സ്മാർട്ടായി ബാഗ് പാക്ക് ചെയ്യൂ, നന്നായി യാത്ര ചെയ്യൂ: എഐ കാലത്ത് ഇക്കാര്യങ്ങളും ശ്രദ്ധിക്കാം
Mail This Article
യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഓരോ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുന്ന രീതി മാറി കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നത് വർധിച്ചു. ചിലരൊക്കെ തനിച്ച് യാത്ര ചെയ്യാനും തുടങ്ങി. പതിവായി യാത്ര ചെയ്യുന്നവരാണെങ്കിലും 2025 ൽ പുതുതായി യാത്ര ചെയ്യാൻ തുടങ്ങുന്നവർ ആണെങ്കിലും യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ അതിൽ ഒട്ടനവധി പുതിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയിൽ ഇത്തരത്തിൽ ഉൾപ്പെടുത്തേണ്ട ചില ഗാഡ്ജറ്റുകളും വസ്തുക്കളും എന്തൊക്കെയാണെന്ന് അറിയാം.
∙ ജിപിഎസ് ട്രാക്കിങ് ഉള്ള സ്മാർട്ട് ലഗേജ്
വിമാനയാത്രയ്ക്കിടയിൽ ലഗേജ് നഷ്ടപ്പെടുന്നത് ചിലരെ സംബന്ധിച്ച് അങ്ങേയറ്റം ആശങ്കാകരമാണ്. എന്നാൽ, അത്തരം ആശങ്കയുടെ നാളുകൾ കഴിഞ്ഞു. 2025 ൽ ജി പി എസ് ട്രാക്കിങ് ഘടിപ്പിച്ച സ്മാർട് ലഗേജ് യാത്രയിൽ കൂടുതൽ ആത്മവിശ്വാസം നൽകും. പല മുൻനിര ബ്രാൻഡുകളും സ്മാർട് ഫോൺ ആപ്പുകൾ വഴി നിരീക്ഷിക്കാവുന്ന
ബിൽറ്റ് - ഇൻ- ട്രാക്കറുകളുള്ള ബാഗുകൾ ലഭ്യമാണ്. നിങ്ങളുടെ ബാഗിന്റെ ലൊക്കേഷൻ എവിടെയാണെന്ന് തത്സമയം അറിഞ്ഞിരിക്കാൻ കഴിയുന്നത് വലിയ ആത്മവിശ്വാസമാണ് വാഗ്ദാനം ചെയ്യുന്നത്.
∙ പോർട്ടബിൾ സോളാർ ചാർജർ
ഡിജിറ്റൽ ഉപകരണങ്ങളെ കൂടുതലായും ഉപയോഗിക്കുന്ന കാലത്ത് പോർട്ടബിൾ സോളാർ ചാർജർ നിർബന്ധമായും യാത്രികരുടെ കൈവശം ഉണ്ടായിരിക്കണം. ഫോണുകളും ടാബ് ലെറ്റുകളും എന്തിന് ലാപ്ടോപ്പുകൾ വരെയും ഈ സോളാർ പാനലുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്നതാണ്. അതുകൊണ്ടു തന്നെ 'പവർ ഓഫ്' എന്നതിനെ പേടിക്കാതെ യാത്ര തുടരാം. പരിസ്ഥിതി സൗഹൃദ മനോഭാവത്തോടെ യാത്ര ചെയ്യുന്നവർക്ക് കൂടെ കൂട്ടാൻ പറ്റിയ ഒന്നാണ് പോർട്ടബിൾ സോളാർ ചാർജർ.
∙ കംപ്രഷൻ പാക്കിങ് ക്യൂബുകൾ
കംപ്രഷൻ പാക്കിങ് ക്യൂബുകൾ ഉപയോഗിക്കുന്നതു വഴി പാക്ക് ചെയ്യാനുള്ള സ്ഥലം പരമാവധിയായി ഉയർത്താം. ഈ ക്യൂബുകൾ വസ്ത്രങ്ങൾ ക്രമീകരിച്ചു വയ്ക്കാനും ചുളിവുകൾ കുറയ്ക്കാനും സ്ഥലം ലാഭിക്കാനും സഹായിക്കുന്നു. ലഗേജിന്റെ ഓരോ ഇഞ്ചും നല്ല രീതിയിൽ ഉപയോഗിക്കുവാൻ കംപ്രഷൻ ഫീച്ചർ സഹായിക്കുന്നു.
