ഹോണ്ടയും നിസാനും ഒന്നിക്കുന്നു; പിറക്കുന്നത് ലോകത്തെ മൂന്നാമത്തെ വമ്പൻ വാഹനക്കമ്പനി
Mail This Article
ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹന രംഗത്ത് ശക്തിയാർജിക്കാൻ ലക്ഷ്യമിട്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും ഒന്നിക്കുന്നു. ലയനം സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചതായി ഇരു കമ്പനികളും അറിയിച്ചു. നിസാൻ സഖ്യത്തിലെ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സും ലയനത്തിന്റെ ഭാഗമാകും. ലയനം പൂർത്തിയാകുന്നതോടെ വാഹന വിൽപനയിൽ ടൊയോട്ടയ്ക്കും ഫോക്‌സ്‌വാഗനും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിർമാണ കമ്പനിയായി ഇതു മാറും. കമ്പനിയുടെ മൂല്യം 5,000 കോടി ഡോളറിലധികമാകുമെന്നാണ് വിവരം.
പ്രതിവർഷം 19,100 കോടി ഡോളറിന്റെ വിൽപനയാണ് പുതിയ കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്. ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകൾക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ ഹോണ്ടയും നിസാനും ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികൾ ലയന ചർച്ചകളിലേക്ക് കടന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business