റെക്കോർഡ് മറികടന്നു കുംഭമേള, 992 സ്പെഷൽ ട്രെയിനുകൾ ഒരുങ്ങി!
Mail This Article
ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യരുടെ ഒത്തുചേരല്‍ നടന്നതിന്റെ റെക്കോഡ് കുംഭമേളക്ക് സ്വന്തമാണ്. കോടിക്കണക്കിന് മനുഷ്യര്‍ ഒത്തു ചേരുന്ന കുംഭമേള വിശ്വാസത്തിന്റേയും കൂട്ടായ്മയുടേയും ആചാരങ്ങളുടേയുമെല്ലാം മഹാമേള കൂടിയാണ്. 2025 ജനുവരി 13 മുതല്‍ 2025 ഫെബ്രുവരി 26 വരെ നടക്കുന്ന മഹാ കുംഭമേളക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഈ മഹാ മനുഷ്യ സംഗമത്തില്‍ യാത്രകള്‍ കൂടുതല്‍ അനായാസമാക്കാക്കാന് 992 ട്രെയിനുകളാണ് റെയില്‍വേ സ്പെഷലായി ഓടിക്കുന്നത്. മഹാ കുംഭമേളയ്ക്കായി ജനുവരി 12 മുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ തീര്‍ഥാടകരുടേയും സഞ്ചാരികളുടേയും തിരക്ക് കുറയ്ക്കാനാണ് 992 സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ പ്രയാഗ്രാജിലൂടെ 6,580 സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നടക്കുന്നതിനു പുറമേയാണിത്. ഇവയ്ക്ക് പുറമേ 140 ട്രെയിനുകള്‍ക്ക് കുംഭമേള പ്രമാണിച്ച് പ്രയാഗ് രാജില്‍ പ്രത്യേകം സ്റ്റോപ്പുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
കുംഭമേളയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രയാഗ്രാജ്, അയോധ്യ, വരാണസി എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ട്രെയിന്‍ സര്‍വീസുകളും ഇക്കാലയളവില്‍ നടത്തും. പുതിയ ട്രെയിനുകള്‍ അനുവദിച്ചതിനു പുറമേ കൂടുതല്‍ ബോഗികളുള്ള 174 നീളം കൂടിയ റാക്കുകളായിരിക്കും സ്പെഷല്‍ ട്രെയിനുകള്‍ക്കായി ഉപയോഗിക്കുക. ഇത് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതിന് സഹായിക്കുകയും ചെയ്യും.
മഹാ കുംഭമേളക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്പെഷല്‍ ട്രെയിനുകള്‍ക്കു പുറമേ മേഖലയില്‍ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനവും നടത്തിയിരുന്നു. ഇതിനായി 933 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇതിനു പുറമേ പ്രയാഗ് രാജ് ഡിവിഷനിലെ റെയില്‍വേ ട്രാക്ക് ഇരട്ടിപ്പിക്കുന്നതിനായി 3,700 കോടി രൂപയും അനുവദിച്ചിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് മഹാകുംഭമേളക്കായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം വിളിച്ചത്. യുപിയിലെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. 2019 കുംഭമേളയില്‍ 694 സ്പെഷല്‍ ട്രെയിനുകളാണ് ഓടിച്ചിരുന്നത്. കുംഭമേളയുടെ ദിവസങ്ങളില്‍ പ്രയാഗ് രാജില്‍ മാത്രം ആറു കോടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
മൂന്നു വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുക. ഹരിദ്വാര്‍(ഗംഗ), പ്രയാഗ്രാജ്(ത്രിവേണി സംഗമം), ഉജ്ജയിന്‍ (ക്ഷിപ്ര നദി), നാസിക്(ഗോദാവരി) എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. ഹൈന്ദവ വിശ്വാസപ്രകാരം ദേവാസുര യുദ്ധത്തിനിടെ അമൃത് ഭൂമിയില്‍ വീണെന്ന് വിശ്വസിക്കപ്പെടുന്ന നാലു സ്ഥലങ്ങളാണിത്. കുംഭമേളയുടെ സമയത്ത് ഈ നദികളില്‍ കുളിക്കുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. 12 വര്‍ഷത്തിലൊരിക്കലാണ് മഹാ കുംഭമേള നടക്കുക. ഹരിദ്വാര്‍, പ്രയാഗ്രാജ്, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളില്‍ മാറി മാറി മഹാ കുംഭമേള നടക്കും.