മന്ത്രവാദിനികളുടെ കരച്ചിൽ പുറപ്പെടുവിക്കുന്ന പളുങ്ങാപ്പളുങ്ങി! യൂറോപ്പിനെ പേടിപ്പിച്ച പക്ഷി
Mail This Article
പല പക്ഷികളും നിഗൂഢതകളുടെ പരിവേഷം ലഭിച്ചിട്ടുള്ളവരാണ്. നമ്മുടെ നാട്ടിലെ മൂങ്ങയൊക്കെ ഇതിന് ഉദാഹരണം. പലനാടുകളിലെയും കെട്ടുകഥകളുമായും വിശ്വാസങ്ങളുമായും ബന്ധപ്പെട്ടാണ് ഇത്തരം പല പരിവേഷങ്ങളുടെയും ഉദ്ഭവം. ദുരൂഹതയുടെ തൂവൽക്കുപ്പായം അണിഞ്ഞുനിൽക്കുന്ന മറ്റൊരു പക്ഷിയാണ് യൂറോപ്യൻ പളുങ്ങാപ്പളുങ്ങി പക്ഷി (യൂറോപ്യൻ നൈറ്റ്ജാർ). വലിയ ഇരുണ്ട കണ്ണുകളും, ഭാവങ്ങളും പ്രത്യേകതയുള്ള ശബ്ദം പുറപ്പെടുവിക്കലും എല്ലാം ചേർന്ന് നിഗൂഢതയുടെ ഒരു പരിവേഷം ഈ പക്ഷിക്ക് സൃഷ്ടിച്ചു കൊടുത്തു. ചെറിയ കൊക്കുകളും അതിനു യോജിക്കാത്ത വലിയ വായയും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.
പ്രകൃതിയിൽ മറഞ്ഞിരിക്കുകയെന്ന കാമഫ്‌ളാഷ് തന്ത്രം നന്നായി പയറ്റുന്ന പക്ഷികളാണ് പളുങ്ങാപ്പളുങ്ങികൾ. മരങ്ങളുടെ തൊലിയെ അനുസ്മരിപ്പിക്കുന്ന തൂവൽക്കുപ്പായം ഇവയെ പ്രകൃതിയുമായി ഇണങ്ങിയിരിക്കാൻ അനുവദിക്കുന്നു. രാത്രിയിൽ സഞ്ചരിക്കുന്ന പക്ഷികളാണ് ഇവ. അധികം ശബ്ദമൊന്നുമുണ്ടാക്കാതെയാണ് ഇവയുടെ പറക്കൽ. യൂറോപ്യൻ പളുങ്ങാപ്പളുങ്ങികൾ യൂറോപ്പിലും ആഫ്രിക്കയിലുമുണ്ട്. പളുങ്ങാപ്പളുങ്ങി പക്ഷികളുടെ വിവിധ വകഭേദങ്ങൾ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലുമുണ്ട്.
യൂറോപ്യൻ പളുങ്ങാപ്പളുങ്ങി ആൺപക്ഷികൾ സന്ധ്യാനേരം കഴിയുമ്പോൾ പ്രത്യേകമായ സ്വരത്തിൽ കരയുമായിരുന്നു. ഈ ശബ്ദം പക്ഷികളുടേതല്ല മറിച്ച് കുറ്റിക്കാടുകളിൽ മറഞ്ഞിരിക്കുന്ന മന്ത്രവാദിനികളുടേതാണെന്ന് ഒരു കാലത്ത് യൂറോപ്പിൽ വിശ്വസിച്ചിരുന്നു. കാപ്രിമുൽഗസ് എന്നാണ് ഈ പക്ഷികളുടെ ജനുസ്സിന്റെ പേര്. ആടുകളിൽ നിന്ന് പാൽ വലിച്ചുകുടിക്കുന്നവർ എന്നാണ് ഈ വാക്കിനർഥം. ആടുകളുടെ അകിടിനു ചുറ്റം ഈ പക്ഷികൾ പറന്നു നടക്കുന്നത് കണ്ട ആളുകൾ ഈ പക്ഷി അകിടിൽ നിന്നു പാൽ വലിച്ചുകുടിക്കുമെന്ന് വിശ്വസിക്കുകയായിരുന്നു. ഇങ്ങനെ പാൽ വലിച്ചുകുടിച്ചാൽ പിന്നീട് ആടുകൾ പാലുൽപാദിപ്പിക്കുന്നത് നിർത്തുമെന്ന തെറ്റായ വിശ്വാസവും പരന്നു. എന്നാൽ യഥാർഥത്തിൽ ഈ പക്ഷികൾ അകിടിനു ചുറ്റുമുള്ള കീടങ്ങളെ തേടിയാണ് പറക്കുന്നത്.