ്ട്.
അവിടെ വെച്ചാണ് ഗുലാം മുഹമ്മദിനെ പരിചയപ്പെട്ടത്. 68 വയസ്സുള്ള ബാൾട്ടി വൃദ്ധൻ.
പാക്കിസ്ഥാനിൽ ഇപ്പോൾ ബന്ധുക്കളുണ്ടോ എന്നു ചോദിച്ചപ്പോൾ ഒരു നിമിഷം നിൽക്കൂ എന്നു പറഞ്ഞ് കർണ്ണാടകയിൽ നിന്നുള്ള ഏതാനും യാത്രികൾക്ക് ഡ്രൈഫ്രൂട്ട്സ് എടുക്കാനായി പോയി. വേഗത്തിൽ തിരിച്ചുവന്ന് ഇനി ഞാനെന്റെ കഥ പറഞ്ഞുതരാം എന്നു പറഞ്ഞ് അൽപ്പം മാറ്റിനിർത്തി.1971 ഡിസംബറിൽ പെട്ടെന്ന് ഇന്ത്യൻ പട്ടാളക്കാർ ഗ്രാമം പിടിച്ചെടുക്കുമ്പോൾ പതിനാലു വയസ്സാണ് പ്രായം. പെട്ടെന്ന് ഒരു അന്ധാളിപ്പാണ് തോന്നിയത്. അതുവരെ ജീവിച്ച ഗ്രാമത്തിന്റെ ഒരു ഭാഗം പാക്കിസ്ഥാനിലായിക്കഴിഞ്ഞിരിക്കുന്നു. അവിടെയുള്ള ബന്ധുക്കളും കൂട്ടുകാരും വേറെയായിരിക്കുന്നു. ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഞങ്ങളുടെ സംരക്ഷണം അവർ ഏറ്റെടുക്കുകയാണെന്നും ആർമി ഓഫീസർ പറഞ്ഞു. അതൊരുറപ്പായിരുന്നു. ആരുംതന്നെ പലായനം ചെയ്തില്ല. ഇവിടെത്തന്നെ നിന്നു. മതേതരത്വത്തിലും ഇന്ത്യൻ ആർമിയിലുമുള്ള വിശ്വാസം തന്നെയായിരുന്നു പിടിച്ചു നിർത്തിയത്. നാളിന്നുവരെ അതിനു കോട്ടം തട്ടിയിട്ടില്ല കുട്ടീ. ഗുലാം മുഹമ്മദ് വികാരഭരിതനായി. ആർമി ഞങ്ങൾക്ക് എല്ലാം തരുന്നു. കുട്ടികൾക്ക് പഠിക്കാൻ സ്കൂൾ, നല്ലൊരു ഹെൽത്ത് സെൻറർ, കൃഷി ചെയ്യാനുള്ള സഹായം. ഫലവർഗ്ഗങ്ങളും നട്ട്സും സംസ്കരിച്ചു വിൽക്കാനുള്ള സഹകരണം. എല്ലാം ആർമി തരുന്നു. ഞങ്ങൾ തൃപ്തരാണ്.ബന്ധുമിത്രാദികളിൽ പലരും പാക്കിസ്ഥാനിലുണ്ട്. ആണ്ടിലൊരിക്കൽ അട്ടാരി- വാഗ ബോർഡറിൽ പോയി വേണ്ടപ്പെട്ടവരെ കാണും. ഞങ്ങൾ സംതൃപ്തരാണ്. അദ്ദേഹത്തിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. അതിലേറെ സമാധാനവും. നഷ്ടബോധത്തിന്റെ കഥയാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കിൽ നിസ്സഹായയായി കേട്ടുനിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
ചുറ്റുമുള്ള മരങ്ങളിലേക്കു കൈചൂണ്ടി ഇത് ആപ്രിക്കോട്ടാണ്, മൾബെറിയാണ് എന്നെല്ലാം അദ്ദേഹം കാണിച്ചുതന്നു. ഇന്ത്യൻ ആർമി സംസ്കരിച്ച് ടിന്നുകളിൽ വിൽക്കുന്ന ആപ്രിക്കോട്ട് അവിടെയുണ്ടായിരുന്നു. അത് കച്ചവടം ചെയ്യുന്നത് ഒരു ആർമിക്കാരൻ തന്നെ.അദ്ദേഹവും ബാൾട്ടികൾക്കൊപ്പം ആ ടെന്റിൽ ഇരിക്കുകയാണ്. വാങ്ങിയ സാധനങ്ങൾക്കെല്ലാം പണം കുറച്ചു തന്ന് സ്നേഹത്തോടെ ഗുലാം മുഹമ്മദ് യാത്രയാക്കി. അതിർത്തികളുടെ വ്യർത്ഥതയെക്കുറിച്ച് വീണ്ടും ഓർത്തുപോയി.
ഉച്ചഭക്ഷണത്തിനു ശേഷം തുർതുക്കിന്റെ പ്രകൃതിയിലേക്ക്. ഒരു കലാകാരനും വർണ്ണിക്കാനാവാത്ത ചാരുതയാണ് തുർതുക്കിന്. കല്ലുപാകിയ വഴികളിലൂടെ നടന്നാൽ മനോഹരമായ പൂന്തോട്ടങ്ങളുള്ള ചെറിയ വീടുകൾ. ബക് വീറ്റ് (buck wheat)വയലുകളിൽ നിറഞ്ഞുനിൽക്കുന്ന വെളുത്തപൂക്കൾ, ഉരുളക്കിഴങ്ങുപാടങ്ങൾ. ആപ്രിക്കോട്ടും ആപ്പിളും വിളഞ്ഞുതിരുന്ന വഴിയോരങ്ങൾ. പ്രപഞ്ചശിൽപ്പിയുടെ കരവിരുതിനു മുന്നിൽ വാക്കുകളില്ലാതെ അമ്പരന്നു നിന്ന നിമിഷങ്ങൾ. ആപ്പിൾപ്പഴത്തേക്കാൾ ചുവന്ന കവിളുകളുള്ള കുഞ്ഞുങ്ങൾ. അവരെ ഒക്കിലെടുത്തു നിന്ന സുന്ദരിപ്പെണ്ണുങ്ങളുടെ നാണം കലർന്ന പതിഞ്ഞ പുഞ്ചിരികൾ.
