കലിഫോര്‍ണിയയിലെ അദ്ഭുത കാഴ്ചകൾ
Mail This Article
കലിഫോര്‍ണിയ സെന്‍ട്രല്‍ കോസ്റ്റിലെ പസഫിക് കോസ്റ്റ് ഹൈവേ പ്രകൃതി സൗന്ദര്യം കൊണ്ടും മനോഹര തീര നഗരങ്ങള്‍ കൊണ്ടും പ്രസിദ്ധമാണ്. ചെറു പട്ടണങ്ങളും മുന്തിരി തോട്ടങ്ങളും സര്‍ഫിങിന് അനുയോജ്യമായ തീരങ്ങളും മിഷന്‍ സ്‌റ്റൈല്‍ നിര്‍മിതികളും മിഷേലിന്‍ സ്റ്റാർ റസ്റ്ററന്റുകളും ആഡംബര റിസോര്‍ട്ടുകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. സഞ്ചാരികളെ കീഴടക്കുന്ന കലിഫോര്‍ണിയയിലെ നാടുകളില്‍ ഒളിഞ്ഞിരിക്കുന്ന അദ്ഭുതങ്ങൾ ഏതൊക്കെയെന്നു നോക്കാം.
സെന്‍ട്രല്‍ കോസ്റ്റിലെ ആദ്യ സ്‌റ്റോപ് മോണ്ടെറെയാണ്. ഇവിടെ തങ്ങാന്‍ പറ്റിയ ഇടം മോണ്ടറേ പ്ലാസ ഹോട്ടല്‍ ആന്റ് സ്പായും. ഇവിടുത്തെ മോണ്ടറെ ബേ അക്വേറിയവും ദ സാര്‍ഡൈന്‍ ഫാക്ടറിയും പ്രസിദ്ധമാണ്. കടലിനേയും കടല്‍ജീവികളേയും തൊട്ടറിഞ്ഞുകൊണ്ട് കയാക്കിങ്ങിനും സൗകര്യമുണ്ട്. അമേരിക്കയിലെ തന്നെ ഒന്നാം നമ്പര്‍ പബ്ലിക്ക് ഗോള്‍ഫ് കോഴ്‌സായ പെബിള്‍ ബീച്ച് ഗോള്‍ഫ് ലിങ്ക്‌സ് അടക്കം ആറ് ഗോള്‍ഫ് കോഴ്‌സുകള്‍ ഇവിടെയുണ്ട്.
ക്ലൈന്റ് ഈസ്റ്റ്‌വുഡിൽ താമസിക്കുന്ന കാര്‍മലാണ് അടുത്ത സ്ഥലം. ഇവിടുത്തെ മേയറായും ക്ലൈന്റ് ഈസ്റ്റ്‌വുഡ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആര്‍ട്ട് ഗാലറികള്‍ ആസ്വദിച്ചുകൊണ്ട് ഷോപ്പിങ് നടത്താനും നീണ്ട ബീച്ചുകളിലൂടെ നടക്കാനും കാര്‍മലില്‍ ഒരുപാട് അവസരങ്ങളുണ്ട്. റിസോര്‍ട്ട് - സ്പാ അനുഭവത്തിന് കാര്‍മല്‍ വാലി റാഞ്ചോ ബെര്‍ണാഡസ് ലോഡ്ജ് ആന്റ് സ്പായോ ആശ്രയിക്കാം.