∙ സ്മാർട്ട് വാട്ടർ ബോട്ടിൽ
യാത്രയ്ക്കിടയിൽ നിർജ്ജലീകരണം സംഭവിക്കാതെ നോക്കുകയെന്നത് ഓരോ യാത്രികനും നിർബന്ധമായും പാലിക്കേണ്ട കാര്യമാണ്. ബിൽറ്റ് ഇൻ സെൻസറുകൾ ഉള്ള ഈ വാട്ടർ ബോട്ടിലുകൾ നിങ്ങളെ വെള്ളം കൃത്യമായി കുടിക്കാൻ ഓർമപ്പെടുത്തുന്നു. എത്ര വെള്ളം കുടിച്ചെന്ന് ട്രാക്ക് ചെയ്യാനും ഈ സ്മാർട്ട് വാട്ടർ ബോട്ടിലുകൾ നിങ്ങളെ സഹായിക്കുന്നു. റി യൂസബിൾ സ്മാർട്ട് വാട്ടർ ബോട്ടിലുകൾ ലഭ്യമാണ്.
∙ നോയിസ് കാൻസലിങ് ഹെഡ്ഫോണുകൾ
യാത്ര ചെയ്യുന്ന സമയത്ത് പല ശബ്ദകോലാഹലങ്ങളുടെയും ഇടയിൽ കൂടി നമ്മൾ സഞ്ചരിക്കേണ്ടി വരും. തിരക്കുള്ള ട്രെയിൻ, വിമാനം എന്നിവയെല്ലാം പലപ്പോഴും ശബ്ദമയമായിരിക്കും. ഇത്തരം വലിയ ശബ്ദങ്ങൾ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ശബ്ദം റദ്ദാക്കുന്ന ഹെഡ് ഫോണുകൾ ലഭ്യമാണ്. ഇത്തരം നോയിസ് കാൻസലിങ് ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നത് വഴി സമാധാനപരമായ ഒരു അനുഭവം ആസ്വദിക്കാൻ കഴിയും.
∙ മൾട്ടി ഫങ്ഷണൽ ട്രാവൽ അഡാപ്റ്റർ
രാജ്യാന്തര യാത്രകളുടെ ഏറ്റവും നിരാശജനകമായ വശങ്ങളിൽ ഒന്നു പൊരുത്തപ്പെടാത്ത പ്ലഗുകളും ചാർജറുകളുമാണ്. അതുകൊണ്ടു തന്നെ മൾട്ടി ഫങ്ഷണൽ ട്രാവൽ അഡാപ്റ്റർ അതിന് മികച്ച ഒരു പരിഹാരമാണ്. ഒന്നിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള ഈ അഡാപ്റ്ററുകൾ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്ലഗ് ചെയ്യാൻ അനുവദിക്കുന്നു. സാങ്കേതിക വൈദഗ്ധ്യത്തോടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇത്തരത്തിലുള്ള ട്രാവൽ അഡാപ്റ്റർ കൈയിൽ കരുതണം.
∙ പോർട്ടബിൾ വൈ-ഫൈ ഹോട്ട്സ്പോട്ട്
യാത്ര ചെയ്യുമ്പോൾ വീട്ടുകാരുമായും കൂട്ടുകാരുമായും കമ്യൂണിക്കേറ്റ് ചെയ്യുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോൾ. യാത്രയ്ക്കിടയിൽ ഓൺലൈനിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിർബന്ധമായും പോർട്ടബിൾ വൈഫൈ ഹോട്ട്സ്പോട്ട് അത്യാവശ്യമാണ്. പോകുന്നിടത്തെല്ലാം ഇൻ്റർനെറ്റ് ആക്സസ് നൽകുന്നതിലൂടെ എത്ര ദൂരെ പോയാലും സോഷ്യൽ മീഡിയ, ഇ- മെയിലുകൾ എന്നിവ പരിശോധിക്കാൻ കഴിയും. യാത്രകളിൽ ടെൻഷനടിക്കാതിരിക്കാനുള്ള ട്രിക്കുകൾ നിങ്ങൾക്കും പങ്കുവയ്ക്കാം.