ബാൾട്ടി ഹെറിറ്റേജ് മ്യൂസിയവും പ്രകൃത്യായുള്ള കോൾഡ് സ്റ്റോറേജും ഇവിടെയുണ്ട്. നാങ്ങ്ചങ്ങ്(തണുത്ത വീട്) എന്നു ബാൾട്ടി ഭാഷയിൽ അറിയപ്പെടുന്ന കോൾഡ് സ്റ്റോറേജ് തണുപ്പുകാലത്ത് ഇളംചൂടും ചൂടുകാലത്ത് തണുപ്പും പകരുന്ന ബങ്കറുകളാണ്. വെണ്ണ,ഇറച്ചി തുടങ്ങിയ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രകൃതി കനിഞ്ഞു നൽകിയ ഈ കോൾഡ് സ്റ്റോറേജുകൾ ഉപയോഗപ്പെടുത്തുന്നു.
വഴിയരികിലെ വീടുകൾ പലതും ഹോം സ്റ്റേ ആയി ഉപയോഗിക്കുന്നവയാണ്. വീട്ടുകാർ ഒരുമുറിയിലോ തട്ടിൻപുറത്തോ കഴിയും. അധികകാലമായില്ല തുർതുക്ക് സഞ്ചാരികൾക്കു തുറന്നു കൊടുത്തിട്ട്. വിദേശത്തുനിന്നും ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. കേരളത്തെ സ്നേഹിക്കുന്ന ജർമൻകാരനായ ഹാൻസിനെ തുർതുക്കിൽ വച്ചു പരിചയപ്പെടാൻ കഴിഞ്ഞു.
വഴിയോരത്തുകൂടി ഒരു വെള്ളച്ചാൽ ഒഴുകുന്നുണ്ട്. നല്ല തെളിഞ്ഞവെള്ളത്തിൽ അഴുകിയ ആപ്രിക്കോട്ട് കഴുകിയെടുക്കുന്ന പെൺകുട്ടികളെ കണ്ടു. ഹാമിദയെന്നാണ് പേര്. തൊട്ടടുത്ത പ്രൈമറി സ്കൂളിൽ ടീച്ചറാണ്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ വന്നപ്പോഴാണ് ആപ്രിക്കോട്ട് പഴങ്ങൾ പഴുപ്പ് അധികമായി വീണുകിടക്കുന്നതു കണ്ടത്. ഇനിയത് കഴുകി വൃത്തിയാക്കി പരിപ്പെടുത്തുണക്കി വയ്ക്കും. ഡിഗ്രിവരെ പഠിച്ചു എന്നും സ്കൂൾ പഠനത്തിനു മാത്രമേ ഇവിടെ സൗകര്യമുള്ളൂവെന്നും തുടർപഠനത്തിന് എല്ലാവരും ലേ യിൽ പോകാറാണ് പതിവെന്നും ഹാമിദ പറഞ്ഞു. ലേ യിൽ ഹോസ്റ്റലിൽ നിന്നു പഠിച്ചതാണ്. വീടിന്റെ ഒരുഭാഗം ഹോംസ്റ്റേയാണ്.
ഞങ്ങൾക്ക് അദ്ധ്വാനം കൂടുതലാണ്. എപ്പോഴും പണിതന്നെ.ഹാമിദ ചിരിച്ചു. ഉച്ചഭക്ഷത്തിന്റെ ഇടവേളയിൽ വിശ്രമിക്കാതെ പഴങ്ങൾ കഴുകുന്നത് കണ്ടപ്പോഴേ അതുമനസ്സിലായി. വിറകുണ്ടാക്കണം,പഴങ്ങൾ പറിക്കണം,സംസ്കരിക്കണം,ഹോംസ്റ്റേയിലെ അതിഥികളെ നോക്കണം. തണുപ്പുകാലത്ത് ഇവിടെയെല്ലാം മഞ്ഞുമൂടും. അപ്പോൾ ഞങ്ങൾ ലേയിലേക്കു പോകും..അവൾ നിഷ്കളങ്കമായി വിവരിച്ചു. കഠിനമാണ് ജീവിതം. വഴിയിൽ കാണുന്ന വൃദ്ധരുടെയെല്ലാം മുതുകത്ത് വിറകോ പുല്ലോ പഴങ്ങളോ നിറച്ച വലിയ ചൂരൽക്കൊട്ടകളുണ്ട്. കാടാറുമാസം എന്ന രീതിയിലുള്ള ജീവിതമാണ് ഞങ്ങളുടേത്. ഹാമിദ മനോഹരമായി ചിരിക്കുന്നു.
ചുറ്റുമുള്ള പ്രകൃതി പോലെ പ്രശാന്തമാണ് ഇവിടുത്തെ മനുഷ്യരും. ഓറഞ്ച് നിറമുള്ള ആപ്രിക്കോട്ട് ഫലം പോലെ മധുരിക്കുന്ന മനസ്സുള്ള മനുഷ്യർ.
കഠിനമായ ജീവിതം എങ്കിലും എത്ര ഋജുവായി ജീവിക്കുന്നു അവർ.
ഹണ്ടർ വില്ലേജിലെ മണൽക്കുന്നുകളിലേക്കാണിനി പോവേണ്ടത്. തീർത്തും വിജനമായ വഴികൾ. ഇടക്കു കടന്നുപോകുന്ന മിലിറ്ററി വാഹനങ്ങളല്ലാതെ മറ്റൊന്നും കാണാനില്ല. എല്ലായിടത്തും കോരിത്തരിപ്പിക്കുന്ന വാചകങ്ങളുമായി ബോർഡർ റോഡ് ഓർഗനൈസേഷന്റെ ചൂണ്ടുപലകകൾ. യാത്രയിലുടനീളം തൂക്കുപാലങ്ങൾ കടന്നുപോന്നിരുന്നു.ഇരുമ്പും തടിയും കൊണ്ടുള്ള പാലങ്ങളിലൂടെ വാഹനം കടന്നുപോകുമ്പോൾ വല്ലാത്ത ശബ്ദമുണ്ടാകും.
