കാർമേഘങ്ങൾ മാറിനിന്നു, പ്രഭാതസൂര്യന്റെ പൊൻശോഭയിൽ ശ്രീമാളവികയുടെ വീടിന് കുറ്റിയടിച്ചു
Mail This Article
സ്വപ്നങ്ങൾക്ക് പൊൻതെളിച്ചമായി, സങ്കടത്തിന്റെ മഴമേഘങ്ങൾ പോലും മാറിനിന്നു. പ്രഭാതസൂര്യന്റെ ഉദയശോഭ പരന്നപ്പോൾ ശ്രീമാളവികയുടെ സ്വപ്നവീടിന് കുറ്റിയടിച്ചു. ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവായ ശ്രീമാളവികയുടെ വീടെന്ന സ്വപ്നം സഫലമാക്കാൻ കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനാണ് മുൻകൈ എടുത്തത്. വീട് നിർമാണത്തിന്റെ ആദ്യഘട്ടമായി വീടിന് കുറ്റിയടിക്കൽ കർമം കഴിഞ്ഞ ദിവസം രാവിലെ നടന്നു.
ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗം ചവിട്ടിപ്പൊങ്ങൾ ഇനത്തിൽ ആയിരുന്നു ശ്രീമാളവികയ്ക്ക് സ്വർണമെഡൽ ലഭിച്ചത്. ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ചുകെട്ടിയ വീട്ടിൽ നിന്നെത്തി നിശ്ചയദാർഢ്യം ചുവടാക്കി സ്വർണം സ്വന്തമാക്കിയ ശ്രീമാളവികയുടെ കഥ മനോരമ ഓൺലൈൻ ആയിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷൻ അവരുടെ സ്വപ്നക്കൂട് ഭവനനിർമാണ പദ്ധതിയിലെ ആദ്യസംരംഭമായി ശ്രീമാളവികയുടെ കുടുംബത്തിന് വീട് വെച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.
അതിന്റെ ആദ്യപടിയായിരുന്നു കുറ്റിയടിക്കൽ കർമം നടന്നത്. നിലവിലുള്ള വീടിന്റെ സമീപത്തു തന്നെയാണ് പുതിയ വീട് പണിയുന്നത്. ശ്രീമാളവികയുടെ കുടുംബാംഗങ്ങളും ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വാസ്തു ആചാരി പറശ്ശേരിമണ്ണിൽ കുഞ്ഞുമോൻ ആണ് കുറ്റിയടിക്കൽ കർമം നിർവഹിച്ചത്.
ജി സി എഫ് പ്രതിനിധികളായ പാട്ടം കൃഷ്ണൻ നമ്പൂതിരി (GCF പ്രസിഡന്റ് ), പി കെ രാംദാസ് (കോഡിനേറ്റർ), വിശ്വേശരൻ (വൈസ് പ്രസിഡന്റ്), രങ്കനാഥൻ (ജോയിന്റ് സെക്രട്ടറി), ശശിധരൻ (എക്സി മെമ്പർ), ശ്രീമാളവികയുടെ മാതാപിതാക്കളായ ശ്രീന, മുരളീധരൻ സഹോദരങ്ങളായ ശ്രീമുരളിക, ശ്രീമയൂഖ കളരി ഗുരുക്കളായ സുഭാഷ് ഗുരുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈങ്ങാപ്പുഴ എം ജി എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീമാളവിക. കഴിഞ്ഞ രണ്ടു വർഷമായി കളരി ഗുരുക്കൾ സുഭാഷിന്റെ ശിക്ഷണത്തിലാണ് കളരി അഭ്യസിക്കുന്നത്.