യൂറോപ്പിൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ
Mail This Article
ഏറ്റവും മനോഹരവും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതുമായ കുറേയെറെ സ്ഥലങ്ങളുണ്ട്. എന്നാൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം അവിടെയൊക്കെ എത്രത്തോളം സുരക്ഷയുണ്ടെന്നുള്ളതാണ്. അറിയാത്ത ഒരു നാട്ടിലേക്കു പോകുമ്പോൾ നമ്മളെ അലട്ടുന്ന ആ വലിയൊരു പ്രശ്നം ഇനി യൂറോപ്പിലെ ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകില്ല. ഗ്ലോബൽ പീസ് ഇൻഡക്സിൽ യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയുണ്ട്. നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലെ അടുത്ത ലക്ഷ്യസ്ഥാനം ഇനി പറയുന്ന യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരിക്കട്ടെ. യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളിതാ.
∙ഐസ്‌ലൻഡ്
ഗ്ലോബൽ പീസ് ഇൻഡക്‌സ് അനുസരിച്ച്, യൂറോപ്പിലെയും ലോകത്തിലെയും ഏറ്റവും സുരക്ഷിതമായ രാജ്യം ഐസ്ലൻഡാണ്. 2008-ൽ ഗ്ലോബൽ പീസ് ഇൻഡക്‌സിന്റെ തുടക്കം മുതൽ ഈ പ്രാമുഖ്യം രാജ്യം നിലനിർത്തിപ്പോരുന്നു. ഏകദേശം 3,82,000-ത്തോളം മാത്രം ജനസംഖ്യയുള്ള ഐസ്‌ലൻഡ് സന്ദർശിക്കുന്നവർ അവിടുത്തെ നാട്ടുകാർ നൽകുന്ന ഊഷ്മളമായ സ്വീകരണത്തെയും സാമുദായിക അന്തരീക്ഷത്തെയും പ്രശംസിക്കുന്നു. ലോകത്തിലെ ഏറ്റവും ലിംഗ-സമത്വമുള്ള രാഷ്ട്രമായി വിശേഷിപ്പിക്കപ്പെടുന്ന ഐസ്‌ലൻഡ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കിടയിൽപ്പോലും ഏറെ പ്രശസ്തമായ രാജ്യമാണ്. തീയുടെയും ഹിമത്തിന്റെയും നാട് എന്ന നിലയിൽ, ഐസ്‌ലാൻഡ് പ്രകൃതിദത്തമായ ഒരു മാസ്റ്റർപീസാണ്, അവിടെ മഞ്ഞുമൂടിയ ഹിമാനികൾക്കു മുകളിൽ ആകാശത്ത് ധ്രുവദീപ്തി നൃത്തം ചെയ്യുന്നതും അഗ്നിപർവ്വതങ്ങളുടെ പരുക്കൻ ലാവാ പുഴകളും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും അദ്ഭുതപ്പെടുത്തുന്ന വെള്ളച്ചാട്ടങ്ങൾകൊണ്ടും സമ്പന്നമായ രാജ്യമാണ് ഇത്.
∙അയർലൻഡ്
അസാധാരണമാംവിധം സൗഹാർദ്ദപരമായ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട അയർലൻഡ് യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമാണ്. വർഷം തോറും, ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം പ്രധാനമായും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, തീരദേശ ദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പാരമ്പര്യം എന്നിവയാൽ സമ്പന്നമാണ്. മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് താരതമ്യേന കുറവാണ്. ഡബ്ലിൻ പോലുള്ള തിരക്കേറിയ നഗര കേന്ദ്രങ്ങളിൽ സ്വയം സുരക്ഷയ്ക്ക് വേണ്ട ചില പ്രാഥമീക മുന്നൊരുക്കങ്ങൾ വേണമെന്നു മാത്രം.