പ്രകൃതി സുന്ദരമാണ് ബിഗ് സര്‍. ഇവിടുത്തെ ആഡംബര താമസത്തിന് പോസ്റ്റ് റാഞ്ച് ഇന്നും വെന്റാന ബിഗ് സറും പ്രസിദ്ധം. ജൂലിയ ഫെയ്ഫര്‍ ബേണ്‍സ് സ്റ്റേറ്റ് പാര്‍ക്കില്‍ മലകയറാനോ ആന്‍ഡ്രൂ മൊളേറ സ്‌റ്റേറ്റ് പാര്‍ക്കില്‍ കുതിര സവാരിക്കോ പോവാം. സാന്‍ ലൂയിസ് ഒബിസ്‌പൊ കൗണ്ടിയിലെ പാസോ റോബിള്‍സിലാണ് ഹോട്ടല്‍ ചെവാലും ഇറ്റാലിയന്‍ ശൈലിയിലുള്ള അലൈഗ്രാഡോ വൈന്‍യാഡ് റിസോര്‍ട്ടും. ഇവിടെ വൈനും രുചിക്കാം നല്ല ഭക്ഷണവും കഴിക്കാം. ഈ പ്രദേശത്ത് ഇരുന്നൂറിലേറെ മുന്തിരിത്തോട്ടങ്ങളുണ്ട്. ഹോട്ടല്‍ സെറോ ഹോട്ടല്‍ സാന്‍ ലൂയിസ് ഒബിസ്‌പൊ, ഗ്രാനഡ ഹോട്ടല്‍ ആന്റ് ബിസ്‌ട്രോ എന്നിങ്ങനെയുള്ള ആഡംബര ഹോട്ടലുകള്‍ക്ക് പ്രസിദ്ധമാണ് സാന്‍ ലൂയിസ് ഒബിസ്‌പൊ.
സാന്‍ ലൂയിസ് ഒബിസ്‌പൊയുടെ തെക്കു ഭാഗത്താണ് ചെറു ടൗണുകള്‍ ചേര്‍ന്നുള്ള സാന്റ നെസ് വാലി. വൈനുകള്‍ ഇഷ്ടപ്പെടുന്നവരുടെ സ്വപ്‌ന തീരമാണിത്. വൈന്‍ രുചിച്ചു നോക്കാന്‍ അവസരം നല്‍കുന്ന അമ്പതിലേറെ ടേസ്റ്റിങ് റൂമുകള്‍ ഇവിടുണ്ട്.
സ്പാനിഷ് നിര്‍മിതികളും സമ്പന്ന പാരമ്പര്യവും ഭക്ഷണവും വൈനുമെല്ലാം ചേര്‍ന്ന് അമേരിക്കന്‍ റിവിയേറ എന്ന വിശേഷണം ലഭിച്ച നാടാണ് സാന്റ ബാര്‍ബെറ. കടല്‍തീരങ്ങളിലേക്കു പോവാനും മലകയറാന്‍ പോവാനും സൈക്കിള്‍ ചവിട്ടാനും ടെന്നീസും ഗോള്‍ഫുമൊക്കെ കളിക്കാനുമെല്ലാം പറ്റിയ സ്ഥലമാണിത്. ചാനല്‍ ഐലന്‍ഡ്‌സ് നാഷണല്‍ പാര്‍ക്കിലേക്ക് സമുദ്രയാത്രയോ അസ്തമയം കാണാന്‍ ക്രൂസിലൊരു യാത്രയോ തിരഞ്ഞെടുക്കാം. സാന്‍ സിഡ്രോ യാച്ചിലെ യാത്രയും വ്യത്യസ്ത അനുഭവം സമ്മാനിക്കും.
ഒജെയ് വാലി ഇന്‍ ആന്റ് സ്പായിലെ സൗനയിലെ ആവിയിലെ കുളിയും മസാജിങ് സൗകര്യങ്ങളും നീന്തല്‍കുളത്തിലെ കുളിയും ഭക്ഷണവുമെല്ലാം പുത്തന്‍ ഉണര്‍വ് സമ്മാനിക്കും. ഗോള്‍ഫ് കളിക്കാനുള്ള സൗകര്യവും ഈ റിസോട്ടിലുണ്ട്. വൈകുന്നേരം നഗരത്തിലേക്കിറങ്ങിയാല്‍ ഷോപ്പിങിനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ ബുക്ക്‌സ്‌റ്റോറായ ബാര്‍ട്‌സ് ബുക്‌സ് സന്ദര്‍ശിക്കാനും അവസരമുണ്ടാവും. തിരിച്ചു വരും മുൻപ് ടോപ ടോപ മലനിരകളിലെ പിങ്ക് നിറത്തിലുള്ള സൂര്യാസ്തമയ പ്രതിഫലനത്തിന്റെ സവിശേഷ ദൃശ്യങ്ങള്‍ കൂടി കാണാന്‍ വിട്ടു മറക്കരുത്.