ADVERTISEMENT

അന്യഗ്രഹജീവികൾ ഭൂമിയിൽ മനുഷ്യർക്കിടയിലുണ്ടെന്നും അവർ കടലിനടിയിലും അഗ്നിപർവതങ്ങൾക്കടിയിലുമൊക്കെ ഒളിച്ചുതാമസിക്കുകയാണെന്നുമൊക്കെ പറഞ്ഞ് യുഎസിലെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തി തയാറാക്കിയ പ്രബന്ധത്തെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരുന്നു. ഈ പ്രബന്ധത്തിൽ ഒരു ദുരൂഹ പർവതത്തെക്കുറിച്ചുള്ള പരാമർശവുമുണ്ടായിരുന്നു. മൗണ്ട് ശസ്ത എന്ന പർവതമായിരുന്നു അത്. യുഎസിലെ വടക്കൻ കലിഫോർണിയയിൽ 14,179 അടി പൊക്കത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ശസ്ത വെറുമൊരു പർവതമല്ല, മറിച്ച് ഒട്ടേറെ ഗൂഢചിന്തകളുടെയും വിശ്വാസങ്ങളുടെയും പ്രകൃതിസ്തംഭം കൂടിയാണ്.

ഈ പർവതത്തെക്കുറിച്ച് പലവിധ കഥകളുണ്ട്. ഇതിനുള്ളിൽ ടിലോസ് എന്ന മറഞ്ഞിരിക്കുന്ന നഗരമുണ്ടെന്നും ഇവയിൽ ലെമൂറിയൻമാർ എന്ന ജീവിവർഗം താമസിക്കുന്നുണ്ടെന്നുമാണ് അതിൽ പ്രശസ്തമായ ഒന്ന്. ആദിമകാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്നെന്നു ഗൂഢവാദക്കാർ വിശ്വസിക്കുന്ന ഒരു സംസ്‌കാരവും ഭൂഖണ്ഡവുമായിരുന്നു ലെമൂറിയ. പിൽക്കാലത്ത് ഈ ഭൂഖണ്ഡം കടലിലാണ്ടെന്നും ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ചില ലെമൂറിയക്കാർ ശസ്ത പർവതത്തിനുള്ളിൽ നഗരമുണ്ടാക്കി താമസം തുടങ്ങിയെന്നുമാണ് ഒരു പ്രബല ഗൂഢസിദ്ധാന്തം. ഏഴടിയോളം വലുപ്പമുള്ള ഇവരുടെ പിൻമുറക്കാർ ഇപ്പോഴുമുണ്ടെന്നും ഇവർ വാദിക്കുന്നു.

എന്നാൽ മറ്റു ചിലർ വിശ്വസിക്കുന്നത് ഇതിനുള്ളിൽ പല്ലിമനുഷ്യർ എന്ന ഉരഗമനുഷ്യർ ജീവിക്കുന്നുണ്ടെന്നാണ്. പല്ലിമനുഷ്യരെക്കുറിച്ച് വേറെയും നിരവധി സിദ്ധാന്തങ്ങളുണ്ട്. ഇവർ വേഷം മാറി മനുഷ്യരായി നടക്കുകയാണെന്നും ലോകനേതാക്കളിലും വൻകിട വ്യവസായികളിലും സെലിബ്രിറ്റികളിലുമൊക്കെ ചിലർ ഇവരാണെന്നുമൊക്കെയാണ് ആ സിദ്ധാന്തം.

അതുപോലെ തന്നെ അന്യഗ്രഹജീവികളുടെ താവളമാണ് ശസ്തയെന്നു വിശ്വസിക്കുന്നവരും ഒട്ടേറെ. അമേരിക്കയിൽ ഏറ്റവും കൂടുതൽ യുഎഫ്ഒകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിലൊന്നാണ് ഇത്. എന്നാൽ ഇതിന് ശാസ്ത്രജ്ഞർ ഒരു ശാസ്ത്രീയമായ വിശദീകരണം നൽകുന്നു. ചുറ്റുമുള്ള കാലാവസ്ഥയിൽ സ്വന്തമായി മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ശസ്ത. ലെന്‌റിക്കുലർ ക്ലൗഡ് എന്ന തളികരൂപത്തിലുള്ള മേഘങ്ങൾ ഇതിനു മുകളിൽ സാധാരണയായി ഉണ്ടാകാറുണ്ട്. ദൂരെ നിന്നു നോക്കിയാൽ അന്യഗ്രഹപേടകത്തിന്റെ പ്രതീതി നൽകുന്ന മേഘങ്ങളാണ് ലെന്‌റിക്കുലർ ക്ലൗഡ്. ഇതു കണ്ട് അന്യഗ്രഹപേടകങ്ങളെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നതാകാമെന്ന് ഗവേഷകർ പറയുന്നു.

കാനഡയിലെ തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയ മുതൽ വടക്കൻ കലിഫോർണിയ വരെ വ്യാപിച്ചു കിടക്കുന്ന കാസ്‌കേഡ് അഗ്നിപർവതനിരയിൽപെട്ട മൗണ്ട് ശസ്ത യുഎസിലെ തദ്ദേശീയ ജനതകൾക്കും വിശ്വാസപരമായി പ്രാധാന്യമുള്ള ഒരു പർവതമാണ്. 

English Summary:

Mysteries of Mount Shasta: Alien Probes and Hidden Cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com