∙ഡെൻമാർക്ക്
കുറഞ്ഞ തോതിലുള്ള കുറ്റകൃത്യങ്ങളുള്ള ഡെൻമാർക്ക് സാമൂഹിക ക്ഷേമത്തിന്റെയും പൗരന്മാരുടെ സംതൃപ്തിയുടെയും കാര്യങ്ങളിൽ ഒരു പടി മുന്നിലാണ്. പ്രകൃതി ദുരന്തങ്ങളുടെ ഭീതി ഡെൻമാർക്കിൽ തീരെ ഇല്ല, ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരാണ് ഇവിടെയുള്ളവർ. കാൽനടയാത്രക്കാരും റോഡ് നിയമങ്ങൾ ജാഗ്രതയോടെ പാലിക്കുന്നു. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയല്ലെങ്കിലും പ്രാദേശിക ജനസംഖ്യയുടെ ഒരു പ്രധാന ഭാഗത്തിനു സംഭാഷണ വൈദഗ്ദ്ധ്യം ഉള്ളതിനാൽ ഡെൻമാർക്കിൽ യാത്ര ചെയ്യാനും സുഖമാണ്.
∙ഓസ്ട്രിയ
ശീതകാല വിനോദസഞ്ചാര കേന്ദ്രമായി പ്രാഥമികമായി അംഗീകരിക്കപ്പെട്ടതിനാൽ, അതിമനോഹരമായ സ്കീയിങ് അവസരങ്ങൾക്കു പേരുകേട്ട രാജ്യമാണ് ഓസ്ട്രിയ. കുറ്റകൃത്യങ്ങളുടെ നിരക്ക് പൊതുവെ കുറവാണിവിടെ. ഓസ്ട്രിയ പോലെ ഒരു രാജ്യവും അനായാസമായി നഗരത്തിനും ഗ്രാമത്തിനുമിടയിൽ ഒരുപോലെ സഞ്ചാരിക്കാനുള്ള അവസരം നൽകുന്നില്ല. ഒരു ദിവസം നിങ്ങൾ ആൽപൈൻ കൊടുമുടികൾ കയറുകയാണെങ്കിൽ അടുത്ത ദിവസം നിങ്ങൾ സാമ്രാജ്യത്വ വിയന്നയെ ചുറ്റിപ്പറ്റിയായിരിക്കും യാത്ര ചെയ്യുക. പ്രധാന നഗരങ്ങൾക്കപ്പുറം, സ്വയം മറന്ന് സഞ്ചരിക്കാൻ സഹായിക്കുന്ന ലാൻഡ്സ്കേപ്പുകൾ ഓസ്ട്രിയ നൽകുന്നു. രാജ്യത്തിന്റെ പകുതിയിലുടനീളം ഭീമാകാരമായ പർവതനിരകളാണ്. അവിടെ നിങ്ങൾക്ക് കാൽനടയാത്രയും മൗണ്ടൻ ബൈക്കിങ്ങും സ്കീയിങ്ങും നടത്താം.
∙പോർച്ചുഗൽ
ബാക്ക്‌പാക്കർമാർ, സോഷ്യൽ മീഡിയ താരങ്ങൾ എന്നിവർക്കു യൂറോപ്യൻ വിദേശയാത്രകൾ ആരംഭിക്കുന്നതിനുള്ള ഇഷ്ടപ്പെട്ട സ്ഥലങ്ങളിലെന്നാണ് പോർച്ചുഗൽ. അതിമനോഹരമായ തീരപ്രദേശങ്ങൾ, കോസ്മോപൊളിറ്റൻ നഗര കേന്ദ്രങ്ങൾ, ഊർജ്ജസ്വലമായ സാംസ്കാരിക പനോരമ, രുചികരമായ ഭക്ഷണരീതികൾ എന്നിവയാൽ പോർച്ചുഗൽ സമഗ്രവും ആകർഷകവുമായ ഒരു ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നു. രാജ്യത്തിന്റെ സുരക്ഷാ ക്രെഡൻഷ്യലുകൾ കുറ്റമറ്റതാണ്, 2023-ലെ ആഗോള സമാധാന സൂചികയിൽ ആറാം സ്ഥാനവും യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനവും പോർച്ചുഗൽ കരസ്ഥമാക്കി. അയൽ രാജ്യങ്ങളുമായുള്ള ദൃഢമായ നയതന്ത്ര ബന്ധവും സുസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും അതിന്റെ നിലപാടുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
