എന്നാലും എന്റെ റുപ്യേ... സ്വർണവില കുറഞ്ഞു; രൂപ ഇടിഞ്ഞില്ലായിരുന്നെങ്കിൽ കൂടുതൽ കുറഞ്ഞേനേ...
Mail This Article
കേരളത്തിൽ ഇന്നും സ്വർണവില താഴെയിറങ്ങി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയായി. പവന് 240 രൂപ താഴ്ന്ന് വില 56,320 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയാണിത്. കഴിഞ്ഞ 8 ദിവസത്തിനിടെ ഇതോടെ പവന് 1,960 രൂപയും ഗ്രാമിന് 245 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 5,815 രൂപയായി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ താഴേക്കിറങ്ങി വില 94 രൂപയിലെത്തി.
രാജ്യാന്തരവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറയുന്നത്. രണ്ടുദിവസം മുമ്പ് ഔൺസിന് 2,650 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില, ഇന്ന് 2,590 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,598 ഡോളറിൽ. യുഎസിൽ 2025ൽ പലിശനയം കടക്കുമെന്ന സൂചനകളാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
വിലയിടിവിന് വിലങ്ങുതടിയായി രൂപ
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയായ 85.08ലാണ് ഇപ്പോഴുള്ളത്. ചരിത്രത്തിൽ ആദ്യമായി രൂപ 85ലേക്ക് ഇടിഞ്ഞത് ഇന്നലെയായിരുന്നു. രൂപയുടെ മൂല്യം ഇടിയുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർധിക്കും. ഫലത്തിൽ, രാജ്യാന്തര വിലയിലുണ്ടായ ഇടിവിന് ആനുപാതികമായ കുറവ് കേരളത്തിൽ പ്രതിഫലിക്കില്ല.
മാത്രമല്ല, സ്വർണ വ്യാപാരികൾക്ക് നൽകുന്ന ‘മെറ്റൽ ലോണിന്റെ’ പലിശനിരക്ക് ബാങ്കുകൾ കൂട്ടിയേക്കുമെന്ന സൂചനകളുണ്ട്. നിലവിലെ 4 ശതമാനത്തിൽ നിന്ന് 7 ശതമാനം വരെയായി കൂട്ടാനാണ് നീക്കം. രൂപ ദുർബലമാകുന്ന പശ്ചാത്തലത്തിലാണിത്. കച്ചവടാവശ്യത്തിനായി സ്വർണക്കട്ടികൾ നേടാനുള്ള വായ്പയാണിത്. പലിശ കൂട്ടിയാൽ അതും സ്വർണവിലക്കുറവിന്റെ ആക്കം കുറയ്ക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business