വൻ വിലക്കുറവിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യണോ, ഈ ട്രിക്കുകൾ അറിഞ്ഞിരിക്കണം
Mail This Article
ഒരു യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ വില്ലനായി പലപ്പോഴും കയറിവരുന്ന കാര്യങ്ങളിൽ ഒന്നാണ് ഫ്ലൈറ്റ് ടിക്കറ്റുകൾ. കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് തിരയുന്നതും മണിക്കൂറുകളോളം തിരഞ്ഞ് കണ്ടുപിടിച്ച് ബുക്ക് ചെയ്യുന്നതും ഒരു ഒന്നൊന്നര പണിയാണ്. എന്നാൽ, ചില സൂത്രപണികൾ പരിശോധിച്ചാൽ ഫ്ലൈറ്റ് ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാൻ കഴിയും. കുറഞ്ഞ ചെലവിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ചില ചെപ്പടിവിദ്യകൾ പരീക്ഷിക്കാം.
ഇൻകോഗ്നിറ്റോ (പ്രൈവറ്റ്) മോഡ്
നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വെബ് ബ്രൌസറിൽ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് നിരന്തരം പരിശോധിക്കുകയാണെങ്കിൽ പതിയെ നിരക്ക് കൂടി വരുന്നത് കാണാൻ കഴിയും. നിരന്തരം തിരച്ചിൽ നടത്തുമ്പോൾ വെബ്സൈറ്റ് നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള ബ്രൗസറിൽ സേവ് (കുക്കീസ്) ചെയ്യും. നിങ്ങളുടെ ഓൺലൈൻ തിരച്ചിൽ അനുഭവം കൂടുതൽ എളുപ്പമാകുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാൽ, ഒരു പ്രത്യേക റൂട്ട് സ്ഥിരമായി തിരയുമ്പോൾ നിരക്ക് മാറുകയും അതിൽ വർധന കാണുകയും ചെയ്യാം. നിരക്ക് വർധന കാണുമ്പോൾ നിങ്ങൾ പെട്ടെന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യതയും ഉണ്ടാകും. ഇത്തരം അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ഇൻകോഗ്നിറ്റോ മോഡിലേക്ക് പോയി ടിക്കറ്റ് തിരയുന്നത് ആയിരിക്കും നല്ലത്.
കുക്കീസ് ക്ലിയർ ചെയ്യുക
നിരന്തരം ഒരു കാര്യത്തെക്കുറിച്ച് തിരച്ചിൽ നടത്തുമ്പോൾ വെബ്സൈറ്റ് നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള കാര്യങ്ങൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിനെയാണ് കുക്കീസ് എന്ന് പറയുന്നത്. ഇടയ്ക്കിടയ്ക്ക് ഈ കുക്കീസ് ക്ലിയർ ചെയ്യുന്നത് തിരച്ചിൽ കൂടുതൽ സുഖപ്രദമാക്കും. നിങ്ങളുടെ ബ്രൗസറിലെ കുക്കീസിനെ ആശ്രയിച്ചായിരിക്കും വിമാനത്തിന്റെ ടിക്കറ്റ് നിരക്ക്. നിങ്ങളുടെ സെർച്ച് ഹിസ്റ്ററി സംബന്ധിച്ച ഏറ്റവും അടുത്തുണ്ടായ കാര്യങ്ങൾ കുക്കീസ് സേവ് ചെയ്ത് വയ്ക്കുന്നു. അതുകൊണ്ടു തന്നെ ഇനി ഫ്ലൈറ്റ് ടിക്കറ്റ് സെർച്ച് ചെയ്യുന്നതിന് തൊട്ടുമുമ്പായി കുക്കീസ് ക്ലിയർ ചെയ്യാൻ ശ്രദ്ധിക്കുക.
നോൺ - റീഫണ്ടബിൾ ടിക്കറ്റുകൾ
റീഫണ്ട് ചെയ്യുന്ന ടിക്കറ്റുകളേക്കാൾ നിരക്ക് കുറവ് ആയിരിക്കും നോൺ റീഫണ്ടബിൾ ടിക്കറ്റുകൾക്ക്. നിങ്ങളുടെ യാത്രയെക്കുറിച്ചും യാത്രാ തീയതിയെക്കുറിച്ചും കൃത്യമായ ബോധ്യം ഉണ്ടെങ്കിൽ നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. ഇത് യാത്രയിലേക്ക് കുറച്ച് പണം സേവ് ചെയ്ത് വയ്ക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും. കൂടാതെ, ഒരു വശത്തേക്കുള്ള ടിക്കറ്റ് മാത്രമായി ബുക്ക് ചെയ്യുന്നതിനു പകരം റൗണ്ട് ട്രിപ്പ് ബുക്ക് ചെയ്യുന്നതും പണം സേവ് ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ്.
സ്ഥിരമായി ഒരു എയർലൈൻ
ഒരു ബന്ധം ശക്തമായി മുന്നോട്ട് പോകണമെങ്കിൽ വിശ്വാസവും കൂറും നിർബന്ധമാണ്. ആകാശയാത്രയുടെ കാര്യത്തിലും അക്കാര്യത്തിൽ വ്യത്യാസമില്ല. ആകാശയാത്രകൾക്ക് സ്ഥിരമായി ഒരു എയർലൈൻ തന്നെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഡിസ്കൗണ്ട് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി ഒരു യാത്രക്കാരൻ ഒരേ എയർലൈൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് പോയിന്റുകൾ ചേർക്കപ്പെടുന്ന രീതിയിലുള്ള ലോയൽറ്റി പ്രോഗ്രാമുകളുണ്ട്. തുടർന്ന് ആ പോയിന്റുകൾ ശേഖരിക്കുന്നതിലൂടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ഡിസ്കൗണ്ട് നിരക്കിൽ ബുക്ക് ചെയ്യാൻ കഴിയും.
നിരക്ക് കുറഞ്ഞ ദിവസം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുക
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിരക്ക് കുറഞ്ഞ ദിവസം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുക. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെകളിൽ പുറപ്പെടുന്ന വിമാനങ്ങൾക്കു മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് ആയിരിക്കും. ഈ സമയം ഓഫ് പീക്ക് ട്രാവൽ എന്നാണ് അറിയപ്പെടുന്നത്. അതിനാൽ യാത്ര ചെയ്യാനുള്ള തീയതികൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ ബുക്കിങ്ങിൽ വലിയ തുക ലാഭിക്കാൻ ഇങ്ങനെ ചെയ്താൽ കഴിയും.
സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ എയർലൈനുകളെ ഫോളോ ചെയ്യുക
നിരവധി ആളുകളുടെ ജീവിതം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാറ്റി മറിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾക്ക് നിരവധി മാറ്റങ്ങൾ വരുത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൊണ്ടു കഴിയും. സോഷ്യൽ മീഡിയയിൽ എയർലൈനുകളെ ഫോളോ ചെയ്യുന്നത് ഒരു ശീലമാക്കുക. ചില എയർലൈനുകൾ പ്രൊമോഷണൽ ഡീലുകൾ അവതരിപ്പിക്കും. ഇതു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നമ്മളെ സഹായിക്കും. ഭാഗ്യമുണ്ടെങ്കിൽ ചില സമയങ്ങളിൽ ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ ലാഭിക്കാനും കഴിയും. ദീർഘദൂരത്തേക്ക് ആണ് യാത്ര ചെയ്യുന്നതെങ്കിൽ എപ്പോഴും കണക്ടിങ് ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. നേരിട്ടുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ കണക്ടിങ് ഫ്ലൈറ്റിൽ കുറച്ച് കൂടെ പൈസ ലാഭിക്കാൻ കഴിയും.