ADVERTISEMENT

ഒരു മുത്തശ്ശിക്കഥയ്ക്കു വേണ്ട ചേരുവകളെല്ലാം സ്ലോവേനിയയിലെ പ്രെഡ്ജാമ കോട്ടയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാകോട്ട എന്ന റെക്കോർഡും ഇതിന്റെ പേരിലാണ്. 123 മീറ്റർ ഉയരമുള്ള ഒരു പാറക്കെട്ട്, അതിനിടയിൽ താഴെ നിന്ന് നോക്കിയാൽ ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്ത, ഒരു കോട്ട. നൂറ്റാണ്ടുകൾ പഴക്കം. കോട്ടയുടെ ഒരു വശം മുഴുവൻ പാറ, താഴെ ഗുഹ, ബാക്കിയെല്ലാം മനുഷ്യർ നിർമ്മിച്ചതാണ്. എവിടെ തുടങ്ങണം എവിടെ അവസാനിക്കണം എന്ന ആശയകുഴപ്പമുണ്ടാക്കുന്ന വഴികളാണ് ഗുഹയ്ക്ക് അകത്ത്. 

∙ നിഗൂഡതകളുടെ കോട്ടകൊത്തകങ്ങൾ 

ഏകദേശം നാനൂറോളം അടി ഉയരമുള്ള മല തുരന്നാണ് ഈ കോട്ടയുടെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ കോട്ട പോലെയാണ് ഇത് തോന്നിക്കുന്നത്. എന്നാൽ  ഉള്ളില്‍ കയറുന്ന ആരേയും അമ്പരിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ കാഴ്ചകളാണ് കാണാൻ സാധിക്കുക. കൊടും തണുപ്പും ഇരുട്ടും പോരാത്തതിന് ഒട്ടനേകം മുറികളും രഹസ്യ വഴികളും ഗുഹയ്ക്കുള്ളിൽ കയറുന്നവരെ കുഴപ്പിക്കും. എവിടെ തുടങ്ങണം എവിടെ അവസാനിക്കണം എന്ന ആശയകുഴപ്പമുണ്ടാക്കുന്ന വഴികളാണ്, എവിടെയാണ് അവസാനിക്കുന്നത് എന്നു കണ്ടെത്താന്‍ പ്രയാസമാണ്. സ്ലോവേനിയൻ പ്രദേശമായ ഇന്നർ കാർണിയോളയിലാണ് പ്രെഡ്ജാമ കാസിൽ. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും ആകർഷണീയവും നന്നായി സംരക്ഷിക്കപ്പെട്ടതുമായ കോട്ടകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

കോട്ടയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള കഥ പ്രാദേശിക റോബിൻ ഹുഡ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കൊള്ളക്കാരനായ ബാരൺ ഇറാസ്മസ് വോൺ ലൂഗിനെ കേന്ദ്രീകരിച്ചാണ്. 1480-കളുടെ മധ്യത്തിൽ സാമ്രാജ്യത്വ ഹബ്‌സ്‌ബർഗ് കോടതിയിലെ മാർഷലായിരുന്ന കൗണ്ട് പാപ്പൻഹൈമിനെ കൊലപ്പെടുത്തിയ ശേഷം ഇറാസ്മസ് പ്രെഡ്ജമ കോട്ടയിലേക്ക് പലായനം ചെയ്തു.അയാൾ ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്നതായും ചരിത്രരേഖകൾ പറയുന്നു. 

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നത് ചുരുക്കം ചില കോട്ടകൾ മാത്രമാണ്. അതിനാൽ, ലോകത്തിലെ ഏറ്റവും വലിയ ഗുഹാ കോട്ടയെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ  ഇടംപിടിച്ച ഒന്നാണ് ഈ അദ്ഭുത കോട്ട. "ഒരു ഗുഹയുടെ പ്രവേശന കവാടത്തിൽ നിർമ്മിച്ച ഏറ്റവും വലിയ കോട്ട" എന്നാണ് ഗിന്നസ് ബുക്ക് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗുഹ തന്നെ നീളമുള്ളതാണ്, 8.7 മൈൽ നീളമുണ്ട് ഗുഹയ്ക്ക്. 123 മീറ്റർ ഉയരമുള്ള ഒരു പാറക്കെട്ടിന്റെ മധ്യഭാഗത്താണ് പ്രെഡ്ജാമ കാസിലിന്റെ സ്ഥാനം എന്നതാണ് മറ്റൊരു സവിശേഷത. സുരക്ഷയ്ക്കായിരുന്നു മധ്യകാലഘട്ടത്തിൽ പ്രധാന്യം നൽകിയതെന്ന് കോട്ടയ്ക്ക് അകത്തുകയറിയാൽ മനസിലാവും. പക്ഷേ തണുപ്പും ഈർപ്പവും അതിനെ മിക്കവാറും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി മാറ്റി. 

തുർക്കിയെപ്പോലെയുള്ള ശത്രുക്കളെ പ്രതിരോധിക്കാൻ പണികഴിപ്പിച്ച കോട്ട ഭൂകമ്പത്തിൽ തകർന്നതിനുശേഷം 1570 ൽ പുതുക്കിപണിതു. മൂന്നുനിലകളും താഴെ ഗുഹയുമുളള കോട്ട ഇന്ന് തിരക്കുള്ളൊരു വിനോദസഞ്ചാരകേന്ദ്രമാണ്. വവ്വാലുകളുടെ വാസസ്ഥലമായ ഗുഹ മാത്രം ശിശിര നിദ്രാകാലമായ മേയ് മുതൽ സെപ്റ്റംബർ വരേയെ സന്ദർശകർക്കായി തുറന്നുകൊടുക്കു. നിരവധി സിനിമകളും ഡോക്യൂമെന്ററികളും ഈ കോട്ടയിൽ ചിത്രീകരിച്ചിട്ടുണ്ട്. 

English Summary:

Predjama Castle: Step Inside the World's Largest Cave Fortress.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com