ADVERTISEMENT

വൈകിയോടുന്ന ട്രെയിനുകള്‍ മിക്കപ്പോഴും യാത്രക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പല ദീര്‍ഘദൂര ട്രെയിനുകളും മണിക്കൂറുകളോളം വൈകുന്നത് പതിവാണ്. വൈകിയോടുന്ന ട്രെയിനുകള്‍ക്കായി റെയില്‍വേ ഒരു പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ്.  ട്രെയിൻ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സമയത്തെക്കാൾ രണ്ടു മണിക്കൂറോ അതിലധികമോ വൈകിയാല്‍ ഇനി യാത്രക്കാര്‍ക്ക് റെയില്‍വേയുടെ വക സൗജന്യഭക്ഷണം ലഭിക്കും. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത്.

ഐആർസിടിസി കാറ്ററിങ് നയം അടിസ്ഥാനമാക്കിയാണ് യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നത്. സമയത്തിനനുസരിച്ച് വിതരണം ചെയ്യുന്ന ഭക്ഷണത്തിലും മാറ്റം വരും. രാവിലെ ബിസ്‌ക്കറ്റിനൊപ്പം ചായയോ കാപ്പിയോ നൽകും. മധുരമുള്ളതോ ഇല്ലാത്തതോ ആയ ചായയും കാപ്പിയും ലഭിക്കും. ഉച്ചഭക്ഷണത്തിൽ ചോറും പരിപ്പ് കറികളും ലഭിക്കും. വൈകുന്നേരം ചായയുടെ കൂടെ നാലു കഷ്ണം ബ്രെഡും ഒരു ഫ്രൂട്ട് ഡ്രിങ്കും നല്‍കും. അത്താഴത്തിന് യാത്രക്കാർക്ക് പൂരിയും മിശ്രിതമായ പച്ചക്കറികളും അച്ചാറും നൽകും. 

ട്രെയിന്‍ ഏറെ സമയം വൈകിയാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് റീഫണ്ടായി മുഴുവന്‍ തുകയും ലഭിക്കും. മൂന്നു മണിക്കൂറോ അതില്‍ അധികമോ വൈകുകയോ വഴി തിരിച്ച് വിടുകയോ ചെയ്താല്‍ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ ബുക്കിങ് ആപ് വഴി റദ്ദാക്കുകയും റീഫണ്ട് ക്ലെയിം ചെയ്യുകയും ചെയ്യാം. റെയിൽവേ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത് എങ്കില്‍ പണം തിരികെ ലഭിക്കുന്നതിന് നേരിട്ടെത്തി റദ്ദാക്കണം. ഭക്ഷണത്തിനും റീഫണ്ടിനും പുറമെ യാത്രക്കാര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. അധിക നിരക്ക് ഈടാക്കാതെ കാത്തിരിപ്പ് മുറികളില്‍ സമയം ചെലവഴിക്കാനും ഭക്ഷണശാലകളുടെ പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കാനുള്ള സംവിധാനങ്ങളും പരിഗണനയിലുണ്ട്. കൂടാതെ രാത്രി വൈകി യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർപിഎഫ്) അധിക ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്താനും നീക്കമുണ്ട്.

English Summary:

Indian Railways Tackles Train Delays with Free Food and Refund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com