ലോകത്തിലെ ഏറ്റവും ബോറൻ ദിവസം: സംഭവങ്ങളൊന്നുമില്ലാത്ത ഏപ്രിൽ 11
Mail This Article
ഓരോ ദിവസവും നമ്മൾ വാർത്തകൾ കാണാറുണ്ട്. എന്തെല്ലാം സംഭവങ്ങളാണല്ലേ ലോകത്തു നടക്കുന്നത്. എന്നാൽ അധികം സംഭവങ്ങളൊന്നും സംഭവിക്കാത്ത ദിവസങ്ങൾ ലോകത്തുണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ട്. അത്തരമൊരു ദിവസമാണ് 1954 ഏപ്രിൽ 11. വിദഗ്ധരുടെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും ബോറൻ ദിവസം. ഒരു കംപ്യൂട്ടർ പ്രോഗ്രാമർ നടത്തിയ ഗവേഷണങ്ങളിലാണ് ഈ ദിവസം വളരെ ബോറായിരുന്നെന്നു കണ്ടെത്തിയത്. 2010ൽ വില്യം ടൺസ്റ്റാൾ–പെഡോ എന്ന കംപ്യൂട്ടർ പ്രോഗ്രാമറാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും ബോറൻ ദിവസത്തിനായി തിരച്ചിൽ തുടങ്ങിയത്.
ഇതിനായി ട്രൂ നോളജ് എന്ന സേർച് എൻജിൻ ഇദ്ദേഹം വികസിപ്പിച്ചു. ലോകത്തെക്കുറിച്ചുള്ള ചരിത്രവും അനേകം വിവരങ്ങളും അടങ്ങിയതായിരുന്നു ഈ എൻജിൻ. അതുപയോഗിച്ച് അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ഓരോ ദിവസത്തിലും തിരച്ചിൽ നടത്തി. ആ നടത്തിയ തിരച്ചിലുകളിൽ ലോകത്ത് അനവധി സംഭവങ്ങളൊന്നും നടക്കാത്തതായി കണ്ടെത്തിയ ദിവസം 1954 ഏപ്രിൽ 11 ആണ്. സ്റ്റോക് മാർക്കറ്റ്, കായികരംഗം, ബഹിരാകാശം, രാഷ്ട്രീയം തുടങ്ങിയ പല രംഗങ്ങളിൽ നിന്നും അന്നേദിനത്തിൽ പറയത്തക്ക പ്രധാന സംഭവങ്ങളൊന്നും ഉണ്ടായില്ല.
ടൺസ്റ്റാളിന്റെ ഗവേഷണത്തെത്തുടർന്ന് പലയാളുകളും 1954 ഏപ്രിൽ 11 ദിവസത്തെപ്പറ്റി തിരച്ചിൽ നടത്തി. സംഭവം സത്യമാണെന്നു പലർക്കും ബോധ്യപ്പെട്ടു. എന്നാൽ ചിലയാളുകൾ മറ്റൊരു ദിവസത്തെയും ഇങ്ങനെ കാര്യമായി സംഭവങ്ങളൊന്നുമില്ലാത്ത ദിവസമായി പരിഗണിക്കാറുണ്ട്. 1930 ഏപ്രിൽ 18 ആണ് ആ ദിനം. അന്നേദിനത്തിൽ ഇംഗ്ലണ്ടിലെ റേഡിയോകളിൽ ഒരു അനൗൺസ്മെന്റ് വന്നു. ഇന്ന് പറയത്തക്ക വാർത്തകളൊന്നുമില്ല എന്നായിരുന്നു അത്. അതിനു ശേഷം 15 മിനിറ്റ് പിയാനോ സംഗീതം ആലപിച്ചു.