ADVERTISEMENT

ആഡംബര പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ന്യൂയോർക്കിലെ പ്ലാസ ഹോട്ടൽ. രാജാക്കന്മാരും പ്രസിഡന്റുമാരും ശതകോടീശ്വരന്മാരും താരങ്ങളുമെല്ലാം ഇക്കാലയളവില്‍ ഇവിടെ താമസിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മിഡ്ടൗൺ മാൻഹട്ടനില്‍  ഗ്രാൻഡ് ആർമി പ്ലാസയുടെ പടിഞ്ഞാറു ഭാഗത്താണ് ഇതു സ്ഥിതിചെയ്യുന്നത്. 2018 മുതൽ ഖത്തര്‍ സ്ഥാപനമായ കത്താറ ഹോസ്പിറ്റാലിറ്റിയുടെ ഉടമസ്ഥതയിലാണ് പ്ലാസ ഹോട്ടൽ.

New york cityscape. Image Credit:Tzido/istockphoto
New york cityscape. Image Credit:Tzido/istockphoto

ഫ്രഞ്ച് നവോത്ഥാന പ്രചോദിതമായ ഷാറ്റോ ശൈലിയിലുള്ള കെട്ടിടം, 18 നിലകളില്‍ രൂപകൽപ്പന ചെയ്തത് ഹെൻറി ജെയ്ൻവേ ഹാർഡൻബെർഗാണ്. അന്നു പ്ലാസ ഹോട്ടലിൽ 800 ൽ അധികം മുറികൾ ഉണ്ടായിരുന്നു. 2008 ലെ നവീകരണത്തിനു ശേഷം, കെട്ടിടത്തിൽ 282 ഹോട്ടൽ മുറികളും 181 കോണ്ടോകളുമാണ് (Condominiums - വാടകയ്ക്ക് എടുക്കുന്ന മുറികൾ) ഉള്ളത്. കൂടാതെ, ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്, സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ, ബ്രൈഡ് വാർസ്, ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി എന്നിങ്ങനെയുള്ള നിരവധി ക്ലാസിക് ഹോളിവുഡ് സിനിമകളിലും ഹോട്ടൽ പ്രത്യക്ഷപ്പെട്ടു. 

ഹോട്ടലിന്‍റെ താഴത്തെ നിലയിൽ രണ്ട് ലോബികളും ഓക്ക് റൂം, ഓക്ക് ബാർ, എഡ്വാർഡിയൻ റൂം, പാം കോർട്ട്, ടെറസ് റൂം എന്നിവയുൾപ്പെടെ വലിയ റസ്റ്റോറന്‍റുകളുമുണ്ട്. മുകളിലെ നിലകളില്‍ ബോൾറൂമും വൈവിധ്യമാർന്ന റെസിഡൻഷ്യൽ കോണ്ടോമിനിയങ്ങളും, കോണ്ടോ-ഹോട്ടൽ സ്യൂട്ടുകളും, ഹോട്ടൽ സ്യൂട്ടുകളും അടങ്ങിയിരിക്കുന്നു.

ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും വലിയ സ്യൂട്ടായ റോയൽ പ്ലാസ സ്യൂട്ട് ആണ് ഹോട്ടലിന്റെ മറ്റൊരു ഹൈലൈറ്റ്. സന്ദർശകർ ഒരു സ്വകാര്യ എലിവേറ്ററിലൂടെയാണ് ഹാളിലേക്ക് പ്രവേശിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ 3 കിടപ്പുമുറികളിലേക്കും 4 കുളിമുറികളിലേക്കും 12 അതിഥികൾക്ക് ഇരിക്കാവുന്ന ഔപചാരിക ഡൈനിങ് റൂമിലേക്കും തുറക്കുന്ന ഹാള്‍ ആണ് ഇത്.  

സ്യൂട്ടിൽ ഒരു സ്വകാര്യ ജിം, ഒരു സ്വകാര്യ ലൈബ്രറി , ഒരു അടുക്കള, വാക്ക് ഇൻ ക്ലോസറ്റുകൾ എന്നിവയും ഉണ്ട്. അലങ്കാരത്തിനായി ആഡംബര പരവതാനികൾ, വിലകൂടിയ ഫർണിച്ചറുകൾ, സ്യൂട്ടിന്റെ രാജകീയ ചാരുത വർധിപ്പിക്കുന്ന ഷാൻഡിലിയറുകൾ എന്നിവയും ഉണ്ട്. കൂടാതെ, ഫിഫ്ത്ത് അവന്യൂവിന്റെയും സെൻട്രൽ പാർക്കിന്റെയും വിശാല – മനോഹര കാഴ്ചകൾ ഇവിടെ നിന്നും കാണാം.

ആഡംബര പൂർണമായ റോയൽ പ്ലാസ സ്യൂട്ടില്‍ ഒരു രാത്രി താമസിക്കാന്‍ 40,000 ഡോളറാണ് ചെലവ്, ഇന്ത്യന്‍ രൂപ ഏകദേശം 33,82,486 വരും ഇത്. ജൂനിയർ സ്യൂട്ട് കിങ്, ഫാമിലി ഗ്രാൻഡ് ലക്‌സ് ടു ക്യൂൻസ്, എഡ്‌വാർഡിയൻ വൺ ബെഡ്‌റൂം സ്യൂട്ട് കിങ് എന്നിവയാണ് ഇവിടെയുള്ള മറ്റു സ്യൂട്ട് റൂമുകള്‍. ഈ സ്യൂട്ടുകളില്‍ താമസിക്കുന്നതിനുള്ള നിരക്ക് ഒരു രാത്രിക്ക് 1,560 ഡോളറിൽ (ഏകദേശം ₹ 1,31,916) തുടങ്ങി 1960 ഡോളര്‍ (ഏകദേശം ₹ 1,65,742) വരെയാണ്.

English Summary:

Experience the epitome of luxury at The Plaza Hotel in New York City. Discover the opulence of the Royal Plaza Suite, its lavish amenities, and breathtaking views, all for a price tag that redefines extravagance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com