ADVERTISEMENT

ചേട്ടന്‍ ഫ്രാന്‍സിസ് ലിയോ ബിജു  വായിക്കുന്നത് കണ്ടാണ് അനിയന്‍ യോഹന്‍ ജോസഫ് ബിജു വായനയുടെ ലോകത്തിലേക്ക് തിരിഞ്ഞത്. ചേട്ടന്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നു കൊണ്ടുവരുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍, കൂട്ടിവായിക്കാന്‍ തുടങ്ങിയ പ്രായത്തില്‍ തന്നെ യോഹനും വായിച്ചുതുടങ്ങി, അര്‍ത്ഥം മനസ്സിലാക്കാതെയാണെങ്കിലും. നാലാം ക്ലാസില്‍ എത്തിയതോടെ ജെറോണിമോ സീരിസിലുള്ള പല നോവലുകളുമായി യോഹന്‍ പരിചയത്തിലായി. അങ്ങനെയുള്ളദിവസങ്ങളിലെന്നോ ആണ് എന്തൊക്കെയോ എഴുതാനുള്ള ശ്രമം യോഹന്റെ ഭാഗത്തുനിന്നുണ്ടായത്. ബാക്കിവന്ന നോട്ടുബുക്ക് താളുകളില്‍ ചെറിയ ചെറിയ ചിന്തകളുടെ രൂപത്തിലായിരുന്നു എഴുത്തിന്റെ തുടക്കം. പലയിടത്തായി എഴുതിവയ്ക്കാതെ ഒരു ബുക്കില്‍ മാത്രം എഴുതാനും അങ്ങനെ എഴുതിവയ്ക്കുന്നവ നല്ലതാണെങ്കില്‍ നമുക്കൊരു പുസ്തകമാക്കിമാറ്റാമെന്നുമുള്ള പ്രചോദനം നല്കിയത് യോഹന്റെ അച്ഛന്‍  എഴുത്തുകാരന്‍ കൂടിയായ വിനായക് നിര്‍മ്മലാണ്. അച്ഛന്റെ നൂറോളം പുസ്തകങ്ങള്‍ ബുക്ക് ഷെല്‍ഫില്‍ നിരന്നിരിക്കുന്നത് കണ്ടുവളര്‍ന്ന യോഹന് ആ വാക്കുകള്‍ ചിലപ്പോള്‍ ഒരു പ്രചോദനമായി മാറിയിട്ടുണ്ടാവണം. എന്തായാലും ഇത്തവണത്തെ അവധിക്കാലത്താണ് യോഹന്‍ ഒരു നോവലിന്റെ പണിപ്പുരയിലേക്ക് പ്രവേശിച്ചത്. 

കളിക്കും മൊബൈല്‍ ഗെയിമിനും ഇടയില്‍ കിട്ടിയ ഇടവേളയിലായിരുന്നു എഴുത്ത്. ആ എഴുത്ത് പൂര്‍ത്തിയാക്കിയത് ജൂണ്‍ ആദ്യവാരത്തിലായിരുന്നു. 28 ചെറിയ അധ്യായങ്ങളോടുകൂടിയ മിഷന്‍ റ്റു എ മിസ്റ്റീരിയസ് വില്ലേജ് എന്ന ഇംഗ്ലീഷ് നോവലിന്റെ  പിറവി അങ്ങനെയായിരുന്നു. നോവലിന്റെ ഓരോ ഭാഗവും എഴുതിത്തീര്‍ത്തതിന് ശേഷം യോഹന്‍ അച്ഛനെയും അമ്മയെയും ആദ്യം വായിച്ചുകേള്‍പ്പിക്കുമായിരുന്നു. എങ്കിലും നോവലിന്റെ ഗൗരവതരമായ ആദ്യവായനക്കാരന്‍ ചേട്ടന്‍ ഫ്രാന്‍സിസ് തന്നെയായിരുന്നു. ഇതിനകം പല ഇംഗ്ലീഷ് നോവലുകളും വായിച്ചു പരിചയിച്ച ഫ്രാന്‍സിസാണ് അച്ഛനോട് ഇതൊരു പുസ്തകമാക്കാന്‍ കൊള്ളാവുന്നതാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത്. എങ്കിലും ഇംഗ്ലീഷ് അധ്യാപകനും കഥാകൃത്തും സുഹൃത്തുമായ പി.ഹരികൃഷ്ണന്റെ അഭിപ്രായം ആരായാന്‍ വേണ്ടി മകന്റെ നോവല്‍ വായിക്കാന്‍ കൊടുക്കുകയാണ് വിനായക് ചെയ്തത്. 

