ADVERTISEMENT

ഓഗസ്റ്റ് 15ന് വീണ്ടുമൊരു സ്വാതന്ത്ര്യദിനം വന്നെത്തുന്നു. സ്വാതന്ത്ര്യമെന്ന അമൃതം നമുക്ക് നേടിത്തന്നത് നിരവധി മനുഷ്യരുടെ അക്ഷീണവും നിസ്വാർഥവുമായ പ്രവർത്തനങ്ങളാണ്.

1928 ഒക്ടോബർ.

ബ്രിട്ടൻ രൂപീകരിച്ച സൈമൺ കമ്മിഷനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടക്കുന്ന സമയം. ഒക്ടോബറിൽ അന്ന് ഇന്ത്യൻ സമൂഹത്തിലെ സമാരാധ്യനായ നേതാവ് ലാലാ ലജ്പത് റായി കമ്മിഷനെതിരെ മാർച്ച് നടത്തി. മാർച്ചിനു നേരെ ബ്രിട്ടിഷ് പൊലീസിന്റെ ബലപ്രയോഗമുണ്ടായി. ഇതിനിടെ ജയിംസ് എ. സ്‌കോട് എന്ന ബ്രിട്ടിഷ് പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രമണത്തിൽ ലജ്പത് റായിക്കു പരുക്ക് പറ്റുകയും രണ്ടാഴ്ചയ്ക്കു ശേഷം അദ്ദേഹം തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ അന്തരിക്കുകയും ചെയ്തു. ഇതു വലിയ പ്രതിഷേധത്തിനും അമർഷത്തിനും വഴിയൊരുക്കി.

ലജ്പത് റായിയുടെ മരണത്തിനു പകരം ചോദിക്കണമെന്ന് ഒരുകൂട്ടം യുവാക്കൾ തീരുമാനിച്ചു. ഭഗത് സിങ്ങും സംഘവുമായിരുന്നു അത്. ജയിംസ് സ്‌കോട്ടിനെ വധിക്കാനായിരുന്നു അവരുടെ ഉദ്ദേശം. സുഖ്ദേവ് ഥാപറാണ് പദ്ധതി രൂപീകരിച്ചത്. കൃത്യം നടപ്പാക്കാൻ നിയോഗിക്കപ്പെട്ടത് ഭഗത് സിങ്ങും രാജ്ഗുരുവും. 1928, ഡിസംബർ 27. ലാഹോറിനു സമീപമുള്ള ഒരു പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് രാജ്ഗുരുവും ഭഗത് സിങ്ങും തങ്ങളുടെ ലക്ഷ്യം നടപ്പാക്കാൻ ഒരുങ്ങി. രാജ്ഗുരുവാണ് ആദ്യം വെടിവച്ചത്. അത് ആ പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തു തന്നെ കൊണ്ടു, തുടർന്ന് ഭഗത് സിങ് അദ്ദേഹത്തിന്റെ തോക്കു നീട്ടി നിറയൊഴിച്ചു.

എന്നാൽ പദ്ധതിയിൽ കൊല്ലപ്പെട്ടത് ജയിംസ് സ്‌കോട്ട് ആയിരുന്നില്ല. എഎസ്പി ജോൺ സാൻഡേഴ്സ് എന്ന മറ്റൊരു പൊലീസുകാരനാണ്. ശ്രമം പാളിയെങ്കിലും ഭഗത് സിങ്ങും കൂട്ടുകാരും രക്ഷപ്പെട്ടു. ബ്രിട്ടിഷ് സർക്കാർ ഇവർക്കായി ഉത്തരേന്ത്യ മുഴുവൻ തിരച്ചിൽ ഊർജിതപ്പെടുത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് ലോകമാകെ ശ്രദ്ധ നേടിയ ആ സംഭവം നടന്നത്. 1929 ഏപ്രിലിൽ ഭഗത് സിങ്ങും കൂട്ടാളികളും ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി കെട്ടിടത്തിനുള്ളിൽ ബോംബ് സ്ഫോടനം നടത്തി. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണസിരാകേന്ദ്രത്തിൽ നടന്ന ഈ ആക്രമണം ബ്രിട്ടനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ആരെയും കൊല്ലാനുദ്ദേശിച്ചുള്ളതായിരുന്നില്ല ഈ ഉദ്യമം ,മറിച്ച് തങ്ങളുടെ ആശയങ്ങളിലേക്കു ജനശ്രദ്ധ ക്ഷണിക്കാനായിരുന്നു. അറസ്റ്റു ചെയ്യാൻ തന്റെ നേർക്കു പാഞ്ഞു വന്ന ബ്രിട്ടിഷ് അധികൃതർക്കു മുന്നിൽ യാതൊരു തടസ്സവും ഭഗത് സിങ് ഉയർത്തിയില്ല. ഭഗത് സിങ്ങും സംഘവും അറസ്റ്റ് ചെയ്യപ്പെട്ടു. 

