'ഗ്രീന്‍ മഹാകുംഭ് 2025', തീര്‍ഥാടകരുടെ യാത്രകൾ കൂടുതല്‍ പ്രകൃതി സൗഹൃദം
Mail This Article
ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യ മഹാ സംഗമവേദിയായ മഹാ കുംഭമേളക്കായി ഒരുക്കങ്ങള്‍ തകൃതിയാണ് പ്രയാഗ്രാജില്. 2025 ജനുവരി 13 മുതല്‍ 2025 ഫെബ്രുവരി 26 വരെ നടക്കുന്ന മഹാ കുംഭമേളയിലേക്ക് 40 കോടിയിലേറെ പേര് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഞ്ചാരികളുടേയും തീര്‍ഥാടകരുടേയും യാത്രകളെ കൂടുതല്‍ പ്രകൃതി സൗഹൃദമാക്കാന്‍ 'ഗ്രീന്‍ മഹാകുംഭ് 2025' പദ്ധതിയാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇ റിക്ഷകളും ഇ ഓട്ടകളും ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമായി ഒലയുടേയും ഊബറിന്റേയും മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പൊതു- സ്വകാര്യ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും തീര്‍ഥാടകര്‍ക്ക് പ്രകൃതി സൗഹൃദ യാത്രകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നിലവില്‍ വരിക. ഡിസംബര്‍ 15 മുതല്‍ നിലവില്‍ വരുന്ന ഈ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലൂടെ യാത്രയ്ക്കായി അമിത ചാര്‍ജ് ഈടാക്കുന്നില്ലെന്ന് യാത്രികര്‍ക്ക് ഉറപ്പിക്കാനാവും. ഈ സംവിധാനത്തിന്റെ ഭാഗമാവുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും യാത്രികരോടുള്ള പെരുമാറ്റരീതികളില്‍ അടക്കം പരിശീലനം നല്‍കും. വനിതാ ഡ്രൈവര്‍മാരുടെ പിങ്ക് ടാക്സി കൂടി വരുന്നതോടെ വനിതാ യാത്രികര്‍ക്കും കൂടുതല്‍ സുരക്ഷിതമായ യാത്ര ഉറപ്പിക്കാനാവും.
യുപി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്അപ് കോംഫി ഇ മൊബിലിറ്റിയാണ് ഇ റിക്ഷകള്‍ക്കും ഇ ഓട്ടോകള്‍ക്കുമായി ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്ഫോം നിര്‍മിക്കുക. തീര്‍ഥാടകരും ഡ്രൈവര്‍മാരും തമ്മില്‍ ഭാഷാപരമായ പ്രശ്നങ്ങള്‍ കുറക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് ഗൂഗിള്‍ വോയ്സ് അസിസ്റ്റന്‍സിന്റെ പരിശീലനവും നല്‍കും. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി തീര്‍ഥാടകര്‍ കൂടുതലായെത്തുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ചാവും ഇതിന്റെ പ്രവര്‍ത്തനം.
തുടക്കത്തില്‍ 300 ഇ റിക്ഷാകളായിരിക്കും ഈ പദ്ധതിയുടെ ഭാഗമായുണ്ടാവുക. പ്രയാഗ് രാജിനൊപ്പം കുംഭമേള നടക്കുന്ന എല്ലാ ഭാഗങ്ങളിലേക്കും സേവനം ഉണ്ടായിരിക്കും. എല്ലാ വാഹനങ്ങളും അടച്ചുറപ്പുള്ളതും ജിപിഎസ് ട്രാക്കിങ് സൗകര്യമുള്ളതുമായിരിക്കുമെന്നതും യാത്രയുടെ സുരക്ഷ വര്‍ധിപ്പിക്കും. യാത്രികര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ കോള്‍സെന്ററുമായി ബന്ധപ്പെടുകയോ പരാതി നല്‍കുകയോ ചെയ്യാം.
മൂന്നു വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുക. ഹരിദ്വാര്‍(ഗംഗ), പ്രയാഗ്രാജ് (ത്രിവേണി സംഗമം), ഉജ്ജയിന്‍ (ക്ഷിപ്ര നദി), നാസിക് (ഗോദാവരി) എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. ഹൈന്ദവ വിശ്വാസപ്രകാരം ദേവാസുര യുദ്ധത്തിനിടെ അമൃത് ഭൂമിയില്‍ വീണെന്നു വിശ്വസിക്കപ്പെടുന്ന നാലു സ്ഥലങ്ങളാണിത്. കുംഭമേളയുടെ സമയത്ത് ഈ നദികളില്‍ കുളിക്കുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. 12 വര്‍ഷത്തിലൊരിക്കലാണ് മഹാ കുംഭമേള നടക്കുക. ഹരിദ്വാര്‍, പ്രയാഗ്രാജ്, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളില്‍ മാറി മാറി മഹാ കുംഭമേള നടക്കും. 2025 ല്‍ പ്രയാഗ്രാജിലാണ് കുംഭമേള നടക്കുന്നത്.
മഹാ കുംഭമേള നടക്കുന്ന ജനുവരി 12 മുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ തീര്‍ഥാടകരുടേയും സഞ്ചാരികളുടേയും തിരക്ക് കുറക്കാനാണ് 992 സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിരുന്നു. ഇക്കാലയളവില്‍ പ്രയാഗ്രാജിലൂടെ 6,580 സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നടക്കുന്നതിന് പുറമേയാണിത്. ഇവയ്ക്ക് പുറമേ 140 ട്രെയിനുകള്‍ക്ക് കുംഭമേള പ്രമാണിച്ച് പ്രയാഗ് രാജില്‍ പ്രത്യേകം സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുമുണ്ട്. 2019 കുംഭമേളയില്‍ 694 സ്പെഷല്‍ ട്രെയിനുകളായിരുന്നു ഉണ്ടായിരുന്നത്.
കുംഭമേളയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രയാഗ്രാജ്, അയോധ്യ, വാരണാസി എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ട്രെയിന്‍ സര്‍വീസുകളും ഇക്കാലയളവില്‍ നടത്തും. പുതിയ ട്രെയിനുകള്‍ അനുവദിച്ചതിനു പുറമേ കൂടുതല്‍ ബോഗികളുള്ള 174 നീളം കൂടിയ റാക്കുകളായിരിക്കും സ്പെഷല്‍ ട്രെയിനുകള്‍ക്കായി ഉപയോഗിക്കുക. ഇതും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതിന് സഹായിക്കുകയും ചെയ്യും. ഇവക്കു പുറമേ പ്രയാഗ് രാജ് കേന്ദ്രീകരിച്ച് 7,000 ബസ് സര്‍വീസുകളും ആരംഭിക്കും. ഇതില്‍ 550 എണ്ണം ഷട്ടില്‍ ബസ് സര്‍വീസുകളാണ്.