ബാപ്സ് ഹിന്ദു മന്ദിറിന്റെ അതിമനോഹര കാഴ്ചകളുമായി അനുമോൾ
Mail This Article
യാത്രകളിലൂടെ ആനന്ദം കണ്ടെത്തുകയും കാണുന്ന വ്യത്യസ്തമായ കാഴ്ചകൾ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന അനുമോൾ ഇത്തവണ സന്ദർശിച്ചത് അബുദാബിയിലെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രമായിരുന്നു. ആ നാട്ടിലെ അപൂർവ കാഴ്ചകളിൽ ഒന്നായ ബാപ്സ് സ്വാമി നാരായൺ സൻസ്ഥയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച ബാപ്സ് ഹിന്ദു മന്ദിറിന്റെ അതിമനോഹര കാഴ്ചകൾ അനുമോൾ പങ്കുവച്ച ചിത്രങ്ങളിൽ കാണാം. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകയിൽ പണിതീർത്തിരിക്കുന്ന ഈ ആരാധനാലയത്തിന്റെ ദീപാലംകൃതമായ കാഴ്ചയും കൊത്തുപണികളുടെ ഗരിമയും ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച തന്നെയാണ്.
1950 ൽ ബർദുബായിലാണ് യുഎഇയിലെ ആദ്യത്തെ ക്ഷേത്രം നിർമിക്കപ്പെട്ടത്. 2022 ൽ ജബൽ അലിയിൽ രണ്ടാമത്തെ ക്ഷേത്രവും വിശ്വാസികൾക്കും സന്ദർശകർക്കുമായി തുറന്നു കൊടുക്കപ്പെട്ടു. അബുദാബിയിലെ ബാപ്സ് ശിലാക്ഷേത്രം ആ രാജ്യത്തെ മൂന്നാമത്തേതാണ്. ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയുടെ (ബിഎപിഎസ്) കീഴിലാണ് ക്ഷേത്രം. മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ശിലാമന്ദിരമായ ഈ ക്ഷേത്രം അക്ഷർധാമിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. 2019 ഏപ്രിൽ മാസത്തിലാണ് ക്ഷേത്രത്തിനു തറക്കല്ലിട്ടത്. അഞ്ചു വർഷത്തിനു ശേഷമാണ് പണിപൂർത്തീകരിച്ചു വിശ്വാസികൾക്കായി തുറന്നുകൊടുത്തത്.
വ്യത്യസ്തമായ നിരവധി കാഴ്ചകളാണ് ക്ഷേത്രം സന്ദർശകർക്കായി ഒരുക്കി വച്ചിരിക്കുന്നത്. സന്ദർശക കേന്ദ്രവും പ്രാർത്ഥനാ മുറികളും കൂടാതെ പ്രദർശനങ്ങൾ, പഠന - കായിക പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ, പൂന്തോട്ടങ്ങൾ, വിശാലമായ പാർക്കിങ്, ഫുഡ് കോർട്ട്, പുസ്തകശാല, സമ്മാനങ്ങൾ വാങ്ങാനുള്ള കടകൾ തുടങ്ങിയവയുമുണ്ട്. സ്വാമി നാരായണ്‍ അക്ഷര്‍-പുരുഷോത്തം, രാധയും കൃഷ്ണനും, സീതയും രാമനും, ശിവനും പാര്‍വതിയും, ലക്ഷ്മണന്‍, ഹനുമാന്‍, ഗണപതി, കാര്‍ത്തികേയന്‍, പദ്മാവതി-വെങ്കിടേശ്വരന്‍, ജഗന്നാഥന്‍, അയ്യപ്പന്‍ എന്നിവരാണ് ക്ഷേത്രത്തിലെ മൂർത്തികൾ.
വാസ്തുശിൽപകല കൊണ്ടും ആശയം കൊണ്ടും വ്യത്യസ്തമാണ് ഈ ശിലാക്ഷേത്രം. ക്ഷേത്രത്തിന് ഏഴു ഗോപുരങ്ങളാണ് ഉള്ളത്. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമാണ് ഈ കൂറ്റൻ ഗോപുരങ്ങൾ. ഏറ്റവും വലിയ ഗോപുരത്തിന് 108 അടി ഉയരമുണ്ട്. ഗംഗാ നദിയിലെ ഘാട്ടുകളോട് സാമ്യമുള്ള ആംഫി തിയറ്ററും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഗംഗ, യമുന നദികളെ പ്രതിനിധാനം ചെയ്യാൻ പ്രതീകാത്മകമായ അരുവികളും ഇവിടെയുണ്ട്.
പുരാതന ഹൈന്ദവ ശിൽപശാസ്ത്രമനുസരിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് പുറംഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധർ മൂന്നു വർഷം കൊണ്ടാണ് വൈറ്റ് മാർബിളിൽ കൊത്തുപണികൾ ചെയ്ത് ക്ഷേത്രത്തിന്റെ ഉൾഭാഗം സുന്ദരമാക്കിയത്. രാജസ്ഥാനിലും ഗുജറാത്തിലുമായി ശിൽപങ്ങൾ പൂർത്തിയാക്കി. അതിനുശേഷം 700 കണ്ടെയ്നറുകളിലായി അബുദാബിയിൽ എത്തിക്കുകയായിരുന്നു. 1500 ശിൽപികൾ ചേർന്നാണ് അവ കൂട്ടി യോജിപ്പിച്ചത്. ശിൽപങ്ങളിൽ രാമായണവും മഹാഭാരതവും ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരങ്ങളും ശബരിമല ക്ഷേത്രവും അയ്യപ്പ ചരിത്രവും ഉൾക്കൊള്ളുന്നു.
പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുമ്പോ അലുമിനിയമോ ഉപയോഗിച്ചിട്ടില്ല. ആയിരത്തോളം വർഷം നിലനിൽക്കാവുന്ന തരത്തിലാണ് നിർമാണം. ക്ഷേത്ര ശിൽപങ്ങളിൽ അറബ് സംസ്കാരവും മെസപ്പെട്ടോമിയൻ സംസ്കാരങ്ങളുടെ മുദ്രകളും യുഎഇയുടെ ചരിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കടുത്ത ചൂടിനെ അതിജീവിക്കുന്ന ശിലകളും നിർമാണരീതികളും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിരിഞ്ഞു നിൽക്കുന്ന ഒരു താമരപ്പൂവ് പോലെ ക്ഷേത്രത്തിലെ പുരാണകഥകൾ പറയുന്ന ശിൽപങ്ങളെല്ലാം ഇന്ത്യൻ കരകൗശല വിദഗ്ധർ കൈ കൊണ്ട് കൊത്തിയെടുത്തതാണ്.
ജാതി മത വേർതിരിവില്ലാതെ ആർക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. ഒരേസമയം എണ്ണായിരം മുതൽ പതിനായിരം പേരെ വരെ ഉൾക്കൊള്ളും. 2024 മാർച്ച് ഒന്നിനാണ് ക്ഷേത്രം സന്ദർശകർക്കും വിശ്വാസികൾക്കുമായി തുറന്നു കൊടുത്തത്.