'2025ൽ യാത്ര ചെയ്യാൻ മികച്ചത്'; ലോൺലി പ്ലാനറ്റിന്റെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു സ്ഥലം മാത്രം
Mail This Article
യാത്രാ പ്രേമികൾക്ക് ഒരു വഴികാട്ടിയാണ് ലോൺലി പ്ലാനറ്റ് മാഗസിൻ. 150 മില്യണിന് മേലെ ബുക്കുകളാണ് ഓരോ വർഷവും പ്രിന്റ് ചെയ്യുന്നത്. ലോൺലി പ്ലാനറ്റിന്റെ 'യാത്ര ചെയ്യാൻ മികച്ചത്' (ബെസ്റ്റ് ഇൻ ട്രാവൽ) പട്ടികയുടെ പതിനഞ്ചാം പതിപ്പിൽ ഒരു സഞ്ചാരി നിർബന്ധമായും സഞ്ചരിക്കേണ്ട 30 ട്രെൻഡിങ് സ്ഥലങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയാണ്. നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
മറ്റെവിടെയും ലഭിക്കാത്ത മനോഹരമായ അനുഭവം, വൗ ഫാക്ടർ. സുസ്ഥിരതയ്ക്കു വേണ്ടിയുള്ള ആ നാടിന്റെ പ്രതിജ്ഞാബദ്ധത, സമൂഹം, അവിടുത്തെ വൈവിധ്യം ഇതിനെയൊക്കെ അടിസ്ഥാനമാക്കിയാണ് ലോൺലി പ്ലാനറ്റ് 30 സ്ഥലങ്ങളെ പട്ടികയിലേക്ക് ചേർത്തുവച്ചത്. രാജ്യങ്ങളുടെ പട്ടികയിൽ കസാക്സ്ഥാൻ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ നഗരങ്ങളുടെ പട്ടികയിൽ ടൌളൂസിനാണ് ഒന്നാം സ്ഥാനം. അതേസമയം, ഇന്ത്യയിൽ നിന്ന് ഒരു നഗരം മാത്രമാണ് ഈ പട്ടികയിലേക്ക് ഇടം പിടിച്ചത്. അത് പുതുച്ചേരി (പോണ്ടിച്ചേരി)യാണ്.
'ദക്ഷിണേന്ത്യയിൽ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന പുതുച്ചേരി (മുമ്പ് പോണ്ടിച്ചേരി) അതിന്റെ ഗാലിക് വാസ്തുവിദ്യ കൊണ്ടാണ് സന്ദർശകരെ ആകർഷിച്ചു. 1954 വരെ ഒരു ഫ്രഞ്ച് കോളനി ആയിരുന്നു. ഇതിന്റെ ചരിത്രവും ഇവിടെയുള്ള ക്ഷേത്രങ്ങളും ആത്മീയ കേന്ദ്രങ്ങളും ഇക്കാര്യം പ്രതിഫലിപ്പിക്കുന്നു.' - പോണ്ടിച്ചേരിയെക്കുറിച്ച് ലോൺലി പ്ലാനറ്റ് കുറിച്ചത് ഇങ്ങനെ. നിരവധി കാഴ്ചകളാണ് പോണ്ടിച്ചേരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
∙ ഓറോവില്ലെയും മാത്രിമന്ദിറും
പുതുച്ചേരിയുടെ വടക്ക് ഭാഗത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഒരുമിച്ച് താമസിക്കുന്ന ഒരു കമ്യൂണിറ്റിയാണ് ഇത്. ഇതിന്റെ മധ്യഭാഗത്തായി സ്വർണതാഴികക്കുടവുമായി സ്ഥിതി ചെയ്യുന്ന മാത്രിമന്ദിർ സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ റിസർവ് ചെയ്യേണ്ടതാണ്. പ്രാദേശികമായി നിർമിച്ചിട്ടുള്ള കരകൗശല വസ്തുക്കളും സുദന്ധദ്രവ്യങ്ങളും സംഗീത ഉപകരണങ്ങളും ഇവിടെയുണ്ട്.
∙ ആത്മീയപാത
ആത്മീയതയ്ക്കു പേരു കേട്ട സ്ഥലമാണ് പുതുച്ചേരി. അതിൽ തന്നെ ഏറെ പ്രസിദ്ധമാണ് അരബിന്ദോ ആശ്രമം. ബംഗാളി തത്വചിന്തകനായ ശ്രീ അരബിന്ദോയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഹകാരിയായ മിറ അൽഫാസ്സയും ചേർന്നാണ് ഈ ആശ്രമം സ്ഥാപിച്ചത്. വിനോദസഞ്ചാരികളെയും ആത്മീയാന്വേഷികളെയും ആശ്രമം ഒരു പോലെ ആകർഷിക്കുന്നു. ആശ്രമം സന്ദർശിക്കുമ്പോൾ ആവശ്യമുണ്ടെങ്കിൽ ഗൈഡിനെ ലഭിക്കും. കൂടാതെ ധ്യാനിക്കാനുള്ള അവസരവും ഉണ്ട്.
∙കലയെ സ്നേഹിക്കുന്നവർക്ക്
പുതുച്ചേരിയിലേക്ക് എത്തുന്ന കലാഹൃദയമുള്ള മനസ്സുകൾക്ക് ഒരിക്കലും നിരാശ്ശരായി മടങ്ങേണ്ടതില്ല. കലാപ്രേമികളെ കാത്ത് ഇവിടെ നിരവധി ഗാലറികളും മ്യൂസിയങ്ങളുമാണ് ഉള്ളത്. 2022 ൽ തുറന്ന് പുതുച്ചേരി കണ്ടംപററി ആർട്ട് ഗാലറി വളരെ വിശേഷപ്പെട്ട ഒന്നാണ്. കൂടാതെ പ്രാദേശിക കലാകാരൻമാരുടെ പ്രദർശനങ്ങളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. പുതുച്ചേരി മ്യൂസിയവും സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ്. ചോള, വിജയനഗര സാമ്രാജ്യങ്ങളുടെ അവശിഷ്ടങ്ങൾ, ചരിത്രം, ഫ്രഞ്ച് പുരാതന വസ്തുക്കൾ എന്നിവയെല്ലാം ഇവിടെ കാണാൻ സാധിക്കും.