ADVERTISEMENT

ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ. പ്രായം 30 ൽ താഴെയാണോ? ഒരു പുതിയ പ്രൊജക്ടുമായി ഓസ്ട്രേലിയ എത്തിയിരിക്കുകയാണ്. 18 നും 30 വയസ്സിനും ഇടയിൽ പ്രായമുള്ള 1000 ഇന്ത്യൻ പൗരൻമാർക്ക് ഒരു വർഷത്തേക്ക് ഓസ്ട്രേലിയയിൽ ജോലി ചെയ്യാനും അവധിക്കാലം ആഘോഷിക്കാനും അനുമതി നൽകും.

Sydney, NSW, Australia. Image Credit : Scott McManus/shutterstock
Sydney, NSW, Australia. Image Credit : Scott McManus/shutterstock

ഓസ്ട്രേലിയൻ വർക്കിങ് ഹോളിഡേ മേക്കർ പരിപാടിയുടെ  ഭാഗമായാണ് ഇത്തരത്തിലൊരു ഉദ്യമം. ഈ പരിപാടിയിൽ 2024 സെപ്തംബർ 16ന് ഇന്ത്യയും ഔദ്യോഗികമായി പങ്കാളികളായി. ഇതിനെ തുടർന്നാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായത്. ഓസ്ട്രേലിയയുടെ ഇമിഗ്രേഷൻ അസിസ്റ്റന്റ് മിനിസ്റ്റർ മാറ്റ് തിസ് ലെത്ത് വെയ്റ്റാണ് പ്രഖ്യാപനം നടത്തിയത്.

ഓസ്ട്രേലിയ - ഇന്ത്യ സാമ്പത്തിക - സഹകരണ വ്യാപാര കരാറിന്റെ ഭാഗമായി ഹ്രസ്വകാലത്തേക്ക് ഓസ്ട്രേലിയയിൽ പോയി ജോലി ചെയ്യാനും പഠിക്കാനും ഇന്ത്യൻ പൗരന്മാരെ ഇത് അനുവദിക്കുന്നു. അനുമതി ലഭിക്കുന്നവർക്ക് ഒരു വർഷം വരെ ഓസ്ട്രേലിയയിൽ തുടരാം. യോഗ്യത നേടുകയാണെങ്കിൽ അധിക വർഷത്തേക്ക് രണ്ടാമത്തെ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇരു രാജ്യങ്ങളുടെയും സാമൂഹ്യ - സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് ഈ നടപടി ഒരു ചുവടുവയ്പ്പ് ആകും.

Image Credit : LIBIN THOMAS OLAPRATH/Shutterstock
Image Credit : LIBIN THOMAS OLAPRATH/Shutterstock

റിപ്പോർട്ടുകൾ അനുസരിച്ച് ഈ ജനപ്രിയ ഓസ്ട്രേലിയൻ പരിപാടിയിൽ പങ്കാളിയാകുന്ന അമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി 2024 ഒക്ടോബർ ഒന്നു മുതൽ 18 –30 വയസ്സിനു ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരത്വമുള്ള 1000 പേർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രി വീസ നൽകും. ഈ വീസ 12 മാസത്തേക്കുള്ള താൽക്കാലികമായ താമസത്തിന് അനുമതി നൽകുന്നു. കൂടാതെ യോഗ്യതയുള്ളവർക്ക് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. അവധിക്കാലം ചെലവഴിക്കാനും ഹ്രസ്വകാല പഠനങ്ങളിൽ ഏർപ്പെടാനും ഈ വീസയിൽ എത്തുന്നവർക്ക് അനുമതി ലഭിക്കുന്നു. അതേസമയം, അപേക്ഷകർ ചില കാര്യങ്ങൾ പാലിക്കുകയാണെങ്കിൽ ആദ്യവർഷത്തിനു ശേഷം വീണ്ടും വർക്ക്, ഹോളിഡേ വീസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ഓസ്ട്രേലിയയിലേക്കു വർക്ക് ആൻഡ് ഹോളിഡേ വീസയ്ക്ക് അപേക്ഷിക്കേണ്ട കാലാവധി 2024 ഒക്ടോബർ ഒന്നു മുതൽ 31വരെയാണ്. താൽപര്യമുള്ള ഇന്ത്യൻ പൗരൻമാർ വീസ പ്രി - ആപ്ലിക്കേഷൻ ബാലറ്റ് നടപടിക്രമത്തിലൂടെ രജിസ്റ്റർ ചെയ്യണം. കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം ഉപയോഗിച്ച് ആയിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. അപേക്ഷിക്കുന്നതിനുള്ള ഫീസ് 25 ഡോളറാണ്. വീസയ്ക്ക് ഏകദേശം 650 ഡോളർ ആണ് ചെലവാകുക. അതേസമയം, ഇതുവരെ ഏകദേശം 40,000 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

English Summary:

Attention Indians under 30! Australia is offering 1000 working holiday visas. Learn how to apply for this incredible opportunity to work and travel in Australia for a year!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com