ADVERTISEMENT

ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടങ്ങളിൽ ഒന്നാണ് മാലദ്വീപ്. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാമെന്നതു തന്നെയാണ് പലരെയും ഈ രാജ്യത്തേക്ക് ആകർഷിക്കുന്നത്. എത്ര കണ്ടാലും മതിവരാത്ത കടലും കടലൊളിപ്പിച്ചു വച്ചിട്ടുള്ള കാഴ്ചകളും തേടിയിറങ്ങിയതാണ് മലയാളത്തിലൂടെയും തമിഴിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റേബ മോണിക്ക ജോൺ. മാലദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുന്നത് മുതലുള്ള ചിത്രങ്ങളും കാണാൻ പോകുന്ന അതിസുന്ദരമായ അനുഭവങ്ങളുടെ ആകാംക്ഷയും ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ താരം എഴുതി ചേർത്തിട്ടുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ് മാലദ്വീപുകൾ എന്നാണ് താരത്തിന്റെ അഭിപ്രായം. 

അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗ്ഗം അതുകൊണ്ടു തന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേൽക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. നമ്മുടെ രാജ്യത്തു നിന്നുള്ളവരെ സംബന്ധിച്ചു ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഡംബര സൗകര്യങ്ങളെല്ലാമുള്ള മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്പര്യം പോലെ അവ താമസത്തിനായി തിരെഞ്ഞെടുക്കാം.

Image Credit: reba_john/instagram
Image Credit: reba_john/instagram

ചുറ്റിലും കടൽക്കാഴ്ചകൾ മാത്രമല്ല, വൈഡൂര്യ നിറത്തിലുള്ള ലഗൂണുകൾ, പാറക്കൂട്ടങ്ങൾ, ജൈവൈവിധ്യങ്ങൾ തുടങ്ങി ധാരാളം കാഴ്ചകൾ ഈ ദ്വീപുകളിലുണ്ട്. ആഴക്കടലിന്റെ സൗന്ദര്യം കാണണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുണ്ട്. ധാരാളം ചെറുമൽസ്യങ്ങളും പവിഴപ്പുറ്റുകളുമെല്ലാം അതിഥികളുടെ കണ്ണിനു വിരുന്നൂട്ടാൻ ആ കടലിന്റെ അടിത്തട്ടിലുണ്ട്. സ്‌നോർക്കലിങ് സഫാരി, ഡോൾഫിൻ ക്രൂയിസ്, ദ്വീപിലെ ഗ്രാമക്കാഴ്ചകളിലേക്ക് ഒരു ചെറുനടത്തം, മീൻപിടുത്തം, ജലകേളികൾ, ഡൈവിങ് തുടങ്ങിയ വിനോദങ്ങൾ അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്.

മാലദ്വീപിലെ ഏറ്റവും വലിയ നഗരവും ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നുമാണ് മാലെ അറ്റോൾ. കാഫു അറ്റോളിന്‍റെ തെക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വിവിധ രാജവംശങ്ങളുടെ വാസസ്ഥലമായതിനാൽ ഈ അറ്റോളിനെ മഹൽ എന്ന് വിളിച്ചിരുന്നു, ഇപ്പോൾ ഇത് കിംഗ്സ് ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. വര്‍ഷം മുഴുവനും മിതമായ താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഗ്രാൻഡ് ഫ്രൈഡേ മോസ്‌ക്, ആൺ ഫിഷ് മാർക്കറ്റ്, മാലെസ് നാഷണൽ മ്യൂസിയം, സുനാമി സ്മാരകം, ഡൈവ് ക്ലബ് മാലദ്വീപ് തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍. കൂടാതെ, സ്‌കൂബ ഡൈവിംഗ്, സ്‌നോർക്കലിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.

Image Credit: reba_john/instagram
Image Credit: reba_john/instagram

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിലൊന്നാണ് നോർത്ത് മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ബനാന റീഫ്.വാഴപ്പഴത്തിന്‍റെ ആകൃതിയായതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇടമാണ് ഇത്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളുമെല്ലാം സജീവമാണ് ഇവിടെ. പവിഴപ്പുറ്റുകളും പാറക്കെട്ടുകളും ഗുഹകളുമെല്ലാമായി അസംഖ്യം കാഴ്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. 

Image Credit: reba_john/instagram
Image Credit: reba_john/instagram

മാലദ്വീപിന്‍റെ വടക്കൻ ഭാഗത്താണ് ഉതീമു ഗണ്ടുവരു ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. രൂപത്തില്‍ പച്ച നിറമുള്ള ജെല്ലിഫിഷിനോട് സാമ്യമുള്ള ഈ കൊച്ചുദ്വീപ്‌, മാലദ്വീപിലെ ചരിത്ര പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലിദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്‍റെ ജന്മസ്ഥലമാണിത്. സുൽത്താൻ മുഹമ്മദിന്‍റെ കൊട്ടാരം ഇവിടെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. തടികൊണ്ട് നിര്‍മ്മിച്ച ഈ കൊട്ടാരം, മാലദ്വീപില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പൈതൃകയിടമാണ്. കൊട്ടാരം കൂടാതെ പുരാതനമായ സെമിത്തേരിയും പുതിയ മസ്ജിദുമെല്ലാം കാണാം.

Image Credit: reba_john/instagram
Image Credit: reba_john/instagram

ഹണിമൂണ്‍ പോലുള്ള ആഘോഷാവസരങ്ങളില്‍ സന്ദര്‍ശിക്കാന്‍ മികച്ച ഇടമാണ് എംബൂധു ഫിനോലു ദ്വീപ്. ഒരു പുഷ്പത്തിന്‍റെ ആകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള, ആഡംബരപൂര്‍ണമായ വാട്ടര്‍ വില്ലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏകദേശം അമ്പത്തിയഞ്ചോളം വാട്ടർ വില്ലകള്‍ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ്, ക്രൂസ് യാത്ര തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഇവിടം.

മാലദ്വീപിലെ മറ്റൊരു ജനപ്രിയ ആകർഷണമാണ് മജീദി മാഗു. തെരുവോരങ്ങളില്‍ നിന്ന് വിവിധ സാധനങ്ങള്‍ വാങ്ങാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ട്രീറ്റ് ഷോപ്പിങ് ഇഷ്ടമുള്ള എല്ലാവര്‍ക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങളും ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങളും പ്രാദേശിക കരകൗശലവസ്തുക്കളുമെല്ലാം ഇവിടെ നിന്നും സ്വന്തമാക്കാം. രാവിലെ 9 മണിക്കും രാത്രി 11 മണിക്കും ഇടയിലുള്ള സമയത്താണ് മാര്‍ക്കറ്റ് സജീവമാകുന്നത്.

English Summary:

Discover Maldives with Malayalam Actor Reba Monica John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com