കോമോ തടാകം കണ്ടു മടങ്ങുമ്പോള്‍ ശുദ്ധവായു കൊണ്ടു പോകാം, വില 1000 രൂപ!
Mail This Article
റോമാക്കാരുടെ കാലം മുതൽ ലോകമെമ്പാടുമുള്ള പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ് ഇറ്റലിയിലെ കോമോ തടാകം. പ്രകൃതി ഭംഗിയുടെ അവസാന വാക്കെന്നു പറയാവുന്ന ഈ പ്രദേശം, ഹോളിവുഡ് സെലിബ്രിറ്റികളുടെ പറുദീസയാണ്. "കാസിനോ റോയൽ", "ഹൗസ് ഓഫ് ഗുച്ചി" എന്നിവയുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ ഹോളിവുഡ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ലോംബാർഡി ടൂറിസം ബ്യൂറോയുടെ കണക്കനുസരിച്ച് 2023 ൽ 5.6 ദശലക്ഷത്തിലധികം ആളുകൾ കോമോ തടാകം കാണാനെത്തി.
തടാകം കണ്ടുമടങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടെ കൊണ്ടുപോകാന്‍ വളരെ വ്യത്യസ്തമായ ഒരു 'സമ്മാനം' ഇവിടെയുണ്ട്, കോമോ തടാകത്തിലെ വായു! കോമോയിൽ നിന്ന് ശേഖരിച്ച 400 മില്ലി ലിറ്റർ വായു ക്യാനുകളിലാക്കിയാണ് വില്‍ക്കുന്നത്. ഓരോ "ലേക്ക് കോമോ എയർ" ക്യാനിനും 9.90 യൂറോ അഥവാ 928 രൂപയാണ് വില. കമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഇറ്റലി കമ്യൂണിക്ക (ItalyComunica)യാണ് ഈ ക്യാനുകള്‍ വില്‍ക്കുന്നത്. ഈ ക്യാനുകളില്‍ "ലോകത്തിലെ ഏറ്റവും മനോഹരമായ തടാകത്തിൽ നിന്നുള്ള ശുദ്ധവായു" അടങ്ങിയിരിക്കുന്നുവെന്ന് ഇവരുടെ വെബ്സൈറ്റ് പറയുന്നു.
ഒക്‌ടോബർ ആദ്യം മുതൽ വിൽപ്പനയ്‌ക്കെത്തിയ ക്യാനുകൾ കോമോയിലെയും പരിസരങ്ങളിലെയും പ്രാദേശിക സ്റ്റോറുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. ഇവ ഓൺലൈനായി വാങ്ങാൻ കഴിയില്ല. ലേക് കോമോ പ്രദേശത്തേക്കുള്ള സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആദ്യമായി കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും ഇതാദ്യമായല്ല, വായു ഇങ്ങനെ ക്യാനിലാക്കി വില്‍ക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ, ഇറ്റാലിയൻ വ്യവസായിയായിരുന്ന ജെന്നാരോ സിയാറവോലോ നേപ്പിൾസിൽ നിന്നുള്ള വായു ടിന്നിലടച്ച് വിറ്റിരുന്നു. കനേഡിയൻ ബ്രാൻഡായ വിറ്റാലിറ്റി എയർ, റോക്കി മൗണ്ടൻസിൽ നിന്നുള്ള വായു കുപ്പിയിലാക്കി ലോകമെമ്പാടും വിൽക്കുന്നു. ഐസ്‌ലാൻഡിലും വിനോദസഞ്ചാരികൾക്ക് ഇതേപോലെ എയർ ക്യാനുകള്‍ വാങ്ങാം.
മിലാനിൽ നിന്ന് 50 കിലോമീറ്റർ വടക്ക്, വടക്കൻ ഇറ്റലിയിലെ ലോംബാർഡിയിലാണ് ലെക്കോ നഗരം സ്ഥിതിചെയ്യുന്നത്. മഞ്ഞുമലയില്‍ നിന്നുത്ഭവിക്കുന്ന കോമോ തടാകം ലെക്കോയുടെ മുഖമുദ്രയാണ്. ഗാർഡ തടാകത്തിനും മാഗിയോർ തടാകത്തിനും ശേഷം ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണിത്. 400 മീറ്ററിലധികം ആഴമുള്ള ഈ തടാകം യൂറോപ്പിലെ അഞ്ചാമത്തെ ആഴമേറിയ തടാകമാണ്. കൂടാതെ, നോർവേയ്ക്ക് പുറത്തുള്ള ഏറ്റവും ആഴമേറിയ തടാകവും കൂടിയാണിത്. തടാകത്തിന്‍റെ അടിഭാഗം സമുദ്രനിരപ്പിൽ നിന്ന് 200 മീറ്ററിലധികം താഴെയാണ്.
കൂടാതെ കലാ-സാംസ്കാരിക പ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങളും നിര്‍മ്മിതികളുമുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവുമാണ് ഇവിടം. വില്ല ഓൾമോ, വില്ല സെർബെല്ലോണി , വില്ല കാർലോട്ട തുടങ്ങി നിരവധി വില്ലകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ലാഗ്ലിയോ എന്ന ഗ്രാമത്തിൽ പ്രശസ്ത ഹോളിവുഡ് നടന്‍ ജോർജ്ജ് ക്ലൂണി ഒരു വില്ല വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ, മാത്യു ബെല്ലാമി, ജോൺ കെറി, മഡോണ, ജിയാനി വെർസേസ്, റൊണാൾഡീഞ്ഞോ, സിൽവസ്റ്റർ സ്റ്റാലൺ, ജൂലിയൻ ലെനൻ, റിച്ചാർഡ് ബ്രാൻസൺ, ബെൻ സ്‌പൈസ്, പിയറിന ലെഗ്‌നി തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ കോമോ തടാക തീരത്ത് വീടുകൾ വാങ്ങിയവരാണ്.
പ്രകൃതിദൃശ്യങ്ങൾക്കും വന്യജീവികൾക്കും സ്പാകൾക്കുമെല്ലാം ഇവിടം പ്രശസ്തമാണ്. കപ്പല്‍ യാത്ര, വിൻഡ്‌സർഫിങ്, കൈറ്റ്സർഫിങ് എന്നിങ്ങനെയുള്ള വിനോദങ്ങളും ഇവിടെയുണ്ട്. തേൻ, ഒലിവ് ഓയിൽ, ചീസ്, പാൽ, മുട്ട, സലാമിസ് തുടങ്ങിയ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന നിരവധി ഫാമുകൾ തടാകതീരത്തെങ്ങും കാണാം. ഇവിടുത്തെ വിനോദസഞ്ചാരത്തിന്‍റെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണമാണ് ഇത്തരം ഫാമുകളിലെ സന്ദര്‍ശനം.