സ്വാതന്ത്ര്യത്തിനായി സിവിൽ സർവീസ് ഉപേക്ഷിച്ച മഹാനായ നേതാവ്: സമാനതകളില്ലാത്ത സാഹസികൻ
Mail This Article
ഇന്ത്യയുടെ വീരപുത്രൻ, സമാനതകളില്ലാത്ത നേതാവ്... ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായങ്ങളിലൊന്നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം. 1897ൽ ഇന്നത്തെ ഒഡീഷയിലെ കട്ടക്കിൽ ഒരു ബംഗാളി കുടുംബത്തിലാണ് നേതാജി ജനിച്ചത്.കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ വിദ്യാഭ്യാസം നേടിയ ബോസിനെ 1916ൽ ദേശീയസമര പ്രവർത്തനങ്ങൾക്ക് പുറത്താക്കി. മാതാപിതാക്കൾ അദ്ദേഹത്തെ കേംബ്രിജ് സർവകലാശാലയിലേക്ക് അയച്ചു. 1920ൽ അദ്ദേഹം സ്വപ്നതുല്യമായ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വിജയിച്ചു. എന്നാൽ തൊട്ടടുത്ത വർഷം ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി അദ്ദേഹം സിവിൽ സർവീസ് വലിച്ചെറിഞ്ഞ് ഇന്ത്യയിലെത്തി.
നിസ്സഹകരണ പ്രസ്ഥാനത്തിൽ അണിചേർന്ന ബോസ് അധ്യാപകൻ, മാധ്യമപ്രവർത്തകൻ, കൽക്കട്ട നഗരസഭയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു. എന്നാൽ പിന്നീട് ബോസിനെ ബ്രിട്ടിഷ് ഭരണകൂടം ബർമയിലേക്ക് നാടുകടത്തി. സമാനതകളില്ലാത്ത സാഹസികതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1941ൽ വീട്ടുതടങ്കലിലായിരുന്നു ബോസ് അതിവിദഗ്ധമായി രക്ഷപ്പെട്ട് കാബൂൾ വഴി മോസ്കോയിലും പിന്നീട് ജർമനിയിലുമെത്തി.
1943ൽ ജപ്പാനിലെ ടോക്കിയോയിലെത്തിയ അദ്ദേഹം തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ത്യൻ നാഷനൽ ആർമി അഥവാ ഐഎൻഎ എന്ന സൈന്യത്തെ പടുത്തുയർത്തി.1945 ഓഗസ്റ്റ് 18നു അദ്ദേഹം വിമാനാപകടത്തിൽപെടുകയും തായ്‌വനിലെ തായ്പേയി നഗരത്തിലെ സൈനിക ആശുപത്രിയിൽ അദ്ദേഹം അന്തരിക്കുകയും ചെയ്തെന്നു ചരിത്രം പറയുന്നു.ജപ്പാനിലെ ടോക്കിയോയിലുള്ള റിങ്കോജി ബുദ്ധ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നു.
എന്നാൽ ഒരു വിഭാഗം ആളുകൾ നേതാജിയുടെ മരണത്തെ അംഗീകരിക്കാൻ തയാറായിരുന്നില്ല. ബ്രിട്ടിഷുകാരിൽ നിന്നു വിദഗ്ധമായി രക്ഷപ്പെട്ട് അദ്ദേഹം ജീവിച്ചെന്ന് അവർ വിശ്വസിച്ചു. നേതാജിയുടെ പിൽക്കാല ജീവിതത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളും കഥകളുമിറങ്ങി. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായിരുന്നു ഗുംനാമി ബാബയുടെ കഥ. എഴുപതുകളിൽ യുപിയിൽ പ്രത്യക്ഷപ്പെട്ട ഒരു സന്യാസിയായിരുന്നു ഗുംനാമി ബാബ. സംസ്ഥാനത്തെ നൈമിഷാരണ്യം, ബസ്തി, അയോധ്യ, ഫൈസാബാദ് തുടങ്ങിയിടങ്ങളിൽ അദ്ദേഹം ജീവിച്ചു. തന്റെ വ്യക്തിത്വത്തെക്കുറിച്ച് അപാരമായ സ്വകാര്യത പുലർത്തിയിരുന്ന ഗുംനാമി ബാബ ഇടയ്ക്കിടെ തന്റെ താമസസ്ഥലം മാറ്റിക്കൊണ്ടിരുന്നു.
1985 സെപ്റ്റംബർ 16ന് താൻ രണ്ടുവർഷമായി താമസിച്ച ഫൈസാബാദിലെ രാംഭവൻ എന്ന ഗൃഹത്തിൽവച്ച് ഗുംനാമി ബാബ സമാധിയായി. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ശിഷ്യരിൽ പലരും അറിഞ്ഞതു പോലും ഒരു മാസത്തിനു ശേഷമായിരുന്നു.ഗുംനാമി ബാബ സുഭാഷ് ചന്ദ്രബോസാണെന്ന് പലരും വിശ്വസിച്ചിരുന്നു. 2020ൽ യുപി സർക്കാർ നിയോഗിച്ച കമ്മിഷൻ ഗുംനാമി ബാബ, സുഭാഷ് ചന്ദ്രബോസല്ലെന്നു വെളിപ്പെടുത്തി. മറ്റൊരു കമ്മിഷനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. നേതാജിയുടെ പിന്തുടർച്ചക്കാരായ കുടുംബാംഗങ്ങളിൽ പലരും ഇതേ അഭിപ്രായം പുലർത്തിയിരുന്നു.