ജനപ്രിയ ബീച്ചുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തി ആന്ധ്രാപ്രദേശ്; മാറ്റം ജനുവരി 1 മുതല്‍
Mail This Article
സംസ്ഥാനത്തുടനീളമുള്ള ജനപ്രിയ ബീച്ചുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പ്. 2025 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തില്‍ വരും. സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ബീച്ചുകൾ പരിപാലിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്ത് ശുചിത്വം ഉറപ്പാക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനുമായാണ് പുതിയ നീക്കമെന്ന് ടൂറിസം മന്ത്രി കണ്ടൂല ദുർഗേഷിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം, ശുചിത്വ ശ്രമങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ടൂറിസം സൗകര്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും. റോഡുകൾ നവീകരിക്കുക, വിശ്രമമുറികൾ പോലുള്ള മികച്ച സൗകര്യങ്ങൾ, സന്ദർശക സൗഹൃദ സൗകര്യങ്ങൾ എന്നിവ പ്ലാനുകളിൽ ഉൾപ്പെടുന്നു. വിനോദസഞ്ചാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി റിസോർട്ടുകളും വിനോദ മേഖലകളും നിർമിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രവേശന ഫീസ് ഒരാൾക്ക് 15 രൂപ മുതൽ 20 രൂപ വരെ ആയിരിക്കും. പരിസ്ഥിതി ആഘാതം കുറച്ചു കൊണ്ട് ടൂറിസത്തിൽ നിക്ഷേപം നടത്താനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്‍റെ ഭാഗമാണ് ഈ ഫീസ്. ആന്ധ്രാപ്രദേശിലെ, പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതും വർഷം തോറും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമായ മൈപ്പാട് ബീച്ച്, കാക്കിനഡ ബീച്ച്, രാമായപട്ടണം ബീച്ച്, റുഷിക്കൊണ്ട ബീച്ച്, സൂര്യലങ്ക ബീച്ച് എന്നിവിടങ്ങളിലാണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. മനോഹരമായ തീരപ്രദേശങ്ങൾക്ക് പേരുകേട്ടതാണ് ആന്ധ്രാപ്രദേശ്
1. മൈപ്പാട് ബീച്ച് (Mypadu Beach)
സ്വർണ മണലും തെളിഞ്ഞ നീല വെള്ളവുമെല്ലാമുള്ള മായിപ്പാട് ബീച്ച് നെല്ലൂരിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ബീച്ച് സൈഡ് പിക്നിക്കുകൾക്കും മനോഹരമായ സൂര്യാസ്തമയ കാഴ്ചകൾക്കും പേരുകേട്ട ബീച്ചില്‍ വിനോദസഞ്ചാരികൾക്ക് ക്രൂയിസ് യാത്രയുണ്ട്. സംസ്ഥാന ടൂറിസം ബോർഡായ ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (APTDC ) ബീച്ച് പരിപാലിക്കുന്നത്.
2. കാക്കിനഡ ബീച്ച്(Kakinada Beach)
ബംഗാൾ ഉൾക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന കാക്കിനഡ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽ വനങ്ങളിൽ ഒന്നായ കോറിംഗ വന്യജീവി സങ്കേതത്തിനടുത്താണ് കാക്കിനഡ സ്ഥിതി ചെയ്യുന്നത്, സുന്ദർബൻസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടാണിത്. ഇന്ത്യൻ ബീച്ചുകളിലെ ഏറ്റവും നീളം കൂടിയ കടൽത്തീരമുള്ള ബീച്ചാണ് കാക്കിനഡ ബീച്ച്. ശക്തമായ ചുഴലിക്കാറ്റുകളിൽ നിന്ന് കാക്കിനാഡയെ സംരക്ഷിക്കുന്ന ഹോപ്പ് ഐലൻഡിലേക്കു സഞ്ചാരികള്‍ക്ക് ബോട്ട് സവാരി നടത്താം. വൈവിധ്യമാർന്ന സമുദ്രജീവികളെ നിരീക്ഷിക്കുന്നതിനും പക്ഷിനിരീക്ഷണത്തിനും പറ്റിയ സ്ഥലമാണ് ദ്വീപ്.
3. രാമായപട്ടണം ബീച്ച് (Ramayapatnam Beach)
പ്രകാശം ജില്ലയിൽ സ്ഥിതി ചെയ്യുന്ന രാമായപട്ടണം ബീച്ച് പ്രകൃതി സൗന്ദര്യവും ചരിത്ര പ്രാധാന്യവും വഴിയുന്ന മനോഹരമായ ഒരു തീരപ്രദേശമാണ്. രാമായണത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ ബീച്ചില്‍ ശ്രീരാമൻ കാലുകുത്തിയതാണ് എന്നാണു വിശ്വസിക്കപ്പെടുന്നത്. ഇതിനു ചുറ്റുമായി നിരവധി ക്ഷേത്രങ്ങളും ചരിത്ര അവശിഷ്ടങ്ങളുമുണ്ട്.
4. റുഷിക്കൊണ്ട ബീച്ച് (Rushikonda Beach)
ബംഗാൾ ഉൾക്കടലിന്റെ തീരത്ത്, വിശാഖപട്ടണം നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് റുഷിക്കൊണ്ട ബീച്ച് സ്ഥിതി ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നായ ഇവിടം, പ്രകൃതിഭംഗിയും സാഹസികതയും കൊണ്ടു വർഷം മുഴുവനും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ജെറ്റ് സ്കീയിങ്, വിൻഡ്‌സർഫിങ്, കയാക്കിങ്, സ്നോർക്കലിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കു പേരുകേട്ടതാണ് ബീച്ച്.
5. സൂര്യലങ്ക ബീച്ച്(Suryalanka Beach)
ഗുണ്ടൂരിൽ നിന്നും വിജയവാഡയിൽ നിന്നും ഏതാനും മണിക്കൂറുകൾ മാത്രം അകലെ, ബപട്‌ല പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന സൂര്യലങ്ക ബീച്ച്, വൃത്തിയുള്ള തീരത്തിനും ശാന്തമായ തിരമാലകൾക്കും പ്രസിദ്ധമാണ്. ബീച്ചിനോട് ചേർന്ന് ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്‍റെ നിരവധി റിസോർട്ടുകളുണ്ട്, ഇവിടുത്തെ ബീച്ച് ഫ്രണ്ട് കോട്ടേജുകൾ വളരെ ജനപ്രിയമാണ്. തീരത്ത് സന്ദർശകർക്ക് ടെന്റുകളിടാനും തിരമാലകളുടെ ശാന്തമായ ശബ്ദം കേട്ട് രാത്രി ചെലവഴിക്കാനും അവസരമൊരുക്കുന്ന ബീച്ച് സൈഡ് ക്യാംപിങ്ങാണ് മറ്റൊരു ആകര്‍ഷണം. അതിരാവിലെ എഴുന്നേറ്റു നോക്കിയാല്‍ ജലത്തില്‍ ഡോൾഫിനുകള്‍ തുള്ളിക്കളിക്കുന്ന കാഴ്ചയും മനംനിറയ്ക്കും.