∙സ്ലോവേനിയ
മധ്യ യൂറോപ്പിലെ ഏറ്റവും മികച്ച രഹസ്യങ്ങളിൽ ഒന്നാണ് സ്ലൊവേനിയ. ശാന്തമായ ഗ്ലേഷ്യൽ തടാകങ്ങളുടെയും മൗണ്ടൻ സ്കീ റിസോർട്ടുകളുടെയും ഒരു ശേഖരം രാജ്യത്തുണ്ട്. അതുപോലെ നിരവധി യുനെസ്കോ ലോക പൈതൃക സൈറ്റുകളും ഇവിടെയുണ്ട്, അതിൽ കാർപാത്തിയൻസിലെ പ്രൈമൽ ബീച്ച് വനങ്ങളും മാന്ത്രിക ഭൂഗർഭ നദി മലയിടുക്കുകളുള്ള പുരാതന ഗുഹകളും ഉൾപ്പെടുന്നു. പഴയ കത്തീഡ്രലുകളും ഗാംഭീര്യമുള്ള കോട്ടകളും തലസ്ഥാനമായ ലുബ്ലിയാനയിലെ കല്ല് പാകിയ തെരുവുകളിലൂടെയും പഴയകാല കല്ല് പാലങ്ങളിലൂടെയും അതിശയകരമായ കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും നിറഞ്ഞ പഴയ പട്ടണങ്ങളിലൂടെയും നിങ്ങൾക്ക് നല്ലൊരു സഞ്ചാരം നടത്താം. കുറ്റക്രത്യങ്ങളുടേയും അക്രമങ്ങളുടേയും തോത് വളരെ കുറവാണ് രാജ്യത്ത്.
∙സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡും കുറഞ്ഞ അക്രമനിരക്കുള്ള രാജ്യമാണ്. സുരക്ഷിതമായ ഒറ്റയ്ക്കോ, കുടുംബവുമായോ നിങ്ങൾക്ക് ഇവിടെ യാത്ര ചെയ്യാം. മലനിരകൾക്കും മഞ്ഞിനും പ്രകൃതി ഭംഗിയ്ക്കും ഭക്ഷണത്തിനും, പ്രത്യേകിച്ച് ചീസ്, ചോക്ലേറ്റുകൾ എന്നിവയ്ക്ക് സ്വിറ്റ്സർലൻഡ് പ്രശസ്തമാണ്. ശീതകാല കായിക വിനോദങ്ങൾക്ക് ഇത് ഒരു മികച്ച സ്ഥലമാണ്. സെർമാറ്റിൽ സ്കീയിങ് നടത്തുമ്പോൾ ബ്രിട്ടീഷ് റോയൽസ് ക്ലോസ്റ്റേഴ്സിൽ സ്നോബോർഡ് ചെയ്യാനും അവസരമുണ്ട്, മാറ്റർഹോൺ പർവ്വതത്തിന്റെ മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിക്കാം. സ്വീസ് ആൽപ്‌സ് യൂറോപ്പിലെ ചില മികച്ച കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. ജിയാക്കോമെറ്റി രൂപകല്പന ചെയ്ത പൊലീസ് സ്റ്റേഷൻ മുതൽ പൂർണമായും റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമിച്ച അംബരചുംബിയായ ഫ്രീടാഗ് ടവർ വരെയുള്ള സൂറിച്ച് പോലെയുള്ള രാജ്യത്തെ നഗരങ്ങൾ എല്ലാം വിസ്മയങ്ങൾ നിറഞ്ഞതാണ്.
