റോമൻ പടയാളികൾക്ക് ശമ്പളമായി കൊടുത്തിരുന്നത് ഉപ്പ്! സാലറി എന്ന വാക്കിന്റെ ഉദ്ഭവം
Mail This Article
ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം. ശമ്പളം എന്നാൽ അതാണ്. ദിവസ ശമ്പളം, മാസ ശമ്പളം, ഒരു കാലഘട്ടത്തിലേക്കുള്ള ശമ്പളം തുടങ്ങി വിവിധ രീതികളിൽ ശമ്പളമുണ്ട്. ശമ്പളത്തിന്റെ ഇംഗ്ലിഷ് വാക്ക് സാലറി എന്നാണെന്നു കൂട്ടുകാർക്കറിയാമല്ലോ. എങ്ങനെയാണ് ഈ വാക്ക് വന്നത്.ഉത്തരം കേട്ടോളൂ, ഉപ്പിൽ നിന്നാണ് സാലറി വന്നത്. റോമാസാമ്രാജ്യമെന്നു കേട്ടിട്ടുണ്ടാകുമല്ലോ. ഇന്നത്തെ ഇറ്റലിയിലെ റോം നഗരം തലസ്ഥാനമാക്കിയുള്ള മഹാസാമ്രാജ്യമായിരുന്നു ഇത്.
നൂറ്റാണ്ടുകളോളം റോമാ സാമ്രാജ്യം യൂറോപ്പിലെയും സമീപമേഖലകളിലെയും ഭരണം കൈയാളി. അന്നത്തെ ലോകക്രമത്തിൽ വലിയൊരു സ്വാധീനശക്തിയായിരുന്നു റോം. ജൂലിയസ് സീസർ, അഗസ്റ്റസ്, നീറോ തുടങ്ങി അതിപ്രശസ്തരായ സൈനിക ജനറൽമാരും ഭരണാധികാരികളുമൊക്കെ ഈ സാമ്രാജ്യത്തിൽ നിന്നു ഉദയം ചെയ്തിട്ടുണ്ട്. വലിയ സാംസ്‌കാരികപ്രൗഢിയും ശിൽപകലാവൈദിഗ്ധ്യവുമൊക്കെ ആർജിച്ച ഒരു സാമ്രാജ്യം കൂടിയായിരുന്നു റോമാസാമ്രാജ്യം.
റോമാസാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു സുദൃഢവും ശക്തവുമായിരുന്ന സൈന്യം. ഈ സൈന്യത്തിനു ശമ്പളം ചിലപ്പോഴൊക്കെ നാണയങ്ങളിലും മറ്റു പലപ്പോഴും ഉപ്പിലുമായിരുന്നു നൽകിയിരുന്നു. ലോകപ്രശസ്ത റോമൻ ചരിത്രകാരനായിരുന്ന പ്ലിനി ദ എൽഡർ തന്റെ ചരിത്രപുസ്തകത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഇതെല്ലാം വായിച്ച് എത്ര നിസ്സാരം എന്നു തള്ളിക്കളയേണ്ട. അക്കാലത്ത് ഉപ്പ് വിലയേറിയ ഒരു വസ്തുവായിരുന്നു. ഉപ്പ് ഖനനം ചെയ്‌തെടുക്കാവുന്ന മേഖലകൾക്കു സമീപം താമസമുറപ്പിച്ച സമൂഹങ്ങൾ അവിടെ പട്ടണങ്ങൾ പോലും പണിതുയർത്തിയ ചരിത്രമുണ്ട്. ഉപ്പുഖനനത്തിനും ഗതാഗതത്തിനുമായി കൂറ്റൻ റോഡുകൾ റോമാക്കാർ നിർമിച്ചിരുന്നു. ഉപ്പിന്‌റെ ഉത്പാദനവും നിയന്ത്രണവും രാജാവും ഉന്നത ഭരണവർഗങ്ങളും നേരിട്ടാണു പല സമൂഹങ്ങളിലും നിയന്ത്രിച്ചിരുന്നത്.