രാഹുൽ ഗാന്ധി യാത്ര ചെയ്ത വയനാട്ടിലെ സിപ്‌ലൈൻ, സഞ്ചാരികളുടെ ഇഷ്ടയിടം
Mail This Article
ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റിയ എന്തെങ്കിലും ഒന്ന് വയനാട്ടിലെ കാരാപ്പുഴ ഡാമിലുണ്ടാകും. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ കാരാപ്പുഴയിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നത്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ഡാമാണ് കാരാപ്പുഴ. ജലസേചനത്തിനായാണ് ഡാം നിർമിച്ചത്. എന്നാൽ വയനാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന വിനോദ സഞ്ചാരകേന്ദ്രമായി ഡാം മാറി. ഡാം പരിസരത്തുള്ള റൈഡുകളും ആക്ടിവിറ്റികളുമാണ് ആളുകളെ ഇവിടേക്ക് മാടിവിളിക്കുന്നത്. ഒരു വട്ടം പോയവർക്ക് ഒന്നുകൂടി പോയാൽ കൊള്ളാം എന്നു തോന്നും. ഡാം റിസർവോയറിന് സമീപത്തുനിന്ന് അസ്തമയം കാണാൻ പ്രത്യേക ഭംഗിയാണ്. അങ്ങു ദൂരം മലനിരകൾപ്പുറത്തേക്ക് സൂര്യൻ മറഞ്ഞുപോകുന്നതു കാണാം.
സിപ് ലൈനും ജയന്റ് സ്വിങ്ങുമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ആയിരക്കണക്കിനാളുകളാണ് ദിവസവും സിപ് ലൈനിൽ കയറാൻ എത്തുന്നത്. രാഹുൽ ഗാന്ധി കയറിയതോടെ സിപ്‌ലൈന്റെ പ്രസിദ്ധിയും വർധിച്ചു. മലയാളികളേക്കാൾ കൂടുതൽ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
കൽപറ്റ– ബത്തേരി റൂട്ടിൽ കാക്കവയലിൽ നിന്നുമാണ് കാരാപ്പുഴ ഡാമിലേക്ക് പോകുന്നത്. ബത്തേരിയിൽ നിന്നു വരുന്നവർക്ക് അമ്പലവയൽ വഴിയും കാരാപ്പുഴയിലേക്ക് വരാം.