ശ്യോക് /സിയാച്ചിൻ വാർ മെമ്മോറിയൽ എത്തിയപ്പോഴേക്ക് ഉച്ച തിരിഞ്ഞിരുന്നു.ഏകാന്തമായ പർവ്വതങ്ങളിൽ വെയിൽ തിളക്കുന്നു.കറുത്ത പാതകൾ വിജനമായി ആരെയോ കാത്തിരിക്കുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തണുത്തുറഞ്ഞ യുദ്ധഭൂമി-സിയാച്ചിനിൽ വീരമൃത്യു വരിച്ച ഇന്ത്യൻ പട്ടാളക്കാരുടെ ഓർമ്മകളാണ് ഈ വിജനഭൂമിയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.സതേൺ ഗ്ലേസിയർ,സബ് സെക്ടർ വെസ്റ്റ്,സബ് സെക്ടർ ഹനിഫ് ഓരോയിടത്തും നഷ്ടപ്പെട്ട ജവാൻമാരുടെ പേരുകൾ എഴുതിവച്ചിട്ടുണ്ട്. കാറ്റിൽപ്പറക്കുന്ന ത്രിവർണ്ണ പതാകക്കു കീഴെ വേദനിപ്പിക്കുന്ന ആ വരികൾ കാണാം.
നിങ്ങൾ വീട്ടിൽ പോകുമ്പോൾ
അവരോടു ഞങ്ങളെക്കുറിച്ചു പറയുക
നിങ്ങളുടെ നല്ല നാളെക്കു വേണ്ടി
ഞങ്ങളുടെ ഇന്ന് തരുന്നുവെന്നും..
വാർ മെമ്മോറിയലുകളിൽ അഭിമാനക്കണ്ണീരോടെ മാത്രം വായിക്കാൻ കഴിയുന്ന വരികൾ.
ഒരിക്കലും വീടുകളിലേക്കു തിരിച്ചുപോകാനാവാതെ, അമ്മയുടെ നെഞ്ചിൻചൂടിൽ നിന്നും മഞ്ഞിൽ ഇല്ലാതായ ധീരസേനാനികൾക്ക് എത്ര സല്യൂട്ട് പറഞ്ഞാലും മതിയാവില്ല.വല്ലാത്തൊരു നീറ്റലായിരുന്നു പുറത്തിറങ്ങുമ്പോൾ. ഉത്തരാഖണ്ഢുകാരനായ കമൽ സിംഗ് റാവത്തായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പട്ടാളക്കാരൻ. വളരെ സ്നേഹത്തോടെ സംസാരിച്ചു.താങ്ങ് വില്ലേജിൽ പോയിരുന്നോ എന്നും അവിടെ മിലിറ്ററി പായ്ക്ക് ചെയ്ത ആപ്രിക്കോട്ട് വാങ്ങിയില്ലേ എന്നും ചോദിച്ചു. അത് നല്ല രുചിയുള്ളതാണ്. കഴിക്കാൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.നാട്ടിലേക്ക് കൊണ്ടുപോകുകയാണ് അതെന്നു പറഞ്ഞപ്പോൾ റാവത്ത് സന്തോഷത്തോടെ ചിരിച്ചു. ആപ്രിക്കോട്ട് കൂടുതൽ കഴിച്ചാൽ ചിലർക്ക് അലർജിക് പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്നു കേട്ടതിനാൽ വളരെക്കുറച്ചു മാത്രമേ രുചി നോക്കിയിരുന്നുള്ളു. അല്ലെങ്കിലും ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം മിതാഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ.(മിലിറ്ററി പായ്ക്ക് ചെയ്ത അതേ ആപ്രിക്കോട്ട് ടിൻ മടക്കയാത്രയിൽ ലേ എയർപോർട്ടിൽ വച്ച് കർക്കശക്കാരിയായ പട്ടാളക്കാരി വാങ്ങിവച്ചു.)
ഹണ്ടർ മണൽക്കുന്നുകളിലെത്തുമ്പോൾ സായാഹ്നമായി. സമുദ്രനിരപ്പിൽ നിന്നും 10,000 അടി ഉയരത്തിലാണ് ഈ മണൽമരുഭുമി. നാലുഭാഗത്തും മലനിരകൾ. നടുവിൽ ഒരു കുഴിയൻ പാത്രം പോലെ അതിമനോഹരമായൊരു താഴ്വര. പോപ്ലാർമരങ്ങളുടെയും പുല്ലിന്റെയും പച്ചപ്പ്. നടുവിലൂടെ ശ്യോക് നദി ഒഴുകുന്നു. മറ്റു മണൽക്കുന്നുകളിൽ നിന്നു വിഭിന്നമായി ഇവിടെ നല്ല വെളുത്ത നിറത്തിലുള്ള മണലാണ്. അതുപോലെ ഇരട്ടപ്പൂഞ്ഞയുള്ള ഒട്ടകങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കടുത്ത തണുപ്പിൽ നിന്നും വരൾച്ചയിൽ നിന്നും ആൾട്ടിറ്റ്യൂഡ് പ്രശ്നങ്ങളിൽ നിന്നും ഈ ഒട്ടകങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നത് ഇരട്ടപ്പൂഞ്ഞയുള്ളതു കൊണ്ടാണ്. ഒട്ടകപ്പുറത്തു കയറി മണൽക്കുന്നുകളിലൂടെ പതിയെ കറങ്ങാം. കട്ടിയുള്ള രോമം നിറഞ്ഞ ഒട്ടകക്കൂട്ടങ്ങൾ ശാന്തരായി നിൽക്കുന്നു.
സൂര്യൻ അസ്തമിക്കുന്തോറും അവിടമാകെ മായികമായ അന്തരീക്ഷമായി. മഞ്ഞയും ചുവപ്പും വർണ്ണങ്ങൾ കലർന്ന് മലകൾ ഇരുണ്ടുതുടങ്ങുന്നു. ശ്രീനഗറിൽ നിന്നുള്ള കോളജ് വിദ്യാർത്ഥികളുടെ സംഘം മണൽക്കുന്നുകളിലിരുന്ന് പാട്ടുപാടി നൃത്തം ചെയ്യുന്നു. അവരുടെ പൊട്ടിച്ചിരികൾ കാറ്റിലൂടെ പാറിനടന്നു.
