സന്താനഭാഗ്യം അറിയാം, ജാതകത്തിലൂടെ...
Mail This Article
മനുഷ്യജീവിതം പരിപൂർണതയിലെത്തുന്നതു ദമ്പതികൾക്കു സന്താന സൗഭാഗ്യം കൈവരുമ്പോഴാണ്. അല്ലാത്ത ദാമ്പത്യം ദുരിതപൂർണവും അർഥശൂന്യവുമാണ്. വിവാഹത്തിന്റെ തന്നെ ലക്ഷ്യം വ്യക്തിയുടെ വരുംതലമുറയ്ക്കു ക്ഷയം സംഭവിക്കാതെ നിലനിർത്തുക എന്നതാണ്. പുരാണങ്ങളും മറ്റനവധി ശാസ്ത്രഗ്രന്ഥങ്ങളും ഇതേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നു.
വിവാഹിതരാകാൻ ഒരുങ്ങുന്ന സ്ത്രീപുരുഷന്മാരുടെ ജാതകങ്ങൾ തമ്മിൽ ചേർച്ച നോക്കുമ്പോൾ പ്രധാനമായും പൊരുത്തം മാത്രമല്ല അവരുടെ ഗ്രഹനിലയും ഗ്രഹങ്ങളുടെ ബലാബലവും സസൂക്ഷ്മം നിരീക്ഷിച്ചുവേണം അവ തമ്മിൽ ചേർക്കാൻ. പൊരുത്തശോധനയിൽ വിവാഹശേഷം വരുന്ന എല്ലാ വിഷയങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും ഗ്രഹനിലയ്ക്കാണു പ്രാധാന്യം നൽകേണ്ടത്. പത്തു പൊരുത്തമുണ്ടെങ്കിലും പരസ്പരവിരുദ്ധങ്ങളായ രണ്ടു ജാതകങ്ങൾ തമ്മിൽ ചേർത്താൽ ദമ്പതികൾക്കു ജീവിതകാലം മുഴുവൻ ദുരിതങ്ങൾ (വൈധവ്യം മുതലായവ) അനുഭവിക്കേണ്ടിവന്നേക്കാം.
ഉദാഹരണത്തിന്, ഹിന്ദു ഇതര മതസ്ഥരായ ആളുകൾക്കു ചിലപ്പോൾ ജാതകം സാധാരണ കണ്ടുവരാറില്ല. പ്രശ്നചിന്തയ്ക്കു സമീപിക്കുമ്പോൾ ജാതകവും നോക്കണം. പലപ്പോഴും ദമ്പതിമാരുടെ ഗ്രഹനിലകൾ തമ്മിൽ പരിശോധിച്ചാൽ പരസ്പരവിരുദ്ധവും അതിനാൽ ജീവിതം ദുരിത പൂർണ്ണവുമായി കാണാറുണ്ട്. ചിലർക്ക് സന്താനങ്ങൾ ഉണ്ടായാലും രോഗം മുതലായ അനുഭവങ്ങളും ഐശ്വര്യഹാനി മുതലായ ദുരിതങ്ങളും ഉണ്ടാകുന്നു. ചിലർക്കു സന്താനഭാഗ്യം ഉണ്ടാകുന്നില്ല. ഇതിനു കാരണം അവരുടെ ജാതകത്തിലെ സന്താനഭാവത്തിനോ ഗ്രഹത്തിനോ ബലക്ഷയം, മൗഢ്യം, ദുഃസ്ഥിതി, പാപയോഗം, പാപദൃഷ്ടി എന്നിവ വരുമ്പോഴാണ്. മുജ്ജന്മ ദുരിതങ്ങളും ഇതിനു കാരണമാണ്. ഇവിടെ ജന്തുക്കളെല്ലാം മരണം വരെ പൂർവജന്മത്തിൽ ചെയ്തിട്ടുള്ള തന്റെ കർമഫലം അനുഭവിക്കുന്നു. ജ്യോതിശ്ശാസ്ത്രം വേണ്ടവിധം ഗ്രഹിച്ച ബുദ്ധിമാനായ ദൈവജ്ഞനു ജാതകവും പ്രശ്നവും ഒരുപോലെ ചിന്തിച്ചു പരിഹാരം നിർദേശിക്കാൻ അധികാരമുണ്ട്.
‘പ്രശ്നസ്യ ജന്മസാമ്യ ഏവ’– പ്രശ്നത്തിനു ജാതകവുമായി സാമ്യമുണ്ടെന്ന് ആചാര്യപക്ഷം. ജാതകത്തിലോ പ്രശ്നത്തിലോ സന്താനദുരിതം കണ്ടാൽ അതിനുള്ള പരിഹാരമാർഗങ്ങൾ ചെയ്തതിനു ശേഷം മാത്രമേ വിവാഹിതരാകാൻ പാടുള്ളൂ.
