അന്യഗ്രഹജീവികളെ കണ്ടെത്തി! പ്രഖ്യാപനം ഉടനെന്ന് നാസ ഡോക്യുമെന്ററി സംവിധായകൻ
![ufo-alien Image Credit: chainatp/IstockPhotos](https://img-mm.manoramaonline.com/content/dam/mm/mo/technology/science/images/2024/1/13/ufo-alien.jpg?w=1120&h=583)
Mail This Article
പ്രപഞ്ചത്തിൽ മനുഷ്യനെപ്പോലെ ബുദ്ധിയുള്ള അന്യഗ്രഹജീവികളെ ഭൂമിയിലുള്ള ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് കണ്ടെത്തിയെന്ന് നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചലച്ചിത്രകാരൻ സൈമൺ ഹോളണ്ട് വെളിപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ ഇതിനുള്ള പ്രഖ്യാപനവും സ്ഥിരീകരണവും തെളിവുകളും പുറത്തെത്തുമെന്നും ഹോളണ്ട് പറഞ്ഞു.
നാസയുടെ പല വിഡിയോ പ്രോജക്ടുകളിൽ പ്രവർത്തിച്ചയാളാണ് സൈമൺ ഹോളണ്ട്. ഓക്‌സ്ഫഡ് സർവകലാശാല ഫണ്ട് ചെയ്ത ഒരു പദ്ധതിയിലാണ് ഇതു സംബന്ധിച്ച തെളിവുകൾ കണ്ടെത്തിയതെന്ന് സൈമൺ പറഞ്ഞു. അന്യഗ്രഹജീവികൾക്കായുള്ള തിരച്ചിലായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ തന്നെ താരാപഥമായ ക്ഷീരപഥത്തിൽ നിന്നുദ്ഭവിച്ച ഒരു റേഡിയോ സിഗ്നലാണ് ഇതിനുള്ള പ്രധാന തെളിവെന്നാണ് സൈമൺ പറയുന്നത്. 5 മണിക്കൂർ ദൈർഘ്യമുള്ള ഈ സിഗ്നൽ പ്രോക്‌സിമ സെഞ്ചുറി നക്ഷത്രത്തിനു ചുറ്റുമുള്ള മേഖലയിൽ നിന്നാണത്രേ ഉദ്ഭവിച്ചത്. ഭൂമിയിൽ നിന്ന് 4.2 പ്രകാശവർഷം അകലെയുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെഞ്ചുറി. സിഗ്നലിന്റെ കൃത്യമായ ശ്രോതസ്സ് മനസ്സിലാക്കാനായിട്ടില്ല.
5 വർഷം മുൻപ് ഏപ്രിലിലാണ് ഈ സിഗ്നൽ കണ്ടെത്തിയതെന്ന് സൈമൺ പറയുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ ഒന്നും ഉറപ്പിച്ചു പറയാൻ ശാസ്ത്രജ്ഞർക്കാകുന്നില്ലെന്നും സൈമൺ പറയുന്നു. ഭൂമിക്കു പുറത്തുള്ള അന്യഗ്രഹജീവി സമൂഹങ്ങളെ തേടുന്ന ബ്രേക്ക്ത്രൂ ലിസൻ പദ്ധതിയുടെ ടെലിസ്‌കോപ്പുകളിലാണ് സിഗ്നൽ ലഭിച്ചതെന്നും സൈമൺ പറയുന്നു.