ADVERTISEMENT

ഗുസ്തി മത്സരങ്ങൾക്ക് എന്നും കാണികളും ആരാധകരും ഒരുപാടുണ്ട്. ഇടിക്കൂട്ടിൽ പൊരുതുന്ന മനുഷ്യർ മാറി മാറി വന്നാലും കാണികൾക്ക് ആവേശം മാറില്ല. ഡബ്ല്യുഡബ്ല്യുഇ, എംഎംഎ പോരാട്ടങ്ങളിൽ എക്കാലവും പുരുഷന്മാരെയാണ് കൂടുതലായി കാണാൻ കഴിയുക. വനിതാ കായിക താരങ്ങൾ വളയങ്ങൾക്കുള്ളിൽ പോരാടുന്നത് താരതമ്യേന കുറവാണ്. WWE, MMAയ്ക്ക് ലക്ഷക്കണക്കിനു ആരാധകരാണ് ഉള്ളത്. ആ മേഖലയിൽ ഇന്ത്യയിൽ നിന്നൊരു ഉരുക്കുവനിത ചരിത്രം രചിച്ചിരിക്കുന്നു. കുട്ടിക്കാലം മുതലേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു മുന്നേറിയ പൂജ തോമറാണ് ഇന്ത്യയ്ക്ക് അഭിമാനമായിരിക്കുന്നത്. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് അഥവാ യുഎഫ്സിയുടെ കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പൂജ തോമർ.

കുട്ടിക്കാലത്തെ പ്രതിബന്ധങ്ങളെ മറികടന്ന് ഒരു പോരാളിയെപ്പോലെയാണ് പൂജ ഈ നേട്ടത്തിലേക്ക് ഇടിച്ചുകയറിയത്. MMA എന്ന ലോകത്തേക്ക് ചുവടുവയ്ക്കാൻ പൂജയെ പ്രേരിപ്പിച്ചത് ജീവിതത്തിലെ വേദന നിറഞ്ഞ കാലഘട്ടങ്ങൾ തന്നെയാണ്. 'ജീവിതത്തിൽ ഞാൻ അനുഭവിച്ച ദു:ഖം എന്നെ കഠിനയാക്കിയിരുന്നു. അച്ഛൻ മരിച്ചതിന് ശേഷം അമ്മ ഒറ്റയ്ക്കാണ് വീട് നോക്കിയിരുന്നത്. കഷ്ടപ്പാടുകൾ, വീട്ടിലെ അവസ്ഥ... അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോഴത്തെ വിഷമങ്ങൾ തീരെ ചെറുതായി തോന്നുന്നു. ആ ചിന്തകളാൽ ഞാൻ എന്നെത്തന്നെ ശക്തിപ്പെടുത്തി'- തന്റെ നേട്ടത്തെക്കുറിച്ച് പൂജ തോമർ ഇങ്ങനെ പറയുന്നു.

പരുക്കൻ ബാല്യമായിരുന്നു പൂജയുടേത്. പുരുഷാധിപത്യം നിറഞ്ഞ ഒരു ലോകത്താണ് അവൾ വളർന്നത്. മൂന്ന് സഹോദരിമാരിൽ ഒരാൾക്ക് കാലിന് പ്രശ്നമുണ്ട്. തന്റെ സഹോദരിയെ കളിയാക്കുന്നവരോട് പൂജ വഴക്കിടുമായിരുന്നു. ജാക്കി ചാനാണ് തനിക്ക് ഈ ഇടിക്കൂട്ടിലേയ്ക്കുള്ള പ്രചോദനമായതെന്നും അങ്ങനെ മാർഷൽ ആർട്സ് അടക്കമുള്ള ആയോധനകലകൾ പരിശീലിക്കുകയും ചെയ്തുവെന്നും പൂജ പറയുന്നു. 

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ കരാർ ഒപ്പിട്ടത് മാത്രമല്ല പൂജ തോമറിന്റെ കിരീടത്തിലെ പൊൻതൂവലുകൾ. അഞ്ച് തവണ ദേശീയ വുഷു ചാമ്പ്യനായ പൂജ തോമർ, കരാട്ടെയിലും തായ്‌ക്വോണ്ടോയിലും മികച്ച വിജയം നേടിയിട്ടുണ്ട്. ഇന്ത്യൻ മിക്സഡ് ആയോധനകലയിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിലൊന്നായി അവർ മാറി. നിലവിലെ മാട്രിക്സ് ഫൈറ്റ് നൈറ്റ് (എംഎഫ്എൻ) സ്ട്രോവെയ്റ്റ് ചാമ്പ്യൻ കൂടിയാണ് ഇന്ത്യയുടെ ഈ ഉരുക്കുവനിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com