ADVERTISEMENT

ഡിസംബര്‍ എന്നു വച്ചാല്‍ പല രാജ്യങ്ങള്‍ക്കും ക്രിസ്മസ് വിപണികള്‍ എന്നാണ് അർഥം. മഞ്ഞു പൊഴിയുന്ന വഴിത്താരകള്‍ താണ്ടി റെയിന്‍ഡിയറിനൊപ്പം വരുന്ന വെള്ളത്താടിക്കാരന്‍ ക്രിസ്മസ് അപ്പൂപ്പനെ വരവേല്‍ക്കാന്‍ ആഘോഷപൂര്‍വമായി ഒരുങ്ങുന്ന തെരുവോരങ്ങള്‍ ഒരു സ്വപ്നലോകമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഈ ഉത്സവകാലം ആഘോഷിക്കാന്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാം. ലോകത്തിലെ ഏറ്റവും പ്രശസ്തവും വിശാലവുമായ ചില ക്രിസ്മസ് വിപണികള്‍ പരിചയപ്പെടാം.

കൊളോൺ, ജർമനി

ജർമനിയിലെ നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഏറ്റവും വലിയ  നഗരമാണ് കൊളോൺ (Cologne). റൈൻലാൻഡിലെ ഒരു പ്രധാന സാംസ്കാരികകേന്ദ്രമായ കൊളോൺ നഗരത്തില്‍ മുപ്പതിലധികം മ്യൂസിയങ്ങളും നൂറിലധികം ആർട്ട് ഗ്യാലറികളും സ്ഥിതിചെയ്യുന്നു. നഗരത്തിൽ ആകെ ഏഴോളം ക്രിസ്മസ് മാർക്കറ്റുകളുണ്ട്. ഹെൻസൽസ് വിൻ്റർ ഫെയറിടെയിൽ ആണ് ഇവയില്‍ ഏറ്റവും വലുത്. ജർമനിയിലെ ഏറ്റവും അറിയപ്പെടുന്ന മാർക്കറ്റുകളിലൊന്നായ കൊളോണിലെ കോൾനർ ഡോം ക്രിസ്മസ് കാലത്ത് അതിമനോഹരമാണ്. ഇതിന്‍റെ മധ്യഭാഗത്തായി ഭീമാകാരമായ ക്രിസ്മസ് ട്രീയുണ്ട്. ന്യൂമാർക്കറ്റില്‍ എല്ലാ വിധ ക്രിസ്മസ് രുചികളും ആസ്വദിക്കാം.

Montreux Switzerland. Image Credit: Buffy1982/shutterstock
Montreux Switzerland. Image Credit: Buffy1982/shutterstock

മോൺട്രിയൂസ്, സ്വിറ്റ്സര്‍ലന്‍ഡ്

യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്മസ് വിപണികളില്‍ ഒന്നാണ് സ്വിറ്റ്‌സർലൻഡിലെ മോൺട്രിയൂസി(montreux)ലുള്ളത്. റെയിന്‍ഡീറുകള്‍ വലിക്കുന്ന രഥത്തില്‍ ആകാശത്തു കൂടി പറന്നുവരുന്ന ക്രിസ്മസ് അപ്പൂപ്പനാണ് ഇവിടുത്തെ ഹൈലൈറ്റ്. ക്രിസ്മസ് കാലമാകുമ്പോള്‍ ലെമാൻ തടാകത്തിന് മുകളിലൂടെ സൂര്യാസ്തമയ സമയത്ത്, ആളുകള്‍ക്ക് നേരെ കൈവീശി ചിരിച്ചു കൊണ്ട് ക്രിസ്മസ് അപ്പൂപ്പന്‍ പറന്നുപോകുന്നത് കാണാം. തടാകത്തിനു മുകളിലൂടെയുള്ള ഫെറിസ് വീല്‍ യാത്രയും മറ്റൊരു അനുഭവമാണ്‌. തടാകക്കരയില്‍ ഒരു കിലോമീറ്ററിലധികം നീളത്തില്‍ പരന്നുകിടക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റില്‍ കരകൗശല വസ്തുക്കളും പ്രാദേശിക രുചിഭേദങ്ങളും സ്പെഷൽ വൈനുകളുമെല്ലാം വാങ്ങാം. ക്രിസ്മസ് മാര്‍ക്കറ്റിന്‍റെ ഹൃദയഭാഗത്തായി സാന്താക്ലോസിന് കത്തെഴുതാന്‍ 'ലാ റെഡൗട്ട് ഹൗസ് ഓഫ് വിഷസ്' എന്നൊരിടവും സജ്ജീകരിച്ചിട്ടുണ്ട്.

