ADVERTISEMENT

മലയാളികൾക്ക് ഒരാമുഖത്തിന്റെ ആവശ്യമില്ലാത്തത്രയും പരിചിതയാണ് പൂനം ബജ്‌വ. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങിയിട്ടുള്ള താരം ഒരിടക്കാലത്തു തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു. വേറിട്ട കഥാപാത്രങ്ങളിലൂടെ സ്ഥാനമുറപ്പിച്ച  പൂനം ബജ്‌വ അവധിക്കാലം ചെലവഴിക്കുന്നതിനായി ഇത്തവണ എത്തിയിരിക്കുന്നത് ബോർണിയോ എന്ന ദ്വീപിലാണ്. ബോർണിയോയുടെ മനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കിടുന്ന പൂനത്തിന്റെ അവധിക്കാല യാത്രാദൃശ്യങ്ങൾക്കു ആരാധകരുടെ ഭാഗത്തു നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

poonam-bajwa-story
Image Credit: poonambajwa555/instagram

വലുപ്പത്തിൽ ലോകത്തിലെ മൂന്നാമതും ഏഷ്യയിൽ ഏറ്റവും വലുതുമായ ദ്വീപാണ് ബോർണിയോ. മലേഷ്യ ഇന്തൊനേഷ്യ, ബ്രൂണൈ എന്നീ മൂന്നു രാജ്യങ്ങളിലായി വിഭജിച്ചാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളിലൊന്നു ബോർണിയോ ദ്വീപിലാണെന്ന സവിശേഷതയുമുണ്ട്. നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഈ ദ്വീപുകൾ. വംശനാശ ഭീഷണി നേരിടുന്ന ഒറാങ് ഉട്ടനുകളെ കാണണമെങ്കിൽ ഇവിടെയെത്തിയാൽ മതി. ഇവയെ സംരക്ഷിക്കുന്നതിനായി റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്ന ലോകത്തിലെ ഒരേയൊരിടവും ഈ ദ്വീപ് തന്നെയാണ്. ഭാഗ്യമുണ്ടെങ്കിൽ  ബോർണിയോയിലെ മഴക്കാടുകളിൽ ഇവയെ കാണുവാൻ കഴിയും. അതല്ലെങ്കിൽ സെപിലോക് ഒറാങ് ഉട്ടാൻ റീഹാബിലിറ്റേഷൻ സെന്ററിലെത്തിയാലും മതി. കിഴക്കൻ സബായിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 

വളരെ വ്യത്യസ്തവും അപൂർവമായതുമായ നിരവധി സസ്യ ജന്തുജാലങ്ങൾ ബോർണിയോ മഴക്കാടുകളുടെ മാത്രം പ്രത്യേകതയാണ്. നിബിഡമായ ഈ വനം ആദ്യമായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് 2006 ലാണ്. കരുതലോടെ സംരക്ഷിച്ചു പോരുന്ന ഒരു ബൊട്ടാണിക്കൽ ഗാർഡനും ഇവിടെയുണ്ട്. സന്ദർശകർക്ക്  ഈ കാട്ടിൽ പരിചയ സമ്പന്നരായ ഗൈഡുകളുടെ സഹായത്തോടെ ട്രെക്കിങ്ങ് നടത്താവുന്നതാണ്. ആ യാത്രയിൽ ഇതുവരെ കാണാത്തതും പരിചിതമല്ലാത്തതുമായ പക്ഷികളെയും മൃഗങ്ങളെയും ചെറുജീവികളെയുമെല്ലാം കാണുവാൻ കഴിയും.

animal-orangutan-representative-image-kjorgen-istock-photo-com

നീലക്കടലിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ ബോർണിയോയിൽ അതിഥികൾക്ക് സ്കൂബ ഡൈവിങ് ആസ്വദിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക്  സാബ സ്വർഗം തന്നെയാണ്. അത്രയധികം ജല വിനോദങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ആമകൾ, തിമിംഗലങ്ങൾ, സ്രാവുകൾ തുടങ്ങിയവയെല്ലാം ഈ കടൽ കാഴ്ചയിലുണ്ട്.

ദ്വീപെന്നു കരുതി ബോർണിയയിൽ കടൽ മാത്രമെന്നു കരുതണ്ട. മലേഷ്യയിലെ ഏറ്റവും ഉയരമുള്ള മലനിരകളിൽ ഒന്നാണ് മൗണ്ട് കിനാബലു. സമുദ്രനിരപ്പിൽ നിന്നും 13435 അടി ഉയരത്തിലാണ് ഈ മലനിരകളുടെ സ്ഥാനം. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് ഈ മലനിരകളെ കീഴടക്കുക എന്നത് ഏറെ ഹരം പകരുന്ന കാര്യമായിരിക്കും.മുകളിൽ നിന്നുള്ള കാഴ്ചകളും അതിസുന്ദരം തന്നെയാണ്.

പ്രകൃതി സമ്മാനിച്ച നിരവധി ഗുഹകൾ കൊണ്ട് സമ്പന്നമാണ് നിയാഹ് നാഷണൽ പാർക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ആർക്കിയോളജിക്കൽ സൈറ്റുകളിൽ ഒന്നാണിത്. 40,000 വർഷത്തിലധികം പഴക്കമുള്ള അസ്ഥികൾ ഇവിടെ നിന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മഴക്കാടുകൾക്കു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ ഗുഹകൾക്കു വർഷങ്ങൾ പഴക്കമുണ്ടെങ്കിലും ആദ്യത്തെ കാഴ്ചയിൽ ഇവ തീർത്തും നിഗൂഢമാണ്.

വെള്ളച്ചാട്ടങ്ങളും മനോഹരമായ അസ്തമയ കാഴ്ചകളും പഞ്ചസാര മണലിന്റെ കാന്തിയിൽ തിളങ്ങുന്ന ബീച്ചുകളും പച്ചപ്പ്‌ നിറഞ്ഞ വനങ്ങളും പൂർവയിനം സസ്യ ജന്തുജാലങ്ങളും പക്ഷികളുമെല്ലാം ഉൾപ്പെടുന്ന, ആരെയും മോഹിപ്പിക്കുന്ന ദ്വീപാണ് ബോർണിയോ. ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിക്കും നിരാശയോടെ മടങ്ങേണ്ടി വരുകയില്ല. അത്രയധികം കാഴ്ചകളാണ് ഈ ദ്വീപ് തന്നിലൊളിപ്പിച്ചിരിക്കുന്നത്. 

മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ബോർണിയോ സന്ദർശിക്കാൻ ഉചിതമായ സമയം. ഈ സമയം ഇവിടെത്തിയാൽ യാതൊരു തടസങ്ങളുമില്ലാതെ ജല വിനോദങ്ങളും മറ്റു ഔട്ഡോർ ആക്ടിവിറ്റികളിലും ഏർപ്പെടാവുന്നതാണ്.  

English Summary:

Actress Poonam Bajwa escapes to the captivating island of Borneo. Explore its rainforests, wildlife, beaches, and adventure with her stunning travel experiences. Discover why Borneo should be your next vacation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com