∙ചെക്ക് റിപബ്ലിക്ക്
പ്രാഗിന്റെ വാസ്തുവിദ്യാ വൈഭവവും ബൊഹീമിയൻ ഭൂപ്രകൃതിയുടെ മനോഹരവും ശാന്തവുമായ കാഴ്ചകൾ സഞ്ചാരികൾക്ക് നൽകുന്ന മനോഹരമായ ഒരു രാജ്യമാണ് ചെക്ക് റിപബ്ലിക്ക്. ചരിത്രപ്രധാനമായ നഗരദൃശ്യങ്ങളിലൂടെ സഞ്ചരിക്കൂ, അന്തരീക്ഷത്തിൽ വ്യാപിച്ചുകിടക്കുന്ന നിലവിലുള്ള ശാന്തതയിൽ പങ്കുചേരൂ. അത്ര സുരക്ഷിതമാണ് ഇവിടെ യാത്ര ചെയ്യാൻ. പ്രാഗിലേക്കുള്ള യാത്ര പഴയ കാലത്തിലേക്ക് ഒരു ചുവടുവെപ്പ് പോലെയാണ്. 9-ആം നൂറ്റാണ്ടിലെ അതിമനോഹരമായ മധ്യകാല കോട്ടയുടെ ആഡംബരം ആസ്വദിക്കാൻ ചെക്ക് തലസ്ഥാനം സന്ദർശിക്കുക, അതിന്റെ വാസ്തുവിദ്യാ ശൈലികൾ കണ്ടാൽ ആരും ആശ്ചര്യപ്പെടും.ഇവിടുത്തെ നിരവധി പബ്ബുകളിലും റെസ്റ്റോറന്റുകളിലും പ്രശസ്തമായ ഭക്ഷണ, രാത്രി ജീവിത സംസ്കാരങ്ങൾ അനുഭവിക്കാനുള്ള അവസരം നിങ്ങൾക്ക് ഇവിടെ ലഭിക്കും.
∙ഫിൻലൻഡ്
ഫിൻലൻഡ് സാഹസിക സഞ്ചാരം മാത്രമല്ല. തലസ്ഥാന നഗരിയായ ഹെൽസിങ്കി തികച്ചും ഒരു സാംസ്കാരിക കേന്ദ്രവും മനോഹരമായ ചരിത്രപരമായ കെട്ടിടങ്ങളുടെയും വളരെ ആധുനികമായ കെട്ടിടങ്ങളുടെയും ആവാസ കേന്ദ്രമാണ്. അതോടൊപ്പം ടാംപെരെ മ്യൂസിയങ്ങളും സംഗീതവും കലയും കൊണ്ടു നിറഞ്ഞിരിക്കുന്നു, കൂടാതെ റൗമ പോലെ പൂർണ്ണമായും തടിയിൽ തീർത്ത വീടുകളുള്ള ഗ്രാമങ്ങൾ കാണാം, ഇത് യുനെസ്കോ പൈതൃക സൈറ്റുകൂടിയാണ്. ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന നിലയിൽ ഏറ്റവും സുരക്ഷിതമായി യാത്രചെയ്യാനും പറ്റുന്നയിടം കൂടിയാണിത്.
∙ക്രൊയേഷ്യ
യൂറോപ്പിൽ ഏറ്റവും സുരക്ഷിതമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണെങ്കിലും കുറഞ്ഞ കുറ്റകൃത്യനിരക്കാണ് ക്രോയേഷ്യയെ വ്യത്യസ്തമാക്കുന്നത്. സഞ്ചാരികൾ അധികം തിരഞ്ഞെടുക്കാത്ത സ്ഥലമാണ്, അനേകം മനോഹരമായ കാഴ്ചകൾ ഈ രാജ്യത്തുണ്ട്. ക്രൊയേഷ്യയുടെ അഡ്രിയാറ്റിക് തീരത്തിന്റെയും 1,200-ലധികം ദ്വീപുകളുടെയും ആകർഷണം അവഗണിക്കാനാവാത്തതാണ്. ഇസ്ട്രിയൻ, ഡാൽമേഷ്യൻ തീരങ്ങളിലുള്ള വെനീഷ്യൻ പട്ടണങ്ങളുടെ അസാധാരണമായ സൗന്ദര്യം ഉൾക്കൊള്ളാൻ ചിലപ്പോൾ ഒരു യാത്രകൊണ്ടു സാധിക്കണമെന്നില്ല. ഒരിക്കൽ കണ്ടാൽ വീണ്ടും അവിടേക്കു മടങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളാണ് രാജ്യത്തുള്ളത്.