Vienna Austria. Image Credit: Longfin Media/shutterstock
Vienna Austria. Image Credit: Longfin Media/shutterstock

വീനർ ക്രിസ്റ്റ്കിൻഡൽമാർട്ട്, ഓസ്ട്രിയ

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലാണ് വീനർ ക്രിസ്റ്റ്കിൻഡൽമാർട്ട്(Wiener Christkindlmarkt) എന്ന വളരെ പ്രശസ്തമായ ക്രിസ്മസ് മാര്‍ക്കറ്റ് ഉള്ളത്. നഗരത്തില്‍ ഏകദേശം 20 ക്രിസ്മസ് മാർക്കറ്റുകൾ ഉണ്ടെങ്കിലും ഏറ്റവും പഴക്കമേറിയതും പരമ്പരാഗതവുമായ വിപണി ഇവിടെയാണ്. ഇവിടെ 'ട്രീ ഓഫ് ഹാർട്ട്സ്' എന്നറിയപ്പെടുന്ന, നൂറുകണക്കിന് മിന്നുന്ന ഹൃദയങ്ങളാൽ അലങ്കരിച്ച ഭീമാകാരമായ ഒരു മേപ്പിൾ മരമുണ്ട്. ഹാളിന് മുന്നിൽ 110 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കുട്ടികളുടെ ഐസ് റിങ്കും ഉണ്ടാകും. 'വിയന്നീസ് ഡ്രീം ക്രിസ്മസ് മാർക്കറ്റ്' എന്നും അറിയപ്പെടുന്ന ഈ വിപണിയില്‍ ഓസ്ട്രിയൻ സോസേജുകളും ജിഞ്ചർബ്രെഡ് കുക്കികളും  ക്രിസ്മസ് പഞ്ചും പോലെയുള്ള തനതു രുചികളും ആസ്വദിക്കാം. 

Strasbourg, France. Image Credit: Hadrian/shutterstock
Strasbourg, France. Image Credit: Hadrian/shutterstock

സ്ട്രാസ്ബർഗ്, ഫ്രാൻസ്

യൂറോപ്പിലെ ഏറ്റവും പഴയ ക്രിസ്മസ് മാർക്കറ്റുകളിലൊന്നായ സ്ട്രാസ്ബർഗ്(Strasbourg) 1570 ലാണ് ആരംഭിച്ചത്. പത്തിലധികം സ്ഥലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന, വളരെ ജനപ്രിയമായ ഈ മാർക്കറ്റില്‍ ആയിരക്കണക്കിന് ക്രിസ്മസ് ലൈറ്റുകള്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു. പ്രതിവർഷം 2 ദശലക്ഷത്തിലധികം ആളുകളെ ആകർഷിക്കുന്ന ഉത്സവ വിപണിയിൽ, അലങ്കാരങ്ങളും സമ്മാനങ്ങളും മുതൽ പ്രാദേശിക അൽസേഷ്യൻ വൈൻ വരെ വില്‍ക്കുന്ന നൂറുകണക്കിന് സ്റ്റാളുകൾ ഉണ്ട്. സ്ട്രാസ്ബർഗ് ക്രിസ്മസ് മാർക്കറ്റ് സാധാരണയായി എല്ലാവര്‍ഷവും നവംബർ 27 ന് ആരംഭിച്ച് ഡിസംബർ 27 ന് അവസാനിക്കും.