ഒരു പത്തുവയസുകാരന്റെ സൃഷ്ടി എന്ന നിലയ്ക്ക് അതിനെ തള്ളിക്കളയേണ്ടതല്ലെന്ന ഹരികൃഷ്ണന്റെ അഭിപ്രായമാണ് പ്രസാധനവുമായി മുന്നോട്ടുപോകാന്‍ വിനായകിന് പ്രചോദനം നല്കിയത്.  ഭരണങ്ങാനം ജീവന്‍ ബുക്‌സുമായി ബന്ധപ്പെട്ടപ്പോള്‍ ഡയറക്ടര്‍ ഫാ. അലക്‌സ് കിഴക്കേക്കടവില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. യോഹന്റെ എഴുത്തിന്റെ തനിമയും ശൈലിയും നിലനിര്‍ത്തിക്കൊണ്ടുള്ള എഡിറ്റിംങ്  നിര്‍വഹിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കണ്ട സിനിമകളും വായിച്ച നോവലുകളും യോഹനെ രചനയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ചില്‍ഡ്രന്‍സ് സാഹിത്യത്തിലെ  സീരീസ്‌കണക്കെ നോവലെഴുതാനാണ് യോഹന്റെ ശ്രമം. ആദ്യ പുസ്തകം സെപ്റ്റമ്പർ  28 ന്  അസ്സീസി ആര്‍ക്കേഡില്‍ വച്ച് പ്രകാശനം നടന്നു. അന്നേ ദിവസത്തിന് യോഹന്റെ ജീവിതത്തില്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അച്ഛന്‍ വിനായക് നിര്‍മ്മലിന്റെ നൂറാമത് പുസ്തകവും ആ വേദിയില്‍ വച്ച് പ്രകാശനം ചെയ്തു,

ബോബി ജോസ് കട്ടിക്കാട് വിനായകിന്റെ പുസ്തകവും പോള്‍ കൊട്ടാരംകപ്പൂച്ചിന്‍  യോഹന്റെ പുസ്തകവും പ്രകാശനം ചെയ്തു. അങ്ങനെ പുസ്തകപ്രസാധനത്തില്‍ ഒരു ചരിത്രനിമിഷത്തിന് പിറവിയെടുത്തു. അച്ഛന്റെ നൂറാമത്തെയും മകന്റെ ആദ്യത്തെയും പുസ്തകം ഒരുമിച്ചു പ്രകാശനം ചെയ്യുക എന്നതാണ് ഈ അപൂര്‍വ്വത. അമ്പതില്‍ നൂറും പത്തില്‍ ഒന്നും എന്നാണ് പ്രകാശനച്ചടങ്ങിന്റെ ടാഗ് ലൈന്‍. യോഹന്റെ പുസ്തകത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. യോഹന്റെ പുസ്തകത്തിന്റെ കവറും ചിത്രങ്ങളും ഡിസൈന്‍ ചെയ്തിരിക്കുന്നത് പത്താംക്ലാസുകാരനായ ഫ്രാന്‍സിസാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് യോഹന്‍. ഇരുവരും പാലാ ചാവറ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. പാലാ സെന്റ് തോമസ് ടീ്‌ച്ചേഴ്‌സ് ട്രെയിനിംങ് കോളജ് അധ്യാപികയായ ഷീജാമോള്‍ തോമസാണ് അമ്മ.

അനുബന്ധം: ആദ്യനോവല്‍ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ യോഹന്‍ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് . For the Missing Piece of Zodiac Map  എന്നാണ്  പേര്. Adventures of Duo  എന്ന പേരാണ്്  സീരിസിന് യോഹന്‍ നല്കിയിരിക്കുന്നത് ആദ്യ നോവലിലെ പല കഥാപാത്രങ്ങളും എഴുതാനിരിക്കുന്ന മൂന്നാമത്തെ നോവലില്‍ കടന്നുവരുമെന്നും ടൈം ട്രാവലിംങ് ഉണ്ടെന്നുമൊക്കെ യോഹന്‍ അവകാശപ്പെടുന്നു.

English Summary:

From Playtime to Published Author: Meet the 10-Year-Old Novelist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com