'എല്ലാവർക്കും മുടി നരയ്ക്കും, ചുളിവുകൾ വരും; ബാഹ്യസൗന്ദര്യം താല്‍ക്കാലികം, അത്ര വില കൊടുത്താൽ മതി'
Mail This Article
ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം മാത്രം മതിയാകും അഭിരാമി എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്ക് അഭിരാമി സുപരിചിതയാണ്. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർക്കൊപ്പം ഗരുഡൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരികയാണ് അഭിരാമി. പുറമേയുള്ള സൗന്ദര്യത്തെക്കാൾ വ്യക്തിത്വമാണ് ശ്രദ്ധിക്കേണ്ടതെന്ന് അഭിരാമി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
സോഷ്യൽമീഡിയയിൽ താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തെപ്പറ്റിയോ മേക്കപ്പിനെ പറ്റിയോ അധികം ചിന്തിക്കാത്ത വ്യക്തിയാണ് അഭിരാമി. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനെക്കാൾ തന്റെ കംഫർട്ടിനു പ്രാധാന്യം നൽകിയുളള സമീപനത്തെ സോഷ്യൽമീഡിയയിൽ പലരും അഭിനന്ദിക്കാറുമുണ്ട്.
നന്നായി ഒരുങ്ങാതെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ പലർക്കും എളുപ്പത്തിൽ പറ്റാറില്ല, എന്നാല്‍ അതിനെ വലിയൊരു കാര്യമായിട്ട് ഇതുവരെയും താൻ കണ്ടിട്ടില്ലെന്ന് അഭിരാമി പറയുന്നു. 'ബാഹ്യമായ സൗന്ദര്യം വളരെ താൽക്കാലികമായ ഒന്നാണ്. ഉള്ളില്‍ നമ്മുടെ പേഴ്സണാലിറ്റി നല്ലതാണോ എന്ന് നോക്കിയാൽ മതി. എല്ലാവർക്കും മുടി നരയ്ക്കും, ചുളിവുകൾ വരും, വെയിറ്റ് കൂടുകയും കുറയുകയും ചെയ്യും, ആരോഗ്യ പ്രശ്നങ്ങൾ വരും. ഇത് എല്ലാവർക്കും നടക്കുന്നതാണ്. അതിന് അത്ര വില കൊടുത്താൽ മതി. നമ്മൾ ഇമോഷണലി ഓക്കെ ആണോ, ബന്ധങ്ങൾ ഓക്കെ ആണോ, ഇതൊക്കെയേ ഞാൻ വില കൊടുത്തിട്ടുള്ളു. സിനിമയിൽ വന്നുപോയി എന്നതേ ഉള്ളു, ജീവിക്കുന്നത് മാതാപിതാക്കൾ വളർത്തിയ രീതിയിലാണെന്നും അഭിരാമി പറഞ്ഞു.