Brussels Belgium. Image Credit: Cristian Puscasu/shutterstock
Brussels Belgium. Image Credit: Cristian Puscasu/shutterstock

ബ്രസ്സൽസ് വിൻ്റർ വണ്ടേഴ്സ്, ബെൽജിയം

ബെൽജിയത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഇവൻ്റുകളിലൊന്നാണ് ബ്രസ്സൽസ് വിൻ്റർ വണ്ടേഴ്സ്(Brussels Winter Wonders) ക്രിസ്മസ് വിപണി. ഇത് ബോഴ്‌സ്, പ്ലേസ് ഡി ലാ മൊണ്ണൈ, ഗ്രാൻഡ് പ്ലേസ്, പ്ലേസ് സെയിൻ്റ് കാതറിൻ, മാർച്ചെ ഓക്‌സ് പോയിസൺസ് എന്നിവിടങ്ങളിലായി നടക്കുന്നു. ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ഐസ് സ്കേറ്റിങ്, ഫെയർഗ്രൗണ്ട് റൈഡുകൾ എന്നിങ്ങനെയുള്ള വിനോദങ്ങള്‍ ഇവിടെ ആസ്വദിക്കാം. കൂടാതെ, ഗ്ലൂഹ്‌വെയ്ൻ (മൾഡ് വൈൻ), ബെൽജിയൻ ബിയറുകൾ, വാഫിൾ എന്നിവ വിളമ്പുന്ന 200 ഓളം സ്റ്റാളുകളും ഉണ്ടാകും. ബ്രസൽസ് വിൻ്റർ വണ്ടേഴ്സ് നവംബർ 29 മുതൽ ജനുവരി 5 വരെയാണ് പ്രവര്‍ത്തിക്കുന്നത്.

Zagreb Croatia. Image Credit : Loes Kieboom/shutterstock
Zagreb Croatia. Image Credit : Loes Kieboom/shutterstock

സാഗ്രെബ്, ക്രൊയേഷ്യ

മധ്യ യൂറോപ്പിലെ ആധുനിക നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സാഗ്രെബ്, ക്രിസ്മസ് കാലത്ത് ഒരു വിസ്മയലോകമാണ്. നഗരത്തിൻ്റെ പ്രധാന സ്ക്വയറുകളിലും പ്രൊമെനേഡുകളിലുമായി ഇരുപത്തഞ്ചോളം ക്രിസ്മസ് മാർക്കറ്റുകൾ ഈ സമയത്ത് തുറക്കുന്നു. കരകൗശല ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ഹൃദ്യമായ പ്രാദേശിക വിഭവങ്ങളും സുഗന്ധമുള്ള മൾഡ് വൈനുമെല്ലാം ഇവിടെ വില്‍ക്കുന്നു. 2016 മുതൽ 2018 വരെ തുടർച്ചയായി മൂന്ന് വർഷം യൂറോപ്യൻ ബെസ്റ്റ് ഡെസ്റ്റിനേഷന്‍സി(European Best Destinations)ന്‍റെ ഏറ്റവും "മികച്ച ക്രിസ്മസ് മാർക്കറ്റ്" എന്ന ബഹുമതി സാഗ്രെബിന് ലഭിച്ചു. 'അഡ്‌വെൻ്റ് ഇൻ സാഗ്രെബ്' (Advent in Zagreb) എന്നറിയപ്പെടുന്ന ക്രിസ്മസ് വിപണി 2024 നവംബർ 30 മുതൽ ജനുവരി 7 വരെയാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്.

English Summary:

Discover the magic of Europe's most enchanting Christmas markets! From flying Santa in Switzerland to heartwarming traditions in Austria, find your perfect festive getaway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com