ADVERTISEMENT

ഭക്ഷണം നമ്മുടെ നിലനിൽപിന്റെ ഭാഗമാണ്. ഈ ലോകത്ത് പട്ടിണി അനുഭവിക്കുന്ന ധാരാളം പേരുണ്ട്. ഇവരെയെല്ലാം സഹായിക്കാനും മറ്റുമുള്ള അവബോധം സൃഷ്ടിക്കുക എന്നത് ഭക്ഷ്യദിനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ലോകത്തെ ഭക്ഷണശീലങ്ങൾ കാലം പോകുന്തോറും മാറിക്കൊണ്ടേയിരിക്കും. അരനൂറ്റാണ്ടു മുൻപുള്ള ഭക്ഷണശീലങ്ങളിൽ നിന്ന് വളരെയേറെ മാറ്റമുണ്ടാകും ഇന്ന്. ഇതുവരെയില്ലാത്ത പല ഭക്ഷണശ്രോതസ്സുകളും മനുഷ്യൻ തേടുന്നുമുണ്ട്.

ഇത്തരത്തിൽ ലോകത്ത് ഇന്നു വളരെയേറെ ശ്രദ്ധ നേടുന്ന ഒന്നാണ് പ്രാണികളെ ഭക്ഷണമാക്കുന്ന രീതി. മാസങ്ങൾക്കുമുൻപ് മീൽവേമുൾപ്പെടെ 16 ഇനം പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കാൻ സിംഗപ്പൂരിൽ അനുമതി നൽകിയിരുന്നു. വെട്ടുക്കിളികൾ, പട്ടുനൂൽപ്പുഴുക്കൾ, പച്ചക്കുതിരകൾ എന്നിവയെയും ഭക്ഷണമായി ഉപയോഗിക്കാൻ അനുമതിയുണ്ട്.  ഭക്ഷ്യയോഗ്യമായ പുഴുക്കളായ മീൽവേമുകളിൽ നിന്നുള്ള പ്രോട്ടീനുകളും മറ്റും നായഭക്ഷണത്തിൽ ഉപയോഗിക്കാൻ ഈ വർഷം ജനുവരിയിൽ യുഎസ് അനുമതി കൊടുത്തിരുന്നു. ഇതാദ്യമായായിരുന്നു മൃഗങ്ങൾക്കുള്ള തീറ്റയിൽ മീൽവേമിനെ ഉപയോഗിക്കാൻ യുഎസിൽ അനുമതി. രണ്ടുവർഷത്തോളം നീണ്ട വിലയിരുത്തലിനും ആറുമാസം നീണ്ട ട്രയലുകൾക്കമൊടുവിലാണ് അനുമതി നൽകപ്പെട്ടത്.

edible-insects-future-of-food1
Photo Credits: Charoen Krung Photography/ Shutterstock.com

പ്രാണികളെ ആഹാരമാക്കുന്ന രീതി അടുത്തിടെയായി രാജ്യാന്തരതലത്തിൽ പ്രചാരത്തിലായി വരുന്നുണ്ട്. ചൈനയിലും മറ്റു തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളിലുമൊക്കെ ഈ രീതി പണ്ടേ ഉള്ളതാണ്. പുഴുക്കളെ മാത്രമല്ല, പാറ്റയെയും പഴുതാരയെയും വരെ അകത്താക്കുന്നത് ഇവിടങ്ങളിൽ കാണാം. പ്രാണികളിൽ ഭക്ഷ്യയോഗ്യമായവയെ 'എഡിബിൾ ഇൻസെക്റ്റ്‌സ്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ന്യൂസീലൻഡിലും ഓസ്‌ട്രേലിയയിലുമൊക്കെ ആളുകൾ പാചകത്തിനുപയോഗിക്കാനും തുടങ്ങി.

'ടെനെബ്രയോ മോലിറ്റോർ' എന്നു ശാസ്ത്രീയ നാമമുള്ള വിട്ടിലുകളുടെ ലാർവയാണ് മീൽവേം. ഇവയെ ഇന്ന് യൂറോപ്പിലെ ഫാമുകളിൽ വളർത്തുന്നുണ്ട്. മീൽവേമിനെ മൃഗഭക്ഷണമായി ഉപയോഗിക്കുന്ന വ്യവസായം ഇന്നു യൂറോപ്പിൽ നല്ല വേരോട്ടമുള്ള സംരംഭമാണ്. ഒറ്റത്തവണ വിട്ടിലുകൾ അഞ്ഞൂറോളം മുട്ടകൾ ഇടുമെന്നാണു കണക്ക്. ഇവ വിരിഞ്ഞിറങ്ങുന്ന പുഴുക്കളെ വലുപ്പമെത്തിയശേഷം അഞ്ചു മിനിറ്റോളം തിളച്ച വെള്ളത്തിൽ മുക്കിവച്ച് കൊല്ലും. പിന്നീട് ജലാംശം എല്ലാം കളഞ്ഞ് ഉണക്കി പായ്ക്ക് ചെയ്യും.

സാധാരണ പുഴുക്കളിൽ നിന്നു വ്യത്യസ്തനായ മീൽവേമിന് നട്ടെല്ലുണ്ട്, ആറു കാലുകളും. ചരിത്രാതീത കാലത്ത് തന്നെ മനുഷ്യർക്ക് ഈ പുഴുക്കളെപ്പറ്റി അറിയാം. തുർക്കിയിൽ സ്ഥിതി ചെയ്ത, ഹോമറിന്റെ ഇലിയഡിലൂടെ പ്രസിദ്ധമായ ട്രോയ് എന്ന ചരിത്രനഗരിയിൽ നിന്നു പോലും ഇവയെപ്പറ്റിയുള്ള പരാമർശങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ആഫ്രിക്കയിലാണ് ഇവ ഉദ്ഭവിച്ചതെന്ന് പറയപ്പെടുന്നു.അവിടെ വിളകളെയൊക്കെ നശിപ്പിക്കുന്ന കൃഷിക്കാരുടെ പേടിസ്വപ്നമായിരുന്നു. ആഫ്രിക്കയിൽ നിന്നു ധാന്യങ്ങൾ കടത്തിപ്പോയ കപ്പലുകളിൽ കയറിപ്പറ്റിയാണ് ഇവ യൂറോപ്പിലും അമേരിക്കൻ വൻകരകളിലുമൊക്കെ എത്തിയത്. പിന്നീട് അവിടങ്ങളിലെ ജൈവവ്യവസ്ഥയുമായി ഇഴുകിച്ചേർന്നു. രണ്ടര മുതൽ മൂന്നു സെന്റിമീറ്റർ വരെ നീളത്തിൽ വളരുന്ന ഇവ പാമ്പുകൾ പടം പൊഴിക്കുന്ന പോലെ തങ്ങളുടെ പുറംഘടന പലതവണ പൊഴിക്കാറുണ്ട്. ഏതായാലും ഭാവിയിലെ മനുഷ്യരുടെ തീൻമേശകളിൽ പ്രാണികളായിരിക്കുമോ പ്രധാനഭക്ഷണം.. കണ്ടറിയാം.

English Summary:

Crickets for Dinner? Why Insects Could Be the Future of Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com