എല്ലാ രുചിയുമറിയും ഭക്ഷണം കേടാണോയെന്ന് പരിശോധിക്കും! ഇതാ ഇലക്ട്രോണിക് നാവ്
Mail This Article
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തോടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് നാവ് ശാസ്ത്രജ്ഞർ കണ്ടെത്തി. ഭക്ഷണത്തിന്റെ നിലവാരം, സുരക്ഷിതത്വം എന്നിവ കണ്ടെത്താൻ ഇതിനു കഴിവുണ്ട്. പലതരം കാപ്പികളുടെ നിലവാരം കണ്ടെത്താനും പാനീയങ്ങൾ എപ്പോഴാണ് നശിക്കുന്നതെന്നു കണ്ടെത്താനുമൊക്കെ ഈ ഇലക്ട്രോണിക് നാക്കിന് കഴിയും. നേച്ചർ ശാസ്ത്രമാസികയിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയിലാണ് ഇതു പ്രവർത്തിക്കുന്നത്. രാസ അയോണുകളെ കണ്ടെത്താൻ ഇതിനു സാധിക്കും. ഒരു ദ്രാവകത്തിലെ അയോണുകളുടെ വിവരങ്ങൾ സെൻസർ ശേഖരിക്കും. ശേഷം ഒരു കംപ്യൂട്ടറിനു പ്രോസസ് ചെയ്യാവുന്ന രീതിയിലുള്ള ഇലക്ട്രിക് സിഗ്നലാക്കി ഇതിനെ മാറ്റും. എഐ സാങ്കേതിക വിദ്യ ഈ പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പെൻസിൽവേനിയ സർവകലാശാലയിലെ സപ്തർഷി ദാസിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് ഈ ഗവേഷണത്തിനു നേതൃത്വം നൽകിയത്. അസിഡിറ്റി കണ്ടെത്താനുള്ള ഒരു പരീക്ഷണത്തിൽ 91 ശതമാനമാണ് ഈ ഇലക്ട്രോണിക് നാവ് വിജയിച്ചത്. പിന്നീട് ഇത് 95 ശതമാനമായി ഉയർന്നു. ഇലക്ട്രോണിക് നാവിന് പഠനത്തിനുള്ള ശേഷിയുണ്ടെന്നു വെളിവാക്കുന്നതായിരുന്നു ഈ പരീക്ഷണം.