ഹണ്ടറിലെ മിസ്റ്റി ഹിൽസ് ഗാർഡൻ എന്ന മനോഹരമായ കൂടാരത്തിലായിരുന്നു രാത്രി താമസം. റഷ്യൻ കഥകളിൽ വായിച്ചറിഞ്ഞ ഒരിടത്തു ചെന്നപോലെ. പോപ്ലാർമരങ്ങൾ ഉയരത്തിൽ വളർന്നു നിൽക്കുന്നു ചുറ്റിനും. അവയ്ക്കിടയിൽ മരപ്പലകകൾ കൊണ്ടുണ്ടാക്കിയ കുഞ്ഞുകൂടാരങ്ങൾ. അതിനു നടുവീലുടെ ഒരു തെളിനീർച്ചാലൊഴുകുന്നു. മിസ്റ്റി ഗാർഡൻ-പേരുപോലെത്തന്നെ സുന്ദരം. ഗ്രാമത്തിലെ ജനങ്ങൾക്ക് കുടിക്കാനുള്ള ശുദ്ധജലമാണ് ചോലയിലൂടെ ഒഴുകുന്നത്. ഒരുകാരണവശാലും അതു മലിനമാക്കാൻ പാടില്ല എന്നാണ് അവിടുത്തെ സ്റ്റാഫ് ആദ്യം തന്നെ പറഞ്ഞത്. രുചികരമായ ഭക്ഷണമാണ് അവരുണ്ടാക്കിത്തന്നത്. സോളാർ വൈദ്യുതിയാണ്. രാത്രി വൈകി കെറ്റിലും ഹീറ്ററും പ്രവർത്തിപ്പിക്കരുതെന്നും പറഞ്ഞിരുന്നു.
കൂടാരത്തിനു മുകളിൽ ചില്ലുകാണ്ടുള്ള ചതുരത്തിലൂടെ മലർന്നു കിടന്ന് ആകാശം കണ്ടുറങ്ങാം.പോപ്ലാർ മരങ്ങളുടെ ചില്ലകൾ തമ്മിൽത്തമ്മിൽ കിന്നാരം പറഞ്ഞ് കൂട്ടിപ്പിടിക്കുന്നു. നായ്ക്കളുടെ ഓരിയിടലും അരുവിയുടെ നേർത്തസംഗീതവും. ആകാശത്ത് മഴക്കാറുണ്ടെങ്കിലും ഏതാനും നക്ഷത്രങ്ങൾ കാണാം. രാത്രി വൈകി ചാറ്റൽമഴ പെയ്യുന്നത് ചില്ലിലൂടെ കണ്ടുകിടന്നു. പോപ്ലാർമരങ്ങൾ ശീതക്കാറ്റിൽ നനഞ്ഞ് വല്ലാത്തൊരു ശബ്ദത്തോടെയുലയുന്നു. അവിസ്മരണീയമായ ഒരു രാത്രിയായിരുന്നു അത്. കുട്ടിക്കാലത്തു വായിച്ച ബെന്നി സ്വന്തം കാലിൽ എന്ന അൽബേനിയൻ നോവലിലെ നഗരവാസിക്കുട്ടിയായ ബെന്നി മലമുകളിലുള്ള അമ്മാവന്റെ വീട്ടിലേക്ക് വിരുന്നുപാർക്കാൻ പോയ കഥ ഓർമ വന്നു.
മലനിരകളുടെ മടിയിൽ സുരക്ഷിതത്വത്തോടെ,സന്തോഷത്തോടെ ഒരു രാത്രികൂടി.
രാവിലെ ഉണരുമ്പോൾ ഉന്മേഷമുണ്ടായിരുന്നു. മലനിരകൾക്കു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന ഊർജ്ജം. മിസ്റ്റി ഹിൽസ് ഉറങ്ങിക്കിടക്കുകയാണ്. അവിടവിടെ ഇന്നലത്തെ മഴയുടെ ശേഷിപ്പുകൾ. വഴിയിലങ്ങോളമിങ്ങോളം മഞ്ഞനിറത്തിലുള്ള കുഞ്ഞു പഴങ്ങളുള്ള മുൾച്ചെടികളാണ്. പലയിടത്തും കണ്ടിരുന്നു അത്. ഇതാണ് ലേ ബെറി. ഡ്രൈവർ കാദർഭായി പറഞ്ഞുതന്നു. ലേ യുടെ സ്വന്തം ടോണിക്ക് ആണ് ഈ പഴം. വിറ്റമിൻ സി ധാരാളമുണ്ട്...ഓക്സിജൻ കൂട്ടാനും നല്ലതാണ്. നേർത്ത പുളിപ്പും മധുരവുമായി ഏതാണ്ട് തക്കാളിയുടെ രുചി. ലേ ബെറി ജ്യൂസ് പിന്നീട് പലയിടത്തും വിൽക്കാൻ വച്ചത് കണ്ടു.
മനോഹരമായ നുബ്ര താഴ്വരയോടു വിടപറയുകയാണ്. ഡിസ്കിറ്റ് മൊണാസ്ട്രി കൂടി കാണാനുണ്ട്.108 അടി ഉയരമുള്ള മൈത്രേയ ബുദ്ധസ്തൂപമാണ് ഡിസ്കിറ്റിന്റെ പ്രത്യേകത.ആ കുറ്റൻ വിഗ്രഹം എവിടെ നിന്നും കാണാം. ഗ്രാമത്തിനു സംരക്ഷണം, ലോകസമാധാനത്തിനെ പ്രോത്സാഹിപ്പിക്കുക, യുദ്ധങ്ങളില്ലാതെ ജീവിക്കുക ഇങ്ങനെ മുന്നുകാര്യങ്ങൾക്കുവേണ്ടിയാണ് സ്തൂപം നിലകൊള്ളുന്നത്.
