ADVERTISEMENT

ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം ചെയ്യുന്നത് നഷ്ടത്തോടെ. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 0.90% (725 പോയിന്റ്) താഴ്ന്ന് 79,508ൽ. നിഫ്റ്റി 0.81% (198 പോയിന്റ്) പിന്നോട്ടിറങ്ങി 24,079ലും. സെൻസെക്സിൽ എസ്ബിഐ (+0.69%), ടാറ്റാ മോട്ടോഴ്സ് (+0.12%) എന്നിവയൊഴികെ എല്ലാ ഓഹരികളും ചുവന്നു, ഇൻഫോസിസ് 2.74% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2.54% താഴ്ന്ന് രണ്ടാമതുമാണ്.

പവർഗ്രിഡ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടൈറ്റൻ, ടെക് മഹീന്ദ്ര എന്നിവ ഒന്നര മുതൽ 2.17% വരെ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. സെൻസെക്സ് ഇന്നൊരുവേള 80,447 വരെ ഉയർന്നെങ്കിലും പിന്നീട് താഴ്ന്നു. ഒരുവേള 79,420 വരെ എത്തിയിരുന്നു. നിഫ്റ്റിയും 24,274ൽ തുടങ്ങി 24,345 വരെ കയറിയശേഷമാണ് താഴേക്കിറങ്ങിയത്. ഒരുവേള 24,037 വരെ താഴ്ന്നെങ്കിലും പിന്നീട് നഷ്ടം അൽപം കുറച്ചു.

FILE PHOTO: Electric power transmission pylon miniatures and Adani Green Energy logo are seen in this illustration taken, December 9, 2022. REUTERS/Dado Ruvic/Illustration/File Photo
FILE PHOTO: Electric power transmission pylon miniatures and Adani Green Energy logo are seen in this illustration taken, December 9, 2022. REUTERS/Dado Ruvic/Illustration/File Photo

നിഫ്റ്റി50ൽ അദാനി എന്റർപ്രൈസസ് 3.52% ഉയർന്ന് നേട്ടത്തിൽ ഒന്നാമതെത്തി. എച്ച്ഡിഎഫ്സി ലൈഫ് 0.68% നേട്ടവുമായി രണ്ടാമതുണ്ട്. ഇൻഫോസിസ് (-2.88%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-2.74%), ടെക് മഹീന്ദ്ര (-2.55%), എച്ച്സിഎൽ ടെക് (-2.06%), ടിസിഎസ് (-1.93%) എന്നിവയാണ് നഷ്ടത്തിൽ മുന്നിലുള്ളത്.

ഹഡ്കോയുമായി ചേർന്ന് നോയിഡയിൽ റിയൽ എസ്റ്റേറ്റ് സംരംഭം ഒരുക്കാനുള്ള 600 കോടി രൂപയുടെ കരാറിലെത്തിയ എൻബിസിസിയുടെ ഓഹരികൾ 5% ഉയർന്നു. പവർഗ്രിഡിൽ നിന്ന് 1,704 കോടി രൂപയുടെ ഓർഡർ ലഭിച്ച ആവേശത്തിൽ കെഇസി ഇന്റർനാഷണൽ ഓഹരി 7 ശതമാനം കയറി. കഴിഞ്ഞദിവസം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എൻടിപിസി ഗ്രീൻ എനർജിയുടെ ഓഹരി 4% നേട്ടത്തിലാണുള്ളത്. കമ്പനിയുടെ ഷാജാപുർ സോളാർ പദ്ധതിയിൽ 55മെഗാവാട്ടിന്റെ സൗകര്യം കമ്മിഷൻ െചയ്തത് നേട്ടമായി. ചെന്നൈ മെട്രോയിൽ നിന്ന് 3,658 കോടി രൂപയുടെ ഓർഡർ ലഭിച്ചത് ബെമൽ ഓഹരികളെ ഇന്ന് 4 ശതമാനം ഉയർത്തി. ഹൊനാസ കൺസ്യൂമർ (മാമഎർത്ത്) ഓഹരികൾ‌ ഇന്ന് 10% ഉയർന്ന് അപ്പർ-സർക്യൂട്ടിലായി. എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ വലിയ അളവിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

വീഴ്ചയുടെ കാരണങ്ങൾ
 

മഹാരാഷ്ട്രയിൽ മഹായുതി സംഖ്യത്തിന്റെ വിജയത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് കഴിഞ്ഞദിവസങ്ങളിൽ സ്വന്തമാക്കിയ നേട്ടം നിഫ്റ്റിയും സെൻസെക്സും കൈവിടുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഐടി ഓഹരികളാണ് നഷ്ടയാത്രയ്ക്ക് ചുക്കാൻ പിടിക്കുന്നത്. യുഎസിൽ പണപ്പെരുപ്പം ആശ്വാസതലത്തിൽ തന്നെ തുടരുന്നതും ഉപഭോക്തൃച്ചെലവ് മെച്ചപ്പെട്ടതും പലിശനിരക്ക് കുറയാനുള്ള സാധ്യതകൾക്കുമേൽ മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലുകളാണ് ഐടി കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയായത്.

