കൊച്ചി സ്മാർട് സിറ്റി പദ്ധതി; ടീകോമിന് നഷ്ടപരിഹാരത്തിനുള്ള തീരുമാനം ധനവകുപ്പിന്റെ അഭിപ്രായം തേടാതെ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കോടികൾ നഷ്ടപരിഹാരം നൽകി കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കാൻ തീരുമാനിച്ച നടപടിക്രമങ്ങളിൽ ധനവകുപ്പിനെ ഒഴിവാക്കി. സർക്കാരിനു കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ഇൗ നീക്കത്തിൽ ധനവകുപ്പിന്റെ അഭിപ്രായം തേടിയാൽ എതിർപ്പുണ്ടായേക്കാമെന്നു കരുതിയാണ് ഇൗ ഒഴിവാക്കലെന്നാണു സൂചന. കരാർ പ്രകാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതിനാലാണ് പദ്ധതിയിൽ നിന്നു ടീകോമിനെ ഒഴിവാക്കുന്നതെന്നാണ് സർക്കാർ വാദം. സ്മാർട് സിറ്റി അധികൃതർ അവിടത്തെ കമ്പനികളോട് പരുഷമായാണു പെരുമാറുന്നതെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ് അവർക്കു താൽപര്യമെന്നും ഫയൽ കുറിപ്പുകളിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കരാർ ലംഘിച്ചത് ടീകോം ആണെങ്കിൽ അവർക്കു സംസ്ഥാന സർക്കാർ എന്തിനു നഷ്ടപരിഹാരം നൽകുന്നു എന്ന ചോദ്യത്തോടു സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ, പദ്ധതി പ്രദേശത്തെ മെട്രോ റെയിൽ പാത ഉൾപ്പെടുത്തിയത് അടക്കമുള്ള നടപടികളിലൂടെ കരാർ ലംഘിച്ചത് സംസ്ഥാന സർക്കാരാണെന്നാണു ടീകോമിന്റെ വാദം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ടീകോമിന്റെ കത്തിനെത്തുടർന്നാണ് പദ്ധതിയിൽ നിന്ന് അവരെ പുറത്താക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതേക്കുറിച്ചു പഠിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച സമിതിയിൽ പക്ഷേ, നിയമ, റവന്യു, ഐടി സെക്രട്ടറിമാർക്കൊപ്പം ധനസെക്രട്ടറിയെയും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, റവന്യു, നിയമ വകുപ്പുകളോടു വിദഗ്ധോപദേശം തേടിയ സർക്കാർ ധനവകുപ്പിനെ ഒഴിവാക്കി. ധനവകുപ്പിൽ ഫയൽ എത്തിയാൽ, സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും കരാർ ലംഘനവും കുറിപ്പുകളായി വരും. ഇത് സർക്കാർ തീരുമാനത്തിനു തടസ്സം സൃഷ്ടിക്കും. സ്മാർട് സിറ്റി പദ്ധതി പ്രദേശത്ത് 374 കോടി രൂപ തങ്ങൾ ചെലവഴിച്ചിട്ടുണ്ടെന്നാണ് ടീകോം സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
പദ്ധതി പൂർണമായി നടപ്പാക്കിയിരുന്നെങ്കിൽ കിട്ടേണ്ട ലാഭവും അവർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ പ്രകാരം സ്വതന്ത്ര ഇവാല്യുവേറ്ററാണു തുക തീരുമാനിക്കുക. ഇൗ തുക സംസ്ഥാന സർക്കാരിനു കീഴിലെ ധനകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്നു നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിലും ധനവകുപ്പിന്റെ പങ്ക് വളരെ വലുതാണ്.