ബാർബിഗേളിന് 65 വയസ്സായി...ലോകത്തിന്റെ പ്രിയപ്പെട്ട പെൺപാവ
Mail This Article
നിങ്ങളറിഞ്ഞോ കൂട്ടുകാരെ..നമ്മുടെയെല്ലാം പ്രിയപ്പെട്ട ബാർബി പാവകൾക്ക് 65 വയസ്സ് തികയുകയാണ്. ആദ്യ ബാർബിപ്പാവകൾ 1959 മാർച്ച് 9നാണ് ലോകവിപണിയിൽ അരങ്ങേറ്റം കുറിച്ചത്.വിവിധ രംഗങ്ങളിൽ ലോകത്തിനു പ്രചോദനമായി മാറിയ 8 വനിതകളുടെ പാവപ്പതിപ്പുമായി വനിതാദിനപ്പിറ്റേന്ന് 65ാം ജന്മദിനം ആഘോഷിക്കുകയാണ് ബാർബി കമ്പനി. ബാർബി ഡോളുകൾ പ്രമുഖരുടെ രൂപങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിഹാസ പോപ് ഗായകരായ ജെന്നിഫർ ലോപസ്, ചെർ തുടങ്ങിയവരെ അവരുടെ കരിയറിലെ നാഴികക്കൽ നേട്ടങ്ങളിൽ അഭിനന്ദിച്ചുകൊണ്ട്, അവരുടെ രൂപത്തിൽ പാവകളിറങ്ങിയിട്ടുണ്ട്.
ബാർബറ മിലിസെന്റ് റോബർട്സ് എന്നാണു ബാർബിയുടെ മുഴുവൻ പേര്. 1959ൽ മാറ്റെൽ എന്ന യുഎസ് കളിപ്പാട്ട കമ്പനി കലിഫോർണിയയിലാണ് ബാർബി പാവകൾ പുറത്തിറക്കിയത്. ദമ്പതികളായ റൂത്ത് ഹാൻഡ്‌ലർ, ഇലിയറ്റ് എന്നിവരായിരുന്നു ബാർബിയുടെ ഉപജ്ഞാതാക്കളും കമ്പനിയുടെ ഉടമസ്ഥരും. ആദ്യകാലത്ത് പാവയ്ക്കെതിരെ ചില്ലറ വിവാദങ്ങളൊക്കെയുണ്ടാകുകയും വിൽപനയിൽ മന്തിപ്പുണ്ടാകുകയും ചെയ്തു. എന്നാൽ കുട്ടികളെ ആകർഷിക്കാനായി കമ്പനി ടെലിവിഷനിൽ ബാർബിയുടെ പരസ്യങ്ങൾ കൊടുത്തു തുടങ്ങി (ഇങ്ങനെ ചെയ്യുന്ന ആദ്യ കളിപ്പാട്ടക്കമ്പനിയായിരുന്നു മാറ്റെൽ).1963ൽ ബാർബിയുടെ കൂട്ടുകാരായ മിഡ്ജ്, കെൻ, ഇളയ സഹോദരിയായി സ്കിപ്പർ എന്നീ പാവകളും രംഗത്തെത്തി. കളിപ്പാട്ടവിപണിയിൽ ബാർബി തരംഗം സൃഷ്ടിക്കുകയായിരുന്നു.
ഓരോ സെക്കൻഡിലും ലോകത്ത് രണ്ട് ബാർബി പാവകൾ വീതം വിൽക്കുന്നുണ്ടെന്നാണു കണക്ക്. നിലവിൽ യുഎസിൽ നിന്നുള്ള ഒരു വമ്പൻ രാജ്യാന്തര കളിപ്പാട്ട ബ്രാൻഡായി ബാർബി മാറിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും ഇതിനു വിപണിയുമുണ്ട്. ഒട്ടേറെ നോവലുകളും ഗാനങ്ങളുമൊക്കെ ഇതിനെ അടിസ്ഥാനപ്പെടുത്തി ഇറങ്ങിയിരുന്നു. 1997ൽ സ്കാൻഡിനേവിയൻ സംഗീതഗ്രൂപ്പായ അക്വ പുറത്തിറക്കിയ ‘അയാം എ ബാർബി ഗേൾ’ ഇതിന് മികച്ച ഉദാഹരണം. ഈ ഗാനം നമ്മുടെ കൊച്ചുകേരളത്തിലുൾപ്പെടെ അലമാലകൾ തീർത്തിരുന്നു. കുറേയേറെ അനിമേഷൻ ചിത്രങ്ങളും ബാർബിയെ കഥാപാത്രമാക്കി പുറത്തിറങ്ങിയിരുന്നു.
കോവിഷീൽഡ് വാക്സീന്റെ മാതൃവാക്സീനായ ഓക്സ്ഫഡ്–ആസ്ട്രസെനക വാക്സീൻ വികസിപ്പിച്ച പ്രഫ.സാറാ ഗിൽബെർട്ടിന്റെ രൂപത്തിൽ, ബാർബി പാവ 2021ൽ ഇറക്കിയിരുന്നു. സാറാ ഗിൽബെർട്ടിനൊപ്പം ആരോഗ്യപ്രവർത്തനമേഖലയിലെ മറ്റ് 5 സ്ത്രീകളുടെയും രൂപത്തിൽ ബാർബി പാവകളിറക്കിയത് അന്നു ശ്രദ്ധേയമായി. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നണിപ്പോരാളികളായവരെ ആദരിക്കാനായിരുന്നു ഇത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ബാർബി പാവകൾ സ്വന്തമായുള്ള ബെറ്റിന ഡോർഫ്മാൻ എന്ന വനിതയ്ക്കാണ്. വിവിധകാലങ്ങളിലായി 18500 പാവകളാണ് ബെറ്റിനയുടെ കൈവശമുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ബാർബി പാവകളുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോർഡിനും ഉടമയാണ് ബെറ്റിന. 2005 മുതൽ ഇവർ ഈ റെക്കോർഡ് വഹിക്കുന്നു.
ഇപ്പോൾ 62 വയസ്സുള്ള ബെറ്റിനയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യത്തെ ബാർബി പാവ ലഭിച്ചത്. 1966ൽ ആയിരുന്നു ഇത്. 1993 മുതൽ ബെറ്റിന വലിയ ആവേശത്തോടെ പാവകൾ ശേഖരിച്ചു തുടങ്ങി. ഒട്ടേറെ അപൂർവമായ ബാർബി പാവകളും ബെറ്റിനയുടെ കൈവശമുണ്ട്. 1959ൽ പുറത്തിറങ്ങിയ ആദ്യ ബാർബി പാവകളും ഇതിൽ ഉൾപ്പെടും. ബാർബികൾ ശേഖരിക്കുന്നതിനു പുറമേ ബാർബി ഡോളുകളെക്കുറിച്ച് ബെറ്റിന പുസ്തകങ്ങളും എഴുതാറുണ്ട്. മറ്റുള്ളവരുടെയും ബാർബി പാവകൾക്ക് അറ്റകുറ്റപ്പണികൾ ചെയ്യാനായി ഒരു ഡോൾ ഹോസ്പിറ്റലും ബെറ്റിന നടത്തുന്നുണ്ട്