അവധിക്കാലം ആഘോഷിക്കാൻ തയാറായിക്കോളൂ; മാലദ്വീപിലേക്ക് ഇനി നേരിട്ട് പറക്കാം
Mail This Article
മാലദ്വീപിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസുമായി എയർ ഇന്ത്യ. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ആണ് എയർ ഇന്ത്യ മാലദ്വീപിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. അവധിക്കാലം മാലദ്വീപിൽ ആഘോഷിക്കാൻ കാത്തു നിൽക്കുന്ന സഞ്ചാരികൾക്ക് ഇനി ഇന്ത്യയിൽ നിന്ന് നേരിട്ട് മാലദ്വീപിലേക്ക് എത്താം. മനോഹരമായ ബീച്ചുകളും ആഡംബരപൂർണമായ റിസോർട്ടുകളും ഇഷ്ടപ്പെടുന്നവർക്കു ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ് മാലദ്വീപ്. നേരിട്ടുള്ള ഫ്ലൈറ്റുകൾ കൂടി എത്തിയതോടെ മാലദ്വീപിലേക്ക് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ യാത്ര ഇനി കൂടുതൽ എളുപ്പമാകും.
മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നേരിട്ട് മാലദ്വീപിലേക്ക് ഫ്ലൈറ്റ് സർവ്വീസ് തുടങ്ങിയതോടെ സഞ്ചാരികൾക്കു വളരെ പെട്ടെന്നു തന്നെ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ കഴിയും. ഡൽഹിയിൽ നിന്നു മാലദ്വീപിലേക്കുള്ള വിമാനം രാവിലെ 10.15 ന് പുറപ്പെട്ട് മാലദ്വീപിൽ ഉച്ചയ്ക്ക് 1.50 ന് എത്തിച്ചേരും. മാലദ്വീപിൽ നിന്നുള്ള വിമാനം ഉച്ചയ്ക്ക് 2.50 ന് പുറപ്പെട്ട് ഡൽഹിയിൽ വൈകുന്നേരം 07.25 ന് എത്തിച്ചേരും. മുംബൈയിൽ നിന്നു മാലദ്വീപിലേക്കുള്ള വിമാനം രാവിലെ 09.30 ന് പുറപ്പെട്ട് 11.50 ന് എത്തിച്ചേരും. തിരികെ മാലിയിൽ നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് വൈകുന്നേരം 04.05 ന് മുംബൈയിൽ എത്തിച്ചേരും.
മാലദ്വീപിൽ സഞ്ചാരികളെ കാത്ത് അതിമനോഹരമായ കാഴ്ചകളാണ് ഉള്ളത്. സുന്ദരമായ തടാകങ്ങളും ഊർജസ്വലമായ സമുദ്രജീവികളും ആഡംബരപൂർണമായ റിസോർട്ടുകളും ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഡയറക്ട് ഫ്ലൈറ്റുകൾ എത്തുന്നതോടെ യാത്രാസമയത്തിലും വലിയ കുറവാണ് ഉണ്ടാകുക. ഇത് സഞ്ചാരികൾക്ക് മാലദ്വീപിലേക്കുള്ള യാത്ര കൂടുതൽ പ്രിയങ്കരമാക്കും. നേരിട്ടുള്ള ഫ്ലൈറ്റുകൾ എത്തുന്നത് വിനോദസഞ്ചാരികൾക്കു മാത്രമല്ല വ്യവസായ സംബന്ധമായ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വലിയ അവസരമാണ് നൽകുന്നത്.
∙വെള്ള മണൽ ബീച്ചുകളും സ്നോർക്കലിങ്ങും
മാലദ്വീപിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ വെള്ള മണൽ ബീച്ചുകളും തെളിഞ്ഞ വെള്ളവുമാണ്. ലോകോത്തര ഡൈവിങ്ങിനും സ്നോർക്കലിങ്ങിനും പേരു കേട്ട സ്ഥലം കൂടിയാണ് ഇത്. ബീച്ച് റിസോർട്ടുകളും ദക്ഷിണേഷ്യ, ആഫ്രിക്ക, അറബ് ലോകം എന്നിവയുടെ സാംസ്കാരിക പൈതൃകം ഇഴുകിച്ചേർന്നിരിക്കുന്നു എന്നതും മാലദ്വീപിന്റെ പ്രത്യേകതയാണ്.
∙മാലദ്വീപിലെ പ്രധാനപ്പെട്ട ബീച്ചുകൾ
മാഫുഷി ബീച്ച്: ഈ ബീച്ചിലെ പ്രത്യേകത വെള്ള മണലും തെളിഞ്ഞ വെള്ളവുമാണ്. നീന്തൽ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ബീച്ച് ആണിത്. കൂടാതെ, ജലകായിക വിനോദങ്ങൾക്കും പറ്റിയ ഇടം. ശാന്തമായി വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാഫുഷി ബീച്ച് ആണ് ഏറ്റവും പ്രിയപ്പെട്ടത്.
വില്ലിംഗിലി ബീച്ച്: ആഡംബരദ്വീപായ വില്ലിംഗിലിയിലാണ് വില്ലിംഗിലി ബീച്ച് സ്ഥിതി ചെയ്യുന്നത്. സ്വകാര്യമായ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് ധൈര്യമായി വരാം. തെളിഞ്ഞ വെള്ളമുള്ള ബീച്ചാണ് ഇവിടുത്തെ പ്രത്യേകത. മനോഹരമായ ദ്വീപ് പശ്ചാത്തലം ശാന്തമായ ഒരു വിശ്രമം സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നു.
സൺ ഐലൻഡ് ബീച്ച്: സ്വർണ മണലിനും ശാന്തവും തെളിഞ്ഞതുമായ വെള്ളത്തിനും പേരു കേട്ട ബീച്ചാണ് സൺ ഐലൻഡ് ബീച്ച്. ജലകായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്കും റിസോർട്ട് സൗകര്യം ആഗ്രഹിക്കുന്നവർക്കും ഇവിടേക്കു ധൈര്യമായി പോരാം. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്കും ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി ഇവിടേക്ക് പോരാം.