ജാതകത്തിൽ സന്താനനാശലക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ലഗ്നം, വ്യാഴം, അഞ്ചാംഭാവം എന്നിവയുടെ അഞ്ചാംഭാവത്തിൽ പാപന്മാർ നിൽക്കുകയോ നോക്കുകയോ ചെയ്താലും അഞ്ചാംഭാവാധിപൻ പാപന്മാരോടു കൂടിച്ചേരുകയോ അഞ്ചാം ഭാവാധിപന് പാപദൃഷ്ടി വരികയോ മേൽപറഞ്ഞ സ്ഥാനങ്ങളിൽ ശുഭഗ്രഹയോഗമോ ദൃഷ്ടിയോ വരാതിരിക്കുകയും പാപഗ്രഹമദ്ധ്യസ്ഥിതി വരുകയും പുത്രസ്ഥാനാധിപന്മാർ ദുസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുകയും ചെയ്താലും ഒരു പ്രകാരത്തിലും മക്കൾ ഉണ്ടാകില്ല.
വൃശ്ചികം, ഇടവം, കന്നി, ചിങ്ങം എന്നീ രാശികൾ അഞ്ചാം ഭാവമായി വന്നാൽ വളരെ താമസിച്ചതിനു ശേഷം മാത്രമേ മക്കൾ ഉണ്ടാകുകയുള്ളൂ. 4, 7, 10 എന്നീ ഭാവങ്ങളിൽ പാപന്മാരും ശുക്ര ചന്ദ്രന്മാരും നിന്നാലും 12, 8, 5 ലഗ്നം ഈ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ നിന്നാലും വംശക്ഷയലക്ഷണങ്ങളാണ്. ഏഴാം ഭാവത്തിൽ ശുക്രൻ, ബുധൻ ഇവർ നിന്നാലും നാലിൽ വ്യാഴം പാപന്മാരോടു കൂടി യോഗം ചെയ്താലും അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നിന്നാലും 7, 12, 01 എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ യോഗം ചെയ്താലും വംശനാശം ഉണ്ടാകും. അഞ്ചാം ഭാവം ശനിക്ഷേത്രമായോ ബുധക്ഷേത്രമായോ ഗുളികൻ, ശനി ഇവരുടെ യോഗം ദൃഷ്ടി മുതലായവയോടു കൂടിയോ ലഗ്നാധിപനും ഏഴാം ഭാവാധിപനും തമ്മിൽ ബന്ധമില്ലാതെയോ വന്നാലും പുത്രസ്ഥാനാധിപതിക്കു ബലഹീനത്വം സംഭവിച്ചാലും മക്കളെ ദത്തെടുക്കേണ്ട ലക്ഷണമാണ്.
ജാതകവും സന്താനപ്രശ്നവും ചിന്തിച്ചു പൂർവജന്മകർമാർജിതങ്ങളായ ദുരിതങ്ങൾക്കു പ്രായശ്ചിത്തമനുഷ്ഠിച്ചാൽ സന്താനലാഭമുണ്ടാകും. സന്താനലാഭത്തിനു വേണ്ടി അതതു ഗ്രഹത്തിനു പറഞ്ഞിട്ടുള്ള ജപം, ദാനം, ഹോമം, മറ്റു ശുഭക്രിയകൾ എന്നിവ ചെയ്തും ദോഷനിവൃത്തി വരുത്തണം.
സേതുസ്നാനം, സത്കഥാക്ഷേപം, ശിവപൂജ, വിഷ്ണുപൂജ, സദ്‌വ്രതങ്ങൾ, ദാനം, ശ്രാദ്ധം, നാഗപ്രതിഷ്ഠ എന്നിവ ദുരിത പ്രായശ്ചിത്ത കർമങ്ങളാണ്. ഇപ്രകാരമുള്ള പ്രായശ്ചിത്തവിധികളും മറ്റും ഉണ്ടെങ്കിലും സന്താനം ഉണ്ടാകാനുള്ള യോഗമായ ബീജബലം പുരുഷനും ക്ഷേത്രബലം സ്ത്രീക്കും ഇല്ലെങ്കിൽ അന്ധന്മാർക്കു ചന്ദ്രരശ്മി എന്ന പോലെ എല്ലാം നിഷ്ഫലമായിത്തീരും.
ലേഖകന്റെ വിലാസം:
ഒ.കെ.പ്രമോദ് പണിക്കർ പെരിങ്ങോട്,
കൂറ്റനാട് വഴി,
പാലക്കാട് ജില്ല
Mob: 9846309646
Whatsapp: 8547019646.
English Summary : Santhana Bhagyam in Horoscope