'നീ എത്ര വലുതായാലും എന്നും ഞങ്ങളുടെ കുഞ്ഞാവ ആയിരിക്കും'; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് സണ്ണി ലിയോൺ
Mail This Article
മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അവർ എന്നും കുഞ്ഞുവാവകളാണ്. അതിപ്പോൾ സാധാരണക്കാർ ആയാലും സെലിബ്രിറ്റികൾ ആയാലും വ്യത്യാസം ഒന്നുമില്ല. നടി സണ്ണി ലിയോൺ തന്റെ പ്രിയപ്പെട്ട മകൾ നിഷയ്ക്ക് ഒമ്പതാം പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. 'സന്തോഷകരമായ ജന്മദിനാശംസകൾ ഞങ്ങളുടെ കൊച്ചു പെൺകുട്ടി' എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്നിരിക്കുന്നത്.
'ഞങ്ങളുടെ കൊച്ചു പെൺകുഞ്ഞ് നിഷയ്ക്ക് സന്തോഷകരമായ പിറന്നാൾ ആശംസകൾ. നീ ദൈവം ഞങ്ങൾക്ക് നൽകിയ സമ്മാനമാണ്. നീ വളർന്നു എത്ര തന്നെ വലുതായാലും എല്ലായ്പ്പോഴും ഞങ്ങളുടെ കൊച്ചു പെൺകുഞ്ഞ് ആയിരിക്കും. നിന്നെ സ്നേഹിക്കുന്നു' - മൂന്ന് മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള കുടുംബചിത്രം പങ്കുവെച്ചു കൊണ്ടാണ് സണ്ണി ലിയോൺ ആശംസകൾ നേർന്നത്. നിഷയുടെ ഒമ്പതാം പിറന്നാൾ ആഘോഷവേളയിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ഒരിക്കൽ ഒരു അനാഥാലയം സന്ദർശിച്ചപ്പോൾ ആയിരുന്നു ആദ്യമായി നിഷയെ കണ്ടത്. അന്ന് 21 മാസം ആയിരുന്നു നിഷയുടെ പ്രായം. 2017ൽ ആ കുഞ്ഞിനെ സണ്ണിയും വെബ്ബറും ചേർന്ന് സ്വന്തം മകളായി ദത്തെടുത്തു. നിഷ കൗർ വെബ്ബർ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന മുഴുവൻ പേര്. അതിന് ശേഷം വാടക ഗര്‍ഭപാത്രത്തിലൂടെ ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങളും ജനിച്ചു. നോഹ, ആഷര്‍ എന്നിങ്ങനെയാണ് മക്കളുടെ പേര്. നിരവധി പേരാണ് നിഷയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്.