ADVERTISEMENT

കൊച്ചി ∙ മൂലധന നേട്ടത്തിന്മേലുള്ള നികുതിക്കു സമാന്തരമായി തുടരുന്ന അന്യായമായ ഇരട്ട നികുതിയെന്നു നിക്ഷേപകർ ആരോപിക്കുന്നതും ഓഹരികളുടെയും മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയും ഇടപാടുകളുമായി ബന്ധപ്പെട്ട് ഈടാക്കുന്നതുമായ സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സ് (എസ്‌ടിടി) കേന്ദ്ര സർക്കാരിനു നേടിക്കൊടുക്കുന്നതു ലക്ഷ്യത്തിലും വളരെ ഉയർന്ന തുക.

നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഇക്കഴിഞ്ഞ 10 വരെയുള്ള കാലയളവിൽ ഇടപാടു നികുതിയായി ഖജനാവിലേക്കെത്തിയതു 36,000 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ലഭിച്ച തുകയുടെ ഇരട്ടിയോളമാണിത്. ഓഹരി വിപണിയിലേക്കുള്ള നിക്ഷേപകരുടെ പ്രവാഹത്തിന്റെ ഫലമായി ഇടപാടുകളിലുണ്ടായ വൻ വളർച്ചയാണു നികുതി വരുമാനത്തിലെ ഭീമമായ വർധനയ്‌ക്കു കാരണം.

ഈ സാമ്പത്തിക വർഷം എസ്‌ടിടി ഇനത്തിൽ ലഭിക്കുമെന്നു സർക്കാർ കണക്കാക്കിയിരുന്നതു 37,000 കോടി രൂപ മാത്രമാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ നാലു മാസം ബാക്കി നിൽക്കെത്തന്നെ ഇത്രയും തുക ലഭിച്ച സ്‌ഥിതിക്കു വർഷാവസാനത്തോടെ എസ്‌ടിടി വരുമാനം 60,000 കോടി കവിയുമെന്നു കണക്കാക്കുന്നു.

tax-2-

മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തു ധനമന്ത്രി പി. ചിദംബരമാണു 2004ൽ എസ്‌ടിടി ഏർപ്പെടുത്തിയത്. ഓഹരി ഇടപാടുകൾക്കുള്ള ദീർഘകാല മൂലധന വർധന (എൽടിസിജി) നികുതി ഉപേക്ഷിക്കുകയാണെന്നും പകരമാണ് എസ്‌ടിടി ഏർപ്പെടുത്തുന്നതെന്നും അന്നു ധന മന്ത്രി വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ 2018ലെ ബജറ്റിലൂടെ ദീർഘകാല മൂലധന വർധന നികുതി വീണ്ടും പ്രാബല്യത്തിലാകുകയാണുണ്ടായത്.

ദീർഘകാല മൂലധന നേട്ടത്തിന്മേലുള്ള നികുതി 10 ശതമാനമായിരുന്നത് ഇക്കഴിഞ്ഞ ബജറ്റിൽ 12.5 ശതമാനത്തിലേക്ക് ഉയർത്തിയ ധനമന്ത്രി നിർമല സീതാരാമൻ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽപ്പെട്ട ഓഹരി ഇടപാടുകളുടെ എസ്‌ടിടി വർധിപ്പിക്കുകകൂടി ചെയ്തു.

English Summary:

Indian investors face double taxation as STT revenue soars. Explore the implications of increased STT collection alongside capital gains tax on stock market investments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com