മനോഹരമാണ് ഈ ബുദ്ധാശ്രമത്തിനു മുകളിലെ കാഴ്ച. താഴ്വരയാകെ പലനിറത്തിൽ പരന്നുകിടക്കുന്നു. പടുകൂറ്റൻ പ്രാർത്ഥനാചക്രങ്ങൾ ഗൊംപയുടെ ചുറ്റുമുണ്ട്.
തിരിച്ചും പോരും വഴി ഹണ്ടർ മണൽക്കൂനകൾ ഒരിക്കൽ കൂടി കണ്ടു. പ്രകൃതിയുടെ വരദാനം പോലെ കടുത്ത മഞ്ഞപ്പൂക്കളുള്ള കുറ്റിച്ചെടികൾ എല്ലായിടത്തും.
നീലനീലമായ ആകാശത്ത് വെള്ളിമേഘങ്ങളുടെ സമൃദ്ധി.
പാംഗോഗിലേക്കുള്ള പാതയിലാണ്.വരണ്ട പാതയോരങ്ങളിലും പൂത്തുകിടക്കുന്ന മഞ്ഞപ്പൂക്കളുള്ള കുറ്റിച്ചെടികൾ.സ്വർഗം മണ്ണിലേക്കിറങ്ങി വന്ന പോലെ മലനിരകളെയുമ്മവയ്ക്കുന്ന തൂവെള്ള മേഘക്കെട്ടുകൾ.
പാംഗോഗിലേക്കുള്ള റോഡ് തിരിഞ്ഞതും ഭുപ്രകൃതിയുടെ വ്യത്യാസം തിരിച്ചറിയാനായി. ഒരു മായികലോകത്തേക്കുള്ള വാതിൽതുറന്നതുപോലെയായിരുന്നു സെപ്തംബറിലെ ആ സായാഹ്നത്തിൽ പാംഗോംഗ് തടാകത്തിന്റെ ആദ്യകാഴ്ച.
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉപ്പുവെള്ള തടാകമായ പാംഗോംഗ് ഹിമാലയത്തിൽ 13,900 അടി ഉയരത്തിലാണ്. തടാകത്തിന്റെ 40 ശതമാനംഇന്ത്യയിലും 50 ശതമാനം ചൈനീസ് അധീന തിബറ്റിലും 10 ശതമാനം തർക്കഭൂമിയുമായാണ് കിടക്കുന്നത്.ലഡാക്കിൽ നിന്നും ചൈന വരെ നീണ്ടുകിടക്കുകയാണ് ബൃഹത്തായ ഈ തടാകം.തടാകത്തിലും റോഡിലുമായിക്കിടക്കുന്ന അതിർത്തിരേഖ കടക്കാനായി ചൈനീസ് പട്ടാളം ശ്രമം നടത്തുകയും ഇന്ത്യൻ സൈന്യം അത് തടയുകയും ചെയ്തിരുന്നു. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന പാംഗോംഗ് ശൈത്യകാലത്ത് തണുത്തുറഞ്ഞ് മഞ്ഞുകട്ടയായിത്തീരും. തടാകത്തിന് അതിരുകാക്കുന്ന മലകൾ പാംഗോഗ്, ചാംഗ് ചെൻമോ ഗിരിനിരകളും കാറക്കോറം, കൈലാസം റേഞ്ചുകളുടെ ഉപനിരകളുമാണ്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ കടന്നുപോകുന്നതിനാൽ ഇന്ത്യൻ ഭാഗത്തു നിന്നും പാംഗോംഗ് സന്ദർശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് വേണം.
വശ്യത നിറഞ്ഞ പ്രകൃതി. സുരക്ഷാ കാരണങ്ങളാൽ ബോട്ടിംഗും നിരോധിച്ചതിനാൽ ശാന്തമായി പരന്നുകിടക്കുകയാണ് പാംഗോംഗ്.തടാകത്തിന്റെ കിഴക്കുഭാഗത്ത് ശുദ്ധജലമാണെന്നും പടിഞ്ഞാറ് ഭാഗം ഉപ്പുവെള്ളമാണെന്നും ഇന്ത്യൻ ഭാഗത്ത് മത്സ്യങ്ങളോ സസ്യങ്ങളോ ഇല്ലെന്നും കേട്ടിരുന്നു. ഉപരിതലത്തിൽ താറാവുകൾ അലസമായി ഒഴുകി നടക്കുന്നുണ്ടായിരുന്നു.
അടിയിലെ കല്ലുകൾ കാണുന്നവിധത്തിൽ അത്രയും തെളിഞ്ഞതും ശാന്തതയുള്ളതുമായൊരു ജലാശയം ഇതുവരെ കണ്ടിട്ടില്ല. ഓരോ സമയത്തും സൂര്യപ്രകാശം വീഴുന്നതിനനുസരിച്ച് ജലാശയത്തിന്റെ നിറം മാറിക്കൊണ്ടിരിക്കും. നീലയുടെ വിവിധ അടരുകൾ, വയലറ്റ്, ഓറഞ്ച്, ചാരനിറം, കറുപ്പ്. വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണത്. ഓക്സിജൻ ലഭ്യത കുറവും തണുപ്പു കൂടുതലുമായതിനാൽ അൽപ്പം കരുതിയിരിക്കണം.
പാംഗോംഗ് തടാകം സാധാരണക്കാർക്ക് അനുഭവവേദ്യമായത് ഹിന്ദി സിനിമകളിലൂടെയാണ്.അമീർഖാൻ സിനിമ ത്രീ ഇഡിയറ്റ്സ്, ഷാരുഖ് ഖാന്റെ ജബ് തക് യെ ജാൻ സിനിമകളുടെ പേരിലാണ് പാംഗോംഗ് സാധാരണക്കാർ തിരിച്ചറിയുന്നത്. ഈ രണ്ടു സിനിമകളുടെയും ബാക്കിപത്രങ്ങൾ അവിടെ നിലനിൽക്കുന്നുണ്ട്. ഷാരുഖിന്റെ ബുള്ളറ്റ് ബൈക്കും ടെന്റും ത്രി ഇഡിയറ്റ്സിലെ കരീന കപൂറിന്റെ സ്കൂട്ടറും ഇരിപ്പിടവുമെല്ലാം ടൂറിസ്റ്റ് ആകർഷണമാക്കി മാറ്റിയിരിക്കുന്നു.
