വിനോദ സഞ്ചാരം വര്‍ധിപ്പിക്കുന്നതിന് വീസയില്‍ കൂടുതല്‍ ഇളവുകളുമായി ചൈന
Mail This Article
അൻപത്തിനാല് രാജ്യങ്ങളില്‍ നിന്ന് യോഗ്യതയുള്ള യാത്രികര്‍ക്ക് വീസ ഫ്രീ ട്രാന്‍സിറ്റിനും യാത്രയ്ക്കുമായി പത്തു ദിവസം വരെ ഇനി മുതല്‍ ചൈനയില്‍ വീസയില്ലാതെ താമസിക്കാന്‍ അനുമതി ലഭിക്കും. നേരത്തെ 72-144 മണിക്കൂര്‍ വരെയാണ് ചൈനയില്‍ വീസയില്ലാതെ താമസത്തിന് അനുമതിയുണ്ടായിരുന്നത്. ഔദ്യോഗിക വിചാറ്റ് അക്കൗണ്ട് വഴി നാഷണല്‍ ഇമിഗ്രേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എന്‍ഐഎ) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പുതുക്കിയ വീസ നയം അനുസരിച്ച് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ചൈനയില്‍ ഇറങ്ങുന്നതിന് റഷ്യ, ബ്രസീല്‍, യുകെ, അമേരിക്ക, കാനഡ തുടങ്ങിയ 54 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുമതി ലഭിക്കും. ചൈനയിലെ 24 പ്രവിശ്യകളിലുള്ള 60 പോര്‍ട്ടുകള്‍ വഴി ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ചൈനയിലേക്ക് കടക്കാന്‍ അനുമതി ലഭിക്കും. നേരത്തെ 19 പ്രവിശ്യകളിലെ 39 പോര്‍ട്ടുകള്‍ വഴിയായിരുന്നു യാത്രാനുമതിയുണ്ടായിരുന്നത്.
കോവിഡിനു ശേഷം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ചൈനയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കോവിഡ് 19നെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം ശക്തമായ യാത്രാ നിയന്ത്രണങ്ങളും വീസാ നിയന്ത്രണങ്ങളും ചൈന നടപ്പിലാക്കിയിരുന്നു. ഈ നയത്തില്‍ 2023 മുതലാണ് ചൈന ഇളവു വരുത്തി തുടങ്ങിയത്. സാംസ്‌ക്കാരികമായും ചരിത്രപരമായും സവിശേഷതകളുള്ള ഷാന്‍ക്‌സി, ജിയാങ്‌സി തുടങ്ങിയ പ്രവിശ്യകളിലേക്കും യാഗ്‌സി നദിയുടെ പ്രദേശങ്ങളിലേക്കും വന്‍ നഗരങ്ങളായ ബീജിങ്, ടിയാന്‍ജിന്‍, ഹെബെയ് എന്നിവ ഉള്‍ക്കൊള്ളുന്ന പ്രവിശ്യകളിലേക്കും സഞ്ചാരികള്‍ക്ക് യാത്രാനുമതിയുണ്ട്.
വിനോദ സഞ്ചാരം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നുണ്ട്. 2024ലെ മൂന്നാം പാദത്തില്‍ 82 ലക്ഷം വിദേശയാത്രികര്‍ ചൈന സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48.8% വര്‍ധനവാണിത്. ഇതില്‍ പകുതിയിലേറെ വിദേശികളും വീസയില്ലാതെ ചൈനയിലെത്താനുള്ള നയം ഉപയോഗിച്ചാണ് എത്തിയത്. വിലയില്ലാതെ ചൈന സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 78.6% വര്‍ധനവും ഉണ്ടായിട്ടുണ്ട്.
ഇതിനു പുറമേയാണ് 38 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വീസയില്ലാതെ 30 ദിവസം വരെ ചൈനയില്‍ താമസിക്കാനുള്ള അനുമതി ലഭിക്കുക. 2025 ഡിസംബര്‍ 31 വരെയാണ് ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, മലേഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഹങ്കറി, ഓസ്ട്രിയ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ന്യുസീലാന്‍ഡ്, ഓസ്‌ട്രേലിയ, പോളണ്ട്, പോര്‍ച്ചുഗല്‍, ഗ്രീസ്, സൈപ്രസ്, സ്ലൊവേനിയ, സ്ലൊവാക്യ, നോര്‍വേ, ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, അന്‍ഡോറ, മൊണാകോ, ലൈസന്‍സ്‌റ്റെയിന്‍, ദക്ഷിണകൊറിയ, ബള്‍ഗേറിയ, റൊമാനിയ, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, വടക്കന്‍ മാസിഡോണിയ, മാള്‍ട്ട, എസ്‌തോണിയ, ലാത്വിയ, ജപ്പാന്‍, ബ്രൂണെയ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വീസയില്ലാതെ 30 ദിവസം വരെ ചൈനയില്‍ താമസിക്കാനാവുക.
ഹോങ്കോങിലേക്ക് ഷെന്‍ചെന്‍ നിവാസികള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ അനുവദിക്കുമെന്ന് ഡിസംബര്‍ ഒന്നിന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ആഴ്ച്ചയില്‍ ഒരു തവണ മാത്രമുള്ള യാത്രാനുമതിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. വിനോദ സഞ്ചാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക ചാനലായ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തത്.
2009 നു മുമ്പ് ഹോങ്കോങിലേക്ക് നേരത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ അനുവദിച്ചിരുന്നു. എന്നാല്‍ ഹോങ്കോങ് നിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇത് ആഴ്ചയില്‍ ഒരു തവണ മാത്രം അനുമതി നല്‍കുന്ന നിലയിലേക്കു മാറ്റിയത്. ചൈനയില്‍ നിന്നും വരുന്നവര്‍ സമാന്തര കച്ചവടം നടത്തുന്നതായിരുന്നു ഹോങ്കോങ് നിവാസികളുടെ എതിര്‍പ്പിനിടയാക്കിയത്. വിനോദസഞ്ചാരത്തിനെന്ന പേരില്‍ ഇപ്പോള്‍ പഴയനില പുനഃസ്ഥാപിക്കുന്നതു പിന്നെയും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യതയും അവശേഷിക്കുന്നുണ്ട്.