രേബയുടെ സ്വർഗരാജ്യം; മാലദ്വീപില്‍ നിന്നും ബീച്ച് കാഴ്ചകളുമായി നടി
Mail This Article
സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ആളാണ് നടിയും മോഡലുമായ രേബ മോണിക്ക ജോണ്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ യാത്രാചിത്രങ്ങള്‍ രേബയുടെ സോഷ്യല്‍ മീഡിയയില്‍ കാണാം. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച രേബ, മുന്‍പേ 'മിടുക്കി' എന്ന റിയാലിറ്റി ഷോയുടെ സെക്കന്റ് റണ്ണറപ്പായിരുന്നു. തുടര്‍ന്ന് ബിഗിൽ, ഫോറൻസിക്, എഫ്ഐആർ തുടങ്ങിയ സിനിമകളിലും രേബയെ കണ്ടു. ഇപ്പോഴിതാ മാലദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രേബ.
മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ടുകളില്‍ ഒന്നായ ലക്സില്‍ നിന്നാണു രേബ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാലദ്വീപിലെ സൗത്ത് അരി അറ്റോളിലുള്ള ദിധൂഫിനോൾഹുവിലാണ് ലക്സ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. സ്‌പാ, ഫിറ്റ്‌നസ് സെൻ്റർ, ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ എന്നിങ്ങനെ ലോകോത്തര സൗകര്യങ്ങളുള്ള ആഡംബര റിസോര്‍ട്ട് ആണിത്. ചുറ്റും പച്ചപ്പും ഇന്ദ്രനീലം പോലെ തിളങ്ങുന്ന കടലും നിറഞ്ഞ, വിശാലമായ ജനാലകളുള്ള മുറികളാണ് ഇവിടെയുള്ളത്. ഈ മുറികളില്‍, ചിക് ബീച്ച് ഹൗസ് ശൈലിയിലുള്ള ഫർണിച്ചറുകളും ഔട്ട്‌ഡോർ ഇരിപ്പിടങ്ങളും ഉണ്ട്. കൂടാതെ, കോഫി മെഷീനും മിനിബാറുമുണ്ട്.
സ്പോര്‍ട്സ് പ്രേമികള്‍ക്ക് മാലദ്വീപിലെ ഏറ്റവും വലിയ മോട്ടറൈസ്ഡ്, നോൺ-മോട്ടറൈസ്ഡ് വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ഇവിടെ ആസ്വദിക്കാം. പൂൾ ടേബിളും ഡാർട്ടുകളുമുള്ള ഒരു ഗെയിം റൂം ഇവിടെയുണ്ട്. എല്ലാ മുറികളില്‍ നിന്നും ബീച്ചിലേക്ക് നേരിട്ട് പ്രവേശനമുണ്ട്. ബിസിനസ് സെൻ്ററിൽ സൗജന്യ വൈഫൈ ലഭ്യമാണ്.
കൂടാതെ, 8 റസ്റ്റോറൻ്റുകൾ, 5 ബാറുകൾ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇൻ്റർനാഷണൽ, ഏഷ്യൻ പ്രചോദിത ബുഫെ സ്‌പ്രെഡുകളും ഇറ്റാലിയൻ, മെഡിറ്ററേനിയൻ, ജാപ്പനീസ്, മിഡിൽ ഈസ്റ്റേൺ എന്നിവിടങ്ങളിൽ നിന്നുള്ള വിഭവങ്ങളും ഇവിടെ ലഭിക്കും. എല്ലാ റെസ്റ്റോറൻ്റുകളിലും വെജിറ്റേറിയൻ, വെഗൻ ഭക്ഷണവും ലഭ്യമാണ്.
മാലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 30 മിനിറ്റ് സീപ്ലെയിൻ യാത്ര ചെയ്താണ് ഇവിടെ എത്തുന്നത്.
ഇന്ത്യന്‍ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മാലദ്വീപ്. പ്രകൃതിഭംഗി കൊണ്ടും മനോഹരമായ കടൽത്തീരങ്ങൾ കൊണ്ടും ഇവിടം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ പ്രധാനമന്ത്രിക്ക് എതിരെ വിദ്വേഷ പരാമർശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇക്കൊല്ലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ലെ ആദ്യത്തെ നാലു മാസത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ 42.2 ശതമാനം കുറവുണ്ടായി.
2023 ജനുവരിയിൽ 18,612 ഇന്ത്യൻ വിനോദസഞ്ചാരികളായിരുന്നു മാലദ്വീപിൽ എത്തിയത്. എന്നാൽ, 2024 ജനുവരിയിൽ ഇത് 15,003 ആയി കുറഞ്ഞു. മാലദ്വീപ് വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ജനുവരി മാസത്തിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളിൽ 19.4 ശതമാനം കുറവുണ്ടായി. 2023 ഫെബ്രുവരിയിൽ 19,497 ഇന്ത്യൻ വിനോദസഞ്ചാരികൾ ആയിരുന്നു മാലദ്വീപിൽ എത്തിയതെങ്കിൽ 2024 ൽ അത് 11,522 ആയി കുറഞ്ഞു, 40.9 ശതമാനം കുറവ്. മാർച്ചിൽ 54 ശതമാനവും ഏപ്രിലിൽ 55.6 ശതമാനവും കുറവ് ആണ് സംഭവിച്ചത്.
നിലവിൽ മാലദ്വീപിന്‍റെ ടൂറിസ്റ്റ് ഭൂപടത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. സഞ്ചാരികളുടെ എണ്ണത്തില്‍ ചൈന, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്കു തിരികെ കൊണ്ടുവരാന്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മാല്‍ദീവ്‌സ് അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്‌സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ്(MATATO) റോഡ് ഷോ നടത്തിയിരുന്നു.