‘ചാറ്റും കൊക്കരയും’; കേരളവുമായി ബന്ധപ്പെട്ട ചില ചരിത്ര കൗതുകങ്ങൾ
Mail This Article
കേരളവുമായി ബന്ധപ്പെട്ട് അധികം അറിയപ്പെടാത്ത ചില ചരിത്രകൗതുകങ്ങൾ നോക്കാം.
∙ സാസ, നാഴി, ഐറ്റി
കുത്തിക്കോരി, ഒറ്റക്കയ്യൻ, ചൊട്ട്, കാളക്കൊമ്പ്, മുക്കാപ്പുറം, പറമണി, പിഞ്ചം, ആനപ്പുറം, കോഴിക്കാൽ, ഹോമക്കുറ്റി, സാസ, നാഴി, ഐറ്റി... ഈ പേരുകളൊക്കെ ഒരു കാലത്തു കേരളത്തിലെ കായികരംഗത്തു പരിചിതമായ പേരുകളായിരുന്നു. ഏതു കളിയുമായി ബന്ധപ്പെട്ട പദങ്ങളാണ് ഇതെന്ന് അറിയാമോ? ക്രിക്കറ്റും ഫുട്‍ബോളും ഹോക്കിയും ടെന്നിസുമൊക്കെ മലയാളികൾ കേൾക്കുന്നതിനു മുൻപ് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കുട്ടിയും കോലും എന്ന കളിയിലെ പദങ്ങളാണിവ.
∙ പിതുരപ്പം
നൂറ്റാണ്ടുകൾ മുൻപേ പ്രചാരത്തിലുണ്ടായിരുന്ന വട്ടയപ്പം ഇന്നും പല സ്ഥലങ്ങളിലെയും ബേക്കറികളിലും ഹോട്ടലുകളിലുമൊക്കെ കാണാം. എന്നാൽ ഗോതമ്പും ശർക്കരയും ചേർത്ത് പോർച്ചുഗീസുകാർ ഉണ്ടാക്കിയിരുന്ന മറ്റൊരു പലഹാരമായിരുന്നു കറുത്ത അപ്പം എന്നും വിളിക്കപ്പെടുന്ന പിതുരപ്പം.
∙ ചാറ്റും കൊക്കരയും
ഇന്ന് ഒരു ന്യൂജെൻ വാക്കാണല്ലോ ചാറ്റ്. നമ്മുടെ കേരളത്തിൽ ചില ഗോത്രവിഭാഗക്കാരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാനമാണു ചാറ്റ്. ശുദ്ധിയാക്കൽ, ശുദ്ധികർമം ചെയ്യൽ എന്നൊക്കെയാണ് അർഥം. ചാറ്റ് പാട്ടിൽ ഉപയോഗിക്കുന്ന ഒരു ലോഹനിർമിതമായ വാദ്യോപകരണമാണ് കൊക്കര. അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന ഇരുമ്പുദണ്ഡുമാണ് അതിന്റെ ഭാഗങ്ങൾ.
∙ വൈദ്യുതി പ്രക്ഷോഭം
ദിവാൻ ഷൺമുഖം ചെട്ടി തൃശൂരിലെ വൈദ്യുതി വിതരണം മദ്രാസിലെ സ്വകാര്യ കമ്പനിക്കു നൽകിയതിൽ പ്രതിഷേധിച്ച് ഇക്കണ്ടവാരിയർ, എ.ആർ.മേനോൻ, സി.ആർ.ഇയ്യുണ്ണി എന്നിവർ നയിച്ച പ്രക്ഷോഭമാണ് വൈദ്യുതി പ്രക്ഷോഭം അഥവാ ഇലക്ട്രിസിറ്റി സമരം. തിരുവിതാംകൂറിലെയും കൊച്ചിയിലെയും തിരുകൊച്ചിയുടെ പ്രാരംഭ കാലത്തെയും മുഖ്യമന്ത്രിമാർ ‘പ്രധാനമന്ത്രി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കണ്ടവാരിയരായിരുന്നു കൊച്ചിയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രി.
∙ റാണി മാർക്ക്
ജയിലിൽ ജോലി ചെയ്‌ത് കിട്ടുന്ന കൂലി തിരിച്ചുകൊടുത്താൽ ശിക്ഷയിൽ ഇളവ് കിട്ടുന്ന ഒരു നിയമം 1940കളിൽ എലിസബത്ത് രാജ്ഞി നടപ്പിലാക്കിയിരുന്നു. 1950കളിൽ കേരള സർക്കാരും ഇത് ജയിൽ നിയമങ്ങളിൽ ഉൾപ്പെടുത്തി. ഒരു ദിവസത്തെ വേതനം തിരിച്ചുകൊടുത്താൽ 5 ദിവസത്തെ ശിക്ഷയിളവു ലഭിക്കുന്ന ആ നിയമം 2015ലാണ് നിർത്തലാക്കിയത്. ഇത് അറിയപ്പെട്ടത് റാണി മാർക്ക് എന്ന പേരിലാണ്.
∙ 1874ലെ ലോട്ടറി
കേരളത്തിലെ ആദ്യത്തെ ലോട്ടറി നറുക്കെടുപ്പ് നടന്നിട്ട് 150 വർഷങ്ങളായി. അന്നു ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപുരം പണിയാൻ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടത്തിയത്. വൈക്കത്തു പാച്ചു മൂത്തത് ആണ് ആ ശുപാർശ സമർപ്പിച്ചത്. ഒരു രൂപ വിലയുണ്ടായിരുന്ന ആ ടിക്കറ്റുകൾ വിൽക്കാൻ അനുവാദം നൽകിയത് അന്നത്തെ രാജാവായിരുന്ന ആയില്യം തിരുനാൾ ആയിരുന്നു.
∙ സെക്വിൻ, ഈഴക്കാശ്
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാണയമായിരുന്നു ഈഴക്കാശ്. പേരു സൂചിപ്പിക്കുന്നതു പോലെ ഈഴം ദേശത്തെ അഥവാ ഇന്നത്തെ ശ്രീലങ്കയിലെ നാണയമായിരുന്നു അത്. ഏറ്റവും പഴയ നാണയമെന്നു പറയപ്പെടുന്ന ഒന്നാണ് രാശി. തിരുവിതാംകൂറിലെ ഏറ്റവും പഴയ നാണയം കലി യുഗരായൻ പണം ആണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. അനന്തരായൻ, അനന്തവരാഹൻ, ചക്രം, വരാഹൻ, കലിയമേനി പുത്തൻ, വീരരായൻ ആനയച്ച്, തുട്ട്, കൂടാതെ റോമൻ നാണയങ്ങളും, ചാന്നാർകാശ് എന്നറിയപ്പെട്ടിരുന്ന സെക്വിൻ എന്ന വെനീഷ്യൻ നാണയവും ഇവിടെ പ്രചരിച്ചിരുന്നു. ഹൈദരിവരാഹൻ, സുൽത്താൽ പണം, സുൽത്താൻകാശ് എന്നിവ ടിപ്പു സുൽത്താൻ പ്രചരിപ്പിച്ച നാണയങ്ങളാണ്.