12 ദിവസം നീണ്ടു നിന്ന ട്രാഫിക് ജാം ; ചരിത്രത്തിൽ ഇടം പിടിച്ച ദിനം!
Mail This Article
രാവിലെ എഴുന്നേറ്റ് വാഹനത്തിൽ ഓഫീസിലേക്ക് യാത്ര തിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രാഫിക് ജാമിൽ ഉൾപ്പെട്ടിട്ടുണ്ടാകും. ഒരു മണിക്കൂർ നേരം എങ്കിലും ട്രാഫിക് ജാമിൽ കിടന്നിട്ടുള്ളവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. ലോകത്ത് സർവസാധാരണമാണ് ട്രാഫിക് ജാമുകൾ. തിരക്കേറിയ സമയം ആകുമ്പോൾ പ്രത്യേകിച്ച്. മഹാനഗരങ്ങളിൽ പലതിലും ട്രാഫിക് ജാം സ്ഥിരമായി കണ്ടുവരുന്ന കാഴ്ചയുമാണ്. അതിൽ തന്നെ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ ട്രാഫിക് ജാം എന്നത് എല്ലാ ദിവസവും കണ്ടു വരുന്ന കാഴ്ചകളിൽ ഒന്നാണ്. എന്നാൽ, 12 ദിവസം നീണ്ടു നിൽക്കുന്ന ഒരു ട്രാഫിക് ജാം ഈ ലോകത്ത് ഉണ്ടായിട്ടുണ്ടെന്ന് കേട്ടാലോ. എന്നാൽ, അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ട്.
2010 ലായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാം ഉണ്ടായത്. 12 ദിവസം നീണ്ടു നിന്ന ട്രാഫിക് ജാം ഏകദേശം 100 കിലോമീറ്റർ ദൂരം വരെയുണ്ടായിരുന്നു. ഒരു ചെറിയ ട്രാഫിക് ജാം പോലും നമ്മളെ എത്രത്തോളം അസ്വസ്ഥരാക്കുമെന്ന് നമുക്കറിയാം. അപ്പോൾ, ഇത്രയും ദൈർഘ്യമേറിയ ട്രാഫിക് ജാം അതിൽ പെട്ടുപോയവരെ എത്രത്തോളം അസ്വസ്ഥരാക്കിയിട്ടുണ്ടാകും. ഈ ട്രാഫിക് ജാമിൽ പെട്ടുപോയവർ 12 ദിവസമാണ് അനങ്ങാൻ കഴിയാതെ കിടന്നത്. വാഹനങ്ങൾ ഒന്നു മുന്നോട്ട് നീക്കാൻ പോലും കഴിയാത്ത വിധത്തിൽ ആളുകൾ കുടുങ്ങിപ്പോയി.
2010 ഓഗസ്റ്റ് 14ന് ആയിരുന്നു ചരിത്രത്തിൽ ഇടം പിടിച്ച ട്രാഫിക് ജാം പിറന്നത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിൽ ബെയ്ജിങ് - ടിബറ്റ് എക്സ്പ്രസ് വേയിൽ ആയിരുന്നു ട്രാഫിക് ജാം ഉടലെടുത്തത്. ഏകദേശം 100 കിലോമീറ്ററോളം ദൂരമാണ് വാഹനങ്ങൾ നീണ്ടു നിരയായി കിടന്നത്. 12 ദിവസത്തോളം ഈ വാഹനങ്ങളും വാഹനത്തിന് അകത്ത് ഉണ്ടായിരുന്നവരും നിരത്തിൽ കുടുങ്ങിക്കിടന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാം ആയിരുന്നു ഇത്.
100 കിലോമീറ്ററോളം നീണ്ട ട്രാഫിക് ജാം ആയതിനാൽ ആളുകൾ അവരുടെ വാഹനത്തിൽ തന്നെ ഉറങ്ങി. വാഹനത്തിൽ തന്നെയിരുന്ന് ഭക്ഷണം കഴിച്ചു. നിർമാണത്തിൽ ഇരിക്കുന്ന ബെയ്ജിങ് - തിബറ്റ് എക്സ്പ്രസ് വേയ്ക്കായി മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് കൽക്കരിയും നിർമാണ സാമഗ്രികളുമായി ട്രെക്കുകൾ എത്തിയതാണ് തടസ്സത്തിനു കാരണമായത്. എക്സ്പ്രസ് വേയിൽ പണി നടക്കുന്നതിനാൽ ഗതാഗതം വൺവേയിലേക്കു തിരിച്ചുവിട്ടു. മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്കു നിർമാണ സാമഗ്രികളുമായി എത്തിയ ട്രെക്കുകൾ ബെയ്ജിന്റെ എക്സിറ്റിൽ തടയുകയായിരുന്നു. തുടർന്നു 12 ദിവസം കൊണ്ടാണ് ഭരണകൂടം ഇത് ക്ലിയർ ചെയ്തത്.
റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടതിനാൽ പല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ട്രാഫിക് ജാമിൽ പെട്ടുപോയ വാഹനങ്ങൾക്ക് ഒരു ദിവസം ഒരു കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കാൻ കഴിഞ്ഞത്. ട്രാഫിക് ജാമിൽ പെട്ടുപോയ വാഹനങ്ങളിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും വേണ്ടി എക്സ്പ്രസ് വേയിൽ താൽക്കാലിക വീടുകൾ നിർമിച്ചു. ലഘുഭക്ഷണം, ശീതളപാനീയങ്ങൾ,നൂഡിൽസ്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ നാലിരട്ടി വിലയ്ക്കാണ് വിറ്റത്. നിശ്ചിത നിരക്കിന്റെ പത്തിരട്ടി വില നൽകി കുടിവെള്ളം വാങ്ങാൻ ആളുകൾ നിർബന്ധിതരായി.
പ്രശ്നം പരിഹരിക്കാൻ ഈ റൂട്ടിലെ ഗതാഗതം ഭരണകൂടം നിർത്തി. ട്രാഫിക് ജാമിൽ കുടുങ്ങിയ ട്രെക്കുകൾ ആണ് ആദ്യം വിട്ടയച്ചത്. രാവും പകലും നീണ്ടുനിന്ന പ്രയത്നത്തിന് ഒടുവിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാം ഓഗസ്റ്റ് 26ന് ട്രാഫിക് ജാം അവസാനിച്ചു.