അസംബ്ലി കെട്ടിടത്തിൽ നടത്തിയ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഭഗത് സിങ്ങിനും സംഘത്തിനും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. എന്നാൽ ഇതിനിടെ കൂടുതൽ അന്വേഷണങ്ങളിൽ ജോൺ സാൻഡേഴ്സിന്റെ മരണത്തിനു പിന്നിലും ഭഗത് സിങ്ങുണ്ടെന്ന് ബ്രിട്ടിഷുകാർ മനസ്സിലാക്കി. ഇതിനു പിന്നാലെ കോടതി വധശിക്ഷ നൽകി വിധി പുറപ്പെടുവിച്ചു. എന്നാൽ ഭഗത് സിങ്ങിനും കൂട്ടാളികൾക്കും ശരിയായ രീതിയിൽ നീതിപീഠം പരിഗണന നൽകിയില്ലെന്ന ആക്ഷേപം അന്നു മുതൽ തന്നെ ശക്തമായിരുന്നു.

1931 മാർച്ച് 23നു വധശിക്ഷ നടപ്പാക്കാൻ ബ്രിട്ടിഷ് അധികൃതർ തീരുമാനമെടുത്തു. ലാഹോർ സെൻട്രൽ ജയിലിലെ കഴുമരമുറിയിലേക്ക് ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും ആനയിക്കപ്പെട്ടു.

കൊലക്കയർ കഴുത്തിലേക്ക് അണിയപ്പെടുന്നതിനു മുൻപ് ഭഗത് സിങ് അതിൽ ചുംബിച്ചിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. മരണഭയമില്ലാതെ പുഞ്ചിരിച്ചു നിന്ന അവരെ കണ്ട് നിരവധി വധശിക്ഷകൾ തീർപ്പാക്കിയ ആരാച്ചാരൻമാർ പോലും അമ്പരന്നു പോയി. ഒടുവിൽ ആ കഴുമരത്തിൽ കെട്ടിനിർത്തിയ മുറുകിയ കയറിൽ ഇഹലോകജീവിതം അവസാനിപ്പിച്ച് ഭഗത് സിങ് പുതുജീവൻ നേടി....കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽ.

ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായുള്ള പഞ്ചാബ് മേഖലയിലെ ബാംഗ ഗ്രാമത്തിലാണു ഭഗത് സിങ് ജനിച്ചത്. 1907 സെപ്റ്റംബർ 27ന്. രാഷ്ട്രീയപ്രവർത്തന ചരിത്രമുള്ള ഒരു സിഖ് കുടുംബത്തിലായിരുന്നു ജനനം... കിഷൻ സിങ്ങിന്റെയും വിദ്യാവതിയുടെയും രണ്ടാമത്തെ പുത്രനായി. ഭഗത് സിങ് ജനിച്ചപ്പോൾ പിതാവ് സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനു തുറുങ്കിലായിരുന്നു.1926 ൽ തന്റെ 19ാം വയസ്സിൽ ഭഗത് സിങ് നൗജീവൻ ഭാരത് സഭ എന്ന സംഘടന രൂപീകരിച്ചിരുന്നു.

English Summary:

Bhagat Singh: The Revolutionary Who Sparked India's Fight for Freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com