നീലനിറമുള്ള തടാകം പതിയെ ഓറഞ്ചിലേക്കും കറുപ്പിലേക്കും നിറംമാറുകയാണ്. തണുത്തകാറ്റ് വല്ലാതെ വിറപ്പിക്കുന്നുണ്ട്.ശ്വാസത്തിന്റെ കുറവ് കിതപ്പായി ക്ഷീണിപ്പിക്കുന്നുണ്ട്. എന്നിട്ടും അവിടം വിട്ടുപോകാൻ തോന്നാതെ വശ്യമായ പ്രകൃതി പിടിച്ചുവച്ചിരിക്കുകയാണ്.
സഞ്ചാരികൾക്ക് പോകാനുള്ള സമയമായി.ഇരുളുംവരെയേ നിൽക്കാൻ അനുമതിയുള്ളൂ. രാത്രിനേരങ്ങളിൽ ശക്തിയായ ശീതക്കാറ്റ് വീശും. തടാകത്തിന്റെ പരിസരങ്ങളിൽ പരിസ്ഥിതിക്കു കോട്ടം വരാതെ പണിത ടെന്റുകളിലാണ് രാത്രി താമസം. അവിടെ നിന്നു നോക്കിയാൽ ഇരുളിൽ നിഗൂഢമായ ഒരു ചിത്രം പോലെ തടാകവും ഗിരിനിരകളും കാണാമായിരുന്നു. ഓക്സിജൻ കുറവ് പരിഹരിക്കാനായി നല്ല ചൂടുള്ള വെളുത്തുള്ളി സൂപ്പുൾപ്പെടെ രുചികരമായ വിഭവങ്ങളായിരുന്നു അത്താഴത്തിന്. നക്ഷത്രക്കാഴ്ചകൾ അടുത്തുകാണാവുന്ന സ്ഥലമായതിനാൽ ആകാശവിസ്മയങ്ങളിലേക്ക് ടെലിസ്കോപ്പും ഒരുക്കിവച്ചിരുന്നു അവിടെ. ടെന്റുകളുടെ മുറ്റത്ത് വിറകുകൂട്ടിയിട്ട് തീകായുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ. കൂട്ടത്തിൽ ഞങ്ങളുടെ മലയാളം കേട്ട് മലയാളിയായ മരുമകളുടെ ഭാഷയാണല്ലോ ഇതെന്നു പറഞ്ഞ് സൗഹൃദപൂർവ്വം അടുത്തുവന്ന പഞ്ചാബി ദമ്പതികൾ.
യാത്രാസംഘത്തിൽ ചിലർക്കെല്ലാം ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. രാത്രി ഉറക്കത്തിൽ കുറച്ചു നിമിഷങ്ങളിലേക്ക് ശ്വാസം നിലച്ചുപോകുന്ന അവസ്ഥ ഇവിടെ ചിലപ്പോൾ ഉണ്ടാവാറുണ്ട് എന്നു കേട്ടിരുന്നു. സോളാർ വൈദ്യുതിയായതിനാൽ രാത്രിയിൽ വൈദ്യുതി ലഭ്യത പ്രവചിക്കാനാവില്ലെന്നും ടോർച്ചും ഓക്ലിജനും കയ്യിൽ കരുതണമെന്നും പറഞ്ഞതിനാൽ ചെറിയ ആശങ്കയുണ്ടായിരുന്നു. ഓക്സിജൻ സിലിണ്ടർ സജ്ജമാക്കി വച്ച് ഉറങ്ങാൻ കിടന്നു. തെർമലും ജാക്കറ്റും സോക്സും കട്ടിയുള്ള ബ്ലാങ്കറ്റുകളും ഉണ്ടായിട്ടും തണുപ്പു തന്നെ. കിടക്കയുടെ മുകളിലായി ടെന്റിനു മുകളിൽ ആകാശത്തേക്കു തുറക്കുന്നൊരു ചില്ലു ജാലകമുണ്ട്. ഉറക്കം വന്നില്ല. എല്ലാ ടെൻറുകളും നിശ്ശബ്ദമായി. സഹയാത്രികർക്കെങ്ങാൻ ശ്വാസതടസ്സം വരുന്നുണ്ടോ എന്നിടക്കിടെ പരിശോധിച്ച് മയങ്ങിയും ഉണർന്നും വേഗം നേരം വെളുക്കുന്നുണ്ടോ എന്നു നോക്കിക്കിടന്നു. തടാകത്തിൽ നിന്നുള്ള ശീതക്കാറ്റ് സീൽക്കാരത്തോടെ ടെന്റുകൾക്ക് മുകളിലൂടെ വീശുന്ന ശബ്ദം. രാത്രി ഒരുപാടായപ്പോൾ ആകാശത്തേക്കു തുറക്കുന്ന ആ ജനാലയിലൂടെ ആയിരം നക്ഷത്രങ്ങൾ പൂത്തിറങ്ങിയ കാഴ്ച കണ്ടു. കണ്ണുകൾ അടയാതെ, ഉറക്കത്തിൽ വീണുപോകാതെ ആയുസ്സിലെ ആ അപൂർവ്വ സൗഭാഗ്യം കൺനിറയെ ആവാഹിക്കാൻ ശ്രമിച്ചു. അതിരാവിലെയുണരുമ്പോൾ ആകാശത്തിലൂടെ ഒരു നക്ഷത്രം പറന്നുപോകുന്നത് വ്യക്തമായിക്കണ്ടു. ഷൂട്ടിംഗ് സ്റ്റാർസ് ഇവിടെ പതിവാണെന്നു കേട്ടിരുന്നു. ഇത്ര അടുത്തുനിന്നും ആ കാഴ്ച കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ജനാലവിരി കാറ്റിലിളകുന്നുണ്ട്. തടാകം നീലനീലമായി പതിവു ശാന്തതയോടെ കിടക്കുന്നു. സഹയാത്രികരും ശാന്തമായി ഉറങ്ങുന്നു.
ദൈവത്തിനു നന്ദി..
അതിരാവിലെ തണുപ്പു വകവയ്ക്കാതെ തടാകതീരത്തേക്കിറങ്ങി.വിജനമായിരുന്നു അവിടെ. പ്രഭാതസൂര്യൻ മലനിരകളിൽ നിന്നും പതിയെ വെയിൽച്ചീളുകളെറിഞ്ഞ് തടാകത്തിന്റെ കവിളിൽ ചായം വാരിപ്പൂശുന്ന കാഴ്ച ഒരു ശല്യവുമില്ലാതെ കണ്ടുനിന്നു. വാക്കുകളുടെ പരിമിതിഅനുഭവപ്പെടുന്ന ചോതോഹരമായ അനുഭവം. കുറ്റിച്ചെടികളിൽ പൂത്തുനിൽക്കുന്ന മഞ്ഞയും റോസും നിറമുള്ള പൂക്കൾ. എത്രസമയം അവിടെ നിന്നുവെന്നറിയില്ല.വെയിൽ വന്ന് തടാകം കടുംനീലനിറമായി. ലേ യിലേക്ക് മടങ്ങുകയാണ്.പ്രഭാതഭക്ഷണം കഴിഞ്ഞ് ടെൻറുകളുടെ അവസാനം വെയിൽ വരുന്നയിടത്തിരിക്കുമ്പോൾ തലേന്നു കണ്ട പഞ്ചാബി ദമ്പതികളുമെത്തി. എഴുപതു കഴിഞ്ഞവരാണ്. മനസ്സുണ്ടെങ്കിൽ ഏതുപ്രായത്തിലും എന്തുമാവാമെന്ന് പറഞ്ഞ് ചിരിച്ചു അവർ. അവരും കുറെക്കാലമായി ആഗ്രഹിച്ചതാണ് ഈ യാത്ര..ഡൽഹിയിൽ വസ്ത്രബിസിനസ് ചെയ്യുന്ന കുടുംബമാണ്. സുവർണ്ണക്ഷേത്രത്തെക്കുറിച്ച്, ജിവിതത്തിലുണ്ടായ ചില വിചിത്രാനുഭങ്ങളെക്കുറിച്ചെല്ലാം അവർ പറഞ്ഞു. തലേന്നു പരിചയപ്പെട്ടവരെങ്കിലും എത്രയോ കാലമായി പരിചയക്കാരായിരുന്നുവെന്നു തോന്നിപ്പിച്ചു അവർ.
പാംഗോംഗിൽ നിന്നും ലേയിലേക്ക് തിരിച്ചു പോകുന്നത് വന്ന വഴിയിലൂടെയല്ല. ചാംഗ് ലാ പാസ് വഴിയാണ്.160 കിലോമീറ്റർ ദൂരം. കാലാവസ്ഥ നല്ലതാണെങ്കിൽ നാലഞ്ച് മണിക്കൂറിൽ എത്താം.പാംഗോംഗ്-ടാംഗ്സേ-ചാംഗ്ലാ-ഖാറു –ലേ റൂട്ടാണ്. കുഴപ്പമില്ലാത്ത റോഡാണ്. ശ്യോക് നദിയുടെ ഓരം ചേർന്നാണ് യാത്ര. വഴിയിൽ നദിക്കരയിൽ ഹിമാലയൻ മർമോത്തുകളെ കണ്ടു. മൂഷികവർഗ്ഗത്തിൽപ്പെട്ട ഈ ജീവികൾ ഉയരക്കൂടുതലുള്ള മലനിരകളിലാണ് ജീവിക്കുന്നത്. ഉണ്ടായിരുന്നു.കൗതുകകരമായ കാഴ്ചയായിരുന്നു അവ.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ (18000 അടി) സഞ്ചാരയോഗ്യമായ റോഡുകളിൽ രണ്ടാമത്തേതാണ് ചാംഗ് ലാ പാസ്. ചാംഗ് ലാ യുടെ ഉയരവ്യത്യാസത്തോട് ശരീരം വ്യക്തമായി പ്രതികരിക്കുന്നതറിയാൻ കഴിഞ്ഞു. ചാംഗ് ലാ പാസിൽ വേനലിലും മഞ്ഞുമൂടിയിരുന്നു. റോഡ് പണി നടക്കുന്നുണ്ട്. ശ്വാസം പോലുമില്ലാത്ത ആ വഴികൾ ഗതാഗതയോഗ്യമാക്കാൻ അദ്ധ്വാനിക്കുന്ന മനുഷ്യർ. കുടിവെള്ളം ഉണ്ടോയെന്നു ചോദിച്ച് അവർ വാഹനത്തിനു കൈനീട്ടിയപ്പോൾ സഹയാത്രികർ വെള്ളവും ബിസ്ക്കറ്റുമെല്ലാം നൽകി.
ചാംഗ് ലാ ബാബയുടെ മന്ദിറിൽ സന്ദർശകരുണ്ട്.നൂറ്റാണ്ടു മുമ്പ് വിജനവും മനുഷ്യജീവിതത്തിന് യോഗ്യവുമല്ലാത്ത ഈ വിദൂരമഞ്ഞുമലയിലെ ഗുഹയിൽ ധ്യാനനിരതനായിരുന്ന ചാംഗ് ലാ ബാബക്ക് ജ്ഞാനോദയമുണ്ടായതിവിടെ വച്ചാണ്. ബാബയുടെ പേരാണ് ചുരത്തിനു നൽകിയിരിക്കുന്നത്. മന്ദിറിൽ നിന്നുയരുന്ന മണികളുടെ ശബ്ദവും പുകയുന്ന ചന്ദനത്തിരികളുടെ സുഗന്ധവും ശാന്തമായ ആ പ്രകൃതിയുടെ വശ്യതയും അനുഭവിക്കാനായി ധാരാളം തീർത്ഥാടകരും ബുദ്ധിസ്റ്റുകളും വരുന്നുണ്ട്.സിയാച്ചിൻ പട്ടാളക്കാരാണ് ഇവിടെ കാര്യങ്ങൾ നോക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതും. റോഡ് പണിയെടുക്കുന്നവർ വെള്ളം ചോദിച്ചിരുന്നുവെന്നു പറഞ്ഞപ്പോൾ പട്ടാളക്കാർ ഒരു നിമിഷം ചിന്തിച്ചു. അവിടെ സൗകര്യങ്ങളുണ്ടെന്നും അവർ പണിയെടുത്തു കൂടുതൽ ദൂരം കടന്നുപോയിരിക്കും അതുകൊണ്ടാണ് വെള്ളം ചോദിച്ചതെന്നും വേണ്ടതു ചെയ്യാം എന്നും പറഞ്ഞപ്പോൾ സമാധാനം തോന്നി. ആവേശഭരിതരായി ഓടിയെത്തിയ ഞങ്ങൾക്ക് ചൂടുള്ളചായയും ഗോതമ്പും നെയ്യും ചേർത്ത രുചികരമായ പ്രസാദവും നൽകിയാണ് പട്ടാളക്കാർ പറഞ്ഞയച്ചത്. ചാംഗ് ലയിലെ മഞ്ഞുമലകളിൽ കുറച്ചുസമയം ചെലവഴിച്ച് യാത്ര തുടർന്നു.
ആയാസരഹിതമായി ലേയിൽ എത്തി. ഇനി ശാന്തി സ്തൂപം കൂടി കാണണം. ആദ്യദിവസം തന്നെ കാണേണ്ടതായിരുന്നു. സമയപരിമിതി കാരണം മാറ്റിവച്ചതാണ്. 1991 ൽ ജാപ്പനീസ് ബുദ്ധസന്യാസി ഗ്യോമ്യോ നാകമുറയാണ് സ്തൂപം നിർമ്മിച്ചത്. വെളുത്ത താഴികക്കുടരൂപത്തിലുള്ള ശാന്തി സ്തൂപം ലേ പട്ടണത്തെ അഭിമുഖീകരിക്കുന്നു. സ്തൂപത്തിന്റെ താഴെ ശ്രീബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ പ്രതിഷ്ഠിച്ചത് 14 മത്തെ ദലൈലാമയാണ്. സ്തൂപത്തിന്റെ ആദ്യഭാഗം ധർമ ചക്രവും രണ്ടാം ഭാഗം മഹാനിർവ്വാണവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. ബുദ്ധിസത്തിന്റെ 2500 മത് വാർഷികത്തിൽ ലോകസമാധാനത്തിനു വേണ്ടി നിർമിച്ച സ്തൂപം ഇന്ത്യ ജപ്പാൻ സൗഹൃദത്തിന്റെ നേർക്കാഴ്ചകൂടിയാണ്.കുന്നിൻ മുകളിലുള്ള ഈ ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ ചാൻസ്പാ ഗ്രാമത്തിൻറെയും ചുറ്റുമുള്ള എണ്ണമറ്റ പർവ്വതങ്ങളുടെയും ചേതോഹരമായ കാഴ്ചയാണ്. വെയിലിന്റെ കാഠിന്യം കാരണം ഒരുപാടു സമയം നിൽക്കാനായില്ല.
തിരിച്ച് ലേ യിലെ ഹോട്ടലിലേക്ക്.
ഒരിക്കൽ കൂടി മാർക്കറ്റ് പരിസരങ്ങളിലൂടെ നടന്നു. ലഡാക്കിലേക്കു വരുന്നതിനു മുമ്പ് പറഞ്ഞു കേട്ടിരുന്നു ഇവിടെയുള്ള തെരുവു നായ്ക്കൾ അപകടകാരികളാണെന്ന്.അതുകൊണ്ടു തന്നെ നായക്കളെ കാണുമ്പോഴേ ഹൃദയമിടിപ്പു കൂടും. പക്ഷേ ബിസ്ക്കറ്റോ മറ്റോ കൊടുത്താൽ ശാന്തതയോടെ വന്നെടുക്കുന്ന നായ്ക്കളെയാണ് കണ്ടത്.
സീസൺ അവസാനിക്കുകയാണ്.
ഇനി നാലഞ്ചു മാസങ്ങൾ ശീതമുറഞ്ഞ് വിജനമായിക്കിടക്കും ഈ വഴികൾ. ലേ യിലെ അധികം ഹോട്ടലുകളും മഞ്ഞുകാലത്ത് അടച്ചിടുകയാണ് പതിവെന്നും ജീവനക്കാർ മറ്റെവിടെയെങ്കിലും പോയി ജോലി ചെയ്യുമെന്നും ജീവനക്കാർ പറഞ്ഞിരുന്നു. പല കുടുംബങ്ങളും മഞ്ഞുകാലത്ത് ദൽഹിയിലും മറ്റുമുള്ള ബന്ധുവീടുകളിലും മറ്റും പോയി താമസിക്കുകയാണ് പതിവ്.
ഉച്ചഭക്ഷണം കഴിഞ്ഞ് ഹോട്ടൽ ജീവനക്കാരോട് യാത്ര പറഞ്ഞു.
എയർപോർട്ടിലെത്തിയതും ഫ്ലൈറ്റ് നേരത്തെയാണെന്നറിഞ്ഞു. ഓടിപ്പിടിച്ചു സീറ്റിലെത്തി.
മലനിരകളുടെ വിസ്മയക്കാഴ്ചകൾക്കു മുകളിലൂടെ കടന്നുപോവുമ്പോൾ കണ്ണിമയ്ക്കാതെ താഴേക്കു നോക്കി. വന്നതു പോലെയല്ല തിരിച്ചു പോകുന്നത്. ഒരായുസ്സിലേക്കുള്ള കാഴ്ചകൾ സ്വന്തമാക്കിയാണ്. ചാരം,നീല,കറുപ്പ്,പച്ച...പർവ്വതങ്ങൾ,പർവ്വതങ്ങൾ മാത്രം.
ആപ്രിക്കോട്ടുകളുടെ സുഗന്ധം മായുകയാണ്.സ്വപ്നഭൂമിയിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്ക്.
ഓർമയുടെ അവസാനത്തെ കണികയും അവശേഷിക്കുന്ന നാൾ വരെ ഹൃദയത്തിൽ സൂക്ഷിക്കാൻ അവിസ്മരണിയമായ ഈ ദിനങ്ങളുണ്ടാവും.
ജൂ -ലൈ... ലഡാക്ക്...