Indian stock traders react on seeing the 30 share benchmark index SENSEX cross 24,000 points during intra-day trade at a brokerage house in Mumbai on May 13, 2014.  India's stock market surged for the third straight day to a record high May 13 as exit polls indicated that Hindu nationalist party leader Narendra Modi was on course to become the country's next prime minister.  AFP PHOTO/ INDRANIL MUKHERJEE (Photo by INDRANIL MUKHERJEE / AFP)
Photo by INDRANIL MUKHERJEE / AFP

ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യ വിപണിയായ യുഎസിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്നതും പലിശയിറക്കിന്റെ വഴിയടയ്ക്കുന്നതായി ചില നിരീക്ഷകർ വാദിക്കുന്നു. നിഫ്റ്റി ഐടി സൂചിക ഇന്ന് 2.20% ഇടിഞ്ഞിട്ടുണ്ട്. വാഹന ഓഹരികളിലും ഇന്ന് വിൽപനസമ്മർദ്ദം ദൃശ്യമാണ്. നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം നഷ്ടത്തിലായി. ഏഷ്യൻ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയതെന്നതും ഇന്ന് ഇന്ത്യൻ ഓഹരികളെ ഉലച്ചു.

വിശദീകരണം തുണച്ചു; അദാനി കുതിച്ചു
 

യുഎസിലെ കുറ്റപത്രത്തിൽ അദാനി ഗ്രൂപ്പിലെ കമ്പനികൾക്കെതിരെയോ നേതൃത്വത്തിലെ ഉന്നതർക്കെതിരെയോ കൈക്കൂലി കുറ്റമില്ലെന്ന് ഇന്നലെ അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. ഇതോടെ, ഇന്നലെ നടത്തിയ തിരിച്ചുകയറ്റത്തെ കവച്ചുവയ്ക്കുന്ന നേട്ടമാണ് ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ‌ നടത്തുന്നത്. അദാനി എനർജി സൊല്യൂഷൻസ് 10%, അദാനി ടോട്ടൽ ഗ്യാസ് 14.55%, മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് 3.55%, അദാനി പവർ 8.24% എന്നിങ്ങനെ നേട്ടത്തിലാണുള്ളത്. എസിസി, അദാനി പോർട്സ് എന്നിവ നേരിയ നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു.

മുന്നേറ്റം തുടർന്ന് കൊച്ചി കപ്പൽശാല
 

കൊച്ചിൻ‌ ഷിപ്പ്‍യാർഡ് ഓഹരികൾ കഴിഞ്ഞ ഏതാനും ദിവസമായി കാഴ്ചവയ്ക്കുന്ന കുതിപ്പ് ഇന്നും തുടരുന്നു. 4.54% മുന്നേറി 1,572.40 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിവില 20 ശതമാനത്തിലധികം ഉയർന്നു കഴിഞ്ഞു. യുഎസ് കമ്പനിയായ സിയാട്രിയം ലെറ്റൂർനോയുമായുള്ള കരാറും പ്രതിരോധ ഓഹരികളിൽ പൊതുവേ ദൃശ്യമായ മികച്ച വാങ്ങൽ താൽപര്യവും കൊച്ചിൻ ഷിപ്പ്‍യാർഡിന് നേട്ടമായിട്ടുണ്ട്.

എഫ്‌എ‌സിടി ഫാക്‌ടറി (Photo by fact.co.in)
എഫ്‌എ‌സിടി ഫാക്‌ടറി (Photo by fact.co.in)

മികച്ച ബിസിനസ് പ്രതീക്ഷകളുടെ കരുത്തിൽ ഫാക്ട് ഓഹരി 3 ശതമാനത്തിലധികം ഉയർന്നു. കേരള ഓഹരികളിൽ യൂണിറോയൽ മറീൻ ആണ് 4.97% നേട്ടവുമായി മുന്നിൽ. സോൾവ് പ്ലാസ്റ്റിക് 4.95%, പ്രൈമ അഗ്രോ 3.98%, ഇസാഫ് 3% എന്നിങ്ങനെയും ഉയർന്നിട്ടുണ്ട്. കിറ്റെക്സ് ഇന്നും രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണുള്ളത്. ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് ക്യാപ്പിറ്റൽ, ഈസ്റ്റേൺ ട്രെഡ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, നിറ്റ ജെലാറ്റിൻ എന്നിവയും ഭേദപ്പെട്ട നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. പോപ്പീസ് ഓഹരി 5% താഴ്ന്നു. ഇൻഡിട്രേഡ്, ടിസിഎം, ടോളിൻസ് ടയേഴ്സ് എന്നിവയും രണ്ടുശതമാനത്തിലധികം നഷ്ടം നേരിട്ടിട്ടുണ്ട്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

IT Stocks Drags Sensex 700 pts Lower, Cochin Shipyard surges : Despite the Sensex and Nifty trading lower, Cochin Shipyard and FACT shares witnessed significant gains. Adani Group stocks rebounded strongly following recent clarifications. This article analyzes the reasons behind the market dip and highlights the positive performance of select stocks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com