ADVERTISEMENT

2014ല്‍ പ്രധാനമന്ത്രി പദത്തിലേറിയത് മുതല്‍ പ്രശസ്തമാണ് നരേന്ദ്ര മോദിയുടെ നയതന്ത്ര നീക്കങ്ങള്‍. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഒരു പിശുക്കും കാണിച്ചിട്ടില്ല മോദി. അത് പൂച്ചെണ്ടുകള്‍ക്കും കല്ലേറുകള്‍ക്കും ഒരുപോലെ കാരണമായിട്ടുണ്ട്. പരിണമിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തില്‍ തന്ത്രപരമായ വിദേശ സന്ദര്‍ശനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ചും അത് സാമ്പത്തികവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍. 

ഇത്തരത്തില്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു സന്ദര്‍ശനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കൊച്ചു കരീബിയന്‍ രാജ്യമായ ഗയാനയിലേക്കായിരുന്നു  മോദി പോയത്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ ആദ്യ ഗയാന സന്ദര്‍ശനമായിരുന്നു അത്. മാത്രമല്ല, 56 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയില്‍ സന്ദര്‍ശനം നടത്തുന്നത്. 

എന്തിന് ഗയാന തെരഞ്ഞെടുത്തു?

185 വര്‍ഷം മുമ്പ് ഇന്ത്യക്കാര്‍ കുടിയേറ്റം നടത്തിയ രാജ്യമാണ് ഗയാന. ഇന്ത്യന്‍ വംശജരുടെ എണ്ണം 3,20,000ത്തോളം വരും. രാജ്യത്തിന്റെ ജനസംഖ്യയുടെ ഏകദേശം 43.5 ശതമാനത്തോളം വരും ഇന്ത്യന്‍ വംശജരുടെ വിഹിതം. എന്നാല്‍ ഇതൊന്നുമല്ല മോദിയുടെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. 

ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. Credit: PIB
ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. Credit: PIB

തെക്കേ അമേരിക്കന്‍ വന്‍കരയുടെ വടക്കന്‍ തീരത്തുള്ള രാജ്യമാണ് ഗയാന. പടിഞ്ഞാറ് വെനസ്വേലയും തെക്ക് ബ്രസീലും അറ്റ്‌ലാന്റിക് മഹാസമുദ്രവുമാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ പങ്കിടുന്നത്. എന്നാല്‍ അടുത്തിടെ ഗയാന വാര്‍ത്തകളില്‍ നിറയാന്‍ കാരണം അവിടെ കണ്ടെടുത്ത വലിയ എണ്ണ ശേഖരമാണ്. 

എണ്ണ മുഖ്യം ബിഗിലേ

ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ മുഖ്യസ്ഥാനം വഹിക്കാന്‍ പോകുന്ന രാജ്യമാണ് ഗയാന. അതുതന്നെയാണ് മോദിയുടെ സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യവും. 2026 ആകുമ്പോഴേക്കും അയല്‍രാജ്യമായ വെനസ്വലയെ എണ്ണ ഉല്‍പ്പാദനത്തില്‍ ഗയാന മറികടക്കും. അതോടെ ആഗോള എണ്ണ വിതരണ ശൃംഖലയില്‍ പ്രധാന കണ്ണിയായി ഇവര്‍ മാറും. എണ്ണ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതുകൊണ്ടു ഗയാന തന്ത്രപ്രധാന രാജ്യമായി മാറുന്നു.

ലോകത്തെ അല്‍ഭുതപ്പെടുത്തിയ വളര്‍ച്ച

കേവലം 10 വര്‍ഷം മുമ്പ് മാത്രമാണ് ഗയാനയില്‍ വലിയ എണ്ണ ശേഖരം കണ്ടെത്തിയത്. 11 ബില്യണ്‍ ബാരല്‍ എണ്ണയാണ് ഒരു കമ്പനി 2015ല്‍ ഈ കൊച്ചുരാജ്യത്ത് നിന്ന് കണ്ടെത്തിയത്. അതോടെ രാജ്യത്തിന്റെ വളര്‍ച്ച റോക്കറ്റ് വേഗത്തില്‍ കുതിച്ചു. ഗയാനയില്‍ കണ്ടെത്തിയ എണ്ണ, ആഗോള എണ്ണ വിഹിതത്തിന്റെ 18 ശതമാനത്തോളം വരും. സമീപ വര്‍ഷങ്ങളില്‍ ലോകത്ത് ഏറ്റവും വലിയ ആളോഹരി ജിഡിപി വളര്‍ച്ച നേടിയ രാജ്യമായി ഗയാന മാറി. 2022ല്‍ 62 ശതമാനമായിരുന്നു ഗയാനയുടെ ജിഡിപി വളര്‍ച്ച. 2023ല്‍ 33 ശതമാനവും. 

നിലവില്‍ 650,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഗയാന പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്ന് എണ്ണപ്പാടങ്ങളില്‍ നിന്നാണ് പ്രധാന ഉല്‍പ്പാദനം. മൂന്ന് പുതിയ എണ്ണപ്പാടങ്ങളില്‍ കൂടി ഉല്‍പ്പാദനം ആരംഭിക്കാനാണ്  പദ്ധതി. അതോടെ പ്രതിദിന എണ്ണ ഉല്‍പ്പാദനം ഒരു മില്യണ്‍ ബാരല്‍ കവിയും. 

ഇന്ത്യയുടെ മോഹങ്ങള്‍ പൂവണിയുമോ?

ഗയാനയുമായുള്ള ബന്ധം ദൃഢമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റേയും പദ്ധതി. ദീര്‍ഘകാല എണ്ണ കരാറുകള്‍ അവരുമായി ഒപ്പുവെക്കാന്‍ പദ്ധതിയിടുന്നുണ്ട് ഇന്ത്യ. അതേസമയം ഹൈഡ്രകാര്‍ബണ്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വ്യാപാരം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും ധാരണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. 

അടുത്തിടെ ഗയാനയുടെ നാച്ചുറല്‍ റിസോഴ്‌സസ് മന്ത്രി വിക്രം ഭരാത് പറഞ്ഞത് ഇന്ത്യക്ക് എണ്ണ  വിതരണം ചെയ്യാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നാണ്. എന്നാല്‍ അത് എക്‌സോണ്‍മൊബീല്‍ എന്ന ബഹുരാഷ്ട്ര ഭീമനെക്കൂടി ആശ്രയിച്ചിരിക്കും. ഗയാനയുടെ ഓഫ്‌ഷോര്‍ ഓയില്‍ പ്രൊഡക്ഷന്‍ രംഗത്തെ പ്രധാന കമ്പനി എക്‌സോണ്‍മൊബീലാണ്. ഓയില്‍ ബ്ലോക്കുകള്‍ ബിഡ് ചെയ്യുന്നതിന് ഇന്ത്യന്‍ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനവും ഗയാന കൈക്കൊള്ളുന്നുണ്ട്. 

ഗയാനയെന്ന വിപണി

മറ്റ് നിരവധി മേഖലകളിലും ഇന്ത്യക്ക് വിപണി തുറക്കുന്നുണ്ട് ഗയാന. അതില്‍ പ്രധാനം പ്രതിരോധമാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സ് ലിമിറ്റഡ് രണ്ട് ഡോനിയര്‍ 228 വിമാനങ്ങള്‍ ഗയാന ഡിഫന്‍സ് ഫോഴ്‌സിന് കൈമാറിയിരുന്നു. പട്രോളിങ് വാഹനങ്ങള്‍, റഡാറുകള്‍, കവചിത സൈനിക വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ഗയാന പ്രതിരോധ സേന പദ്ധതിയിടുന്നുണ്ട്. കാര്‍ഷികം, ഐടി തുടങ്ങി നിരവധി മേഖലകളിലേക്കും സഹകരണം നീളുന്നുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയവും റോഡ് പദ്ധതികളും സൗരോര്‍ജ വിളക്കുകളും ഉള്‍പ്പടെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിലും ഇന്ത്യ ഗയാനയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. 

ചൈനയൂടെ ഭീഷണി

ഗയാനയില്‍ ഒരു മുഴം മുമ്പേ എറിഞ്ഞിട്ടുണ്ട് ചൈന എന്നത് ഇന്ത്യയുടെ സാധ്യതകള്‍ക്ക് തുരങ്കം വയ്ക്കുമോയെന്നത് കണ്ടറിയണം. അധിനിവേശ പദ്ധതിയെന്ന് കുപ്രസിദ്ധി നേടിയ ബെല്‍റ്റ് റോഡിന്റെ മറവില്‍ അടിസ്ഥാനസൗകര്യരംഗത്ത് വമ്പന്‍ നിക്ഷേപമാണ്  ചൈന ഗയാനയില്‍ ഇറക്കിയിരിക്കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും കളി തുടങ്ങിയിട്ടേയുള്ളൂ. 'ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍' എന്ന ചൊല്ല് പോലെ രണ്ടും കല്‍പ്പിച്ച് ഗയാനയിലേക്ക് പണമിറക്കാന്‍ തന്നെയാണ് മോദി സര്‍ക്കാരിന്റെ നീക്കം.

English Summary:

Explore the significance of Modi's visit to Guyana, focusing on oil diplomacy, burgeoning oil reserves, and potential business opportunities for India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT