ക്രിസ്മസ് - പുതുവത്സര അവധിക്കാലം ചെലവേറും; യാത്രകൾക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
Mail This Article
ഈ ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് ഒരു അടിപൊളി വിദേശയാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ ഞെട്ടാൻ തയ്യാറായിക്കോ. വിമാന ടിക്കറ്റ് നിരക്കുകൾ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. അതുകൊണ്ടു തന്നെ ഈ അവധിക്കാലത്ത് വിദേശയാത്ര വേണമോ വേണ്ടയോ ഒന്നു കൂടി ആലോചിച്ചോളൂ. ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഹൈദരാബാദിൽ നിന്ന് പുറപ്പെടുന്ന രാജ്യാന്തര വിമാനങ്ങളുടെ നിരക്ക് ഇതിനകം കുത്തനെ ഉയർന്നിരിക്കുകയാണ്. ഡിസംബർ 21 നും ജനുവരി ഒന്നിനും ഇടയിൽ ഹൈദരാബാദിൽ നിന്നുള്ള രാജ്യാന്തര ഫ്ലൈറ്റ് ടിക്കറ്റുകൾക്കാണ് കുത്തനെ വിലവർധന ഉണ്ടായിരിക്കുന്നത്.
ശൈത്യകാല അവധിക്കായി സ്കൂളുകൾ അടയ്ക്കുന്ന സമയമാണ് ഇത്. ഓഫീസുകളിൽ നിന്ന് ദീർഘകാല അവധിയും ലഭിക്കുന്നതോടെ മിക്കവരും യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സമയമാണ് ഇത്. രാജ്യാന്തര യാത്രകളുടെ ഏറ്റവും തിരക്കേറിയ സമയം കൂടിയാണ് ഡിസംബർ അവസാനവും ജനുവരി ആദ്യവും. ഇക്കാരണങ്ങളാലാണ് ഈ കാലയളവിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത്.
ആഭ്യന്തര, രാജ്യാന്തര യാത്രകളിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിലുള്ള ആകർഷണ കേന്ദ്രങ്ങളും യാത്രകൾ ഉയരുന്നതിന് കാരണമാണ്. സിംഗപ്പൂരിലെ ഗാർഡൻസിലെ വണ്ടർലാൻഡ്, ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, വേൾഡ് ക്രിസ്മസ് മാർക്കറ്റ്, മലേഷ്യയിലെ ക്രിസ്മസ് ബസാർ എന്നീ ഇടങ്ങളിലേക്കാണ് പ്രധാനമായും സഞ്ചാരികൾ ഒഴുകുന്നത്. അതുപോലെ തന്നെ ദുബായ്, തായ്ലൻഡ് എന്നിവിടങ്ങളിലെ പുതുവത്സര ആഘോഷവും പ്രസിദ്ധമാണ്. ഇതും തിരക്കു വർധിപ്പിച്ചതിനു കാരണമായി. പ്രധാനമായും സിംഗപ്പൂർ, ലണ്ടൻ, തായ്ലൻഡ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള വിമാനനിരക്കുകളിലാണ് വൻവർധന ഉണ്ടായിരിക്കുന്നത്.
സാധാരണ നിരക്കിനേക്കാൾ രണ്ടും മൂന്നും മടങ്ങാണ് ടിക്കറ്റ് ചാർജ്. ഹൈദരാബാദിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റിന് ഡിസംബർ 12 മുതൽ 24 വരെയുള്ള സമയത്ത് സാധാരണ 12,000 രൂപ മുതൽ 16,000 രൂപ വരെയാണ് ചാർജ് ചെയ്യാറുള്ളത്. എന്നാൽ, ഇപ്പോൾ അത് 18,000 മുതൽ 36,000 വരെയാണ് ചാർജ് ഈടാക്കുന്നത്. ജനുവരി ആദ്യവാരങ്ങളിൽ ലണ്ടനിലേക്കുള്ള ടിക്കറ്റ് നിരക്ക് സാധാരണനിലയിൽ 40,000 മുതൽ 50,000 വരെയാണ്. എന്നാൽ, ഇപ്പോൾ ഒരു ലക്ഷം മുതൽ 2.4 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ഇത് കൂടാതെ മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള പൗരൻമാർക്ക് വീസയില്ലാതെ പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതും ആ സമയത്ത് സഞ്ചാരികളുടെ തിരക്ക് വർധിപ്പിക്കാൻ കാരണമായി. ചില സ്ഥലങ്ങളിലേക്കു സഞ്ചാരികൾക്ക് എളുപ്പത്തിൽ യാത്ര സാധ്യമാകുന്നതും മറ്റും ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യുന്നവർക്ക് അവർക്ക് അനുയോജ്യമായ ടിക്കറ്റുകൾ കണ്ടെത്തുക